അഹമ്മദാബാദിലെ ഒരു ദരിദ്ര കുടുംബത്തിലാണ് സവിതബെൻ ജനിച്ചത്. ഒരു നേരം ഉണ്ണാൻ വകയില്ലാത്ത സാഹചര്യം. അക്ഷരങ്ങൾ പഠിക്കാൻ ഭാഗ്യം ലഭിക്കാത്ത അവർക്ക് ജോലിയൊന്നും കിട്ടിയതുമില്ല. കുടുംബം പട്ടിണിയിലായപ്പോൾ, അവർ ഒരു തീരുമാനമെടുത്തു. അഹമ്മദാബാദിലെ വലിയ തുണി മില്ലുകൾ കത്തിച്ചു കളയുന്ന പകുതി വെന്ത കൽക്കരി ശേഖരിക്കുക.പൊള്ളുന്ന ചൂടിലും മില്ലുകളുടെ ചാരക്കൂമ്പാരങ്ങൾക്കിടയിൽ അവർ തപ്പി നടന്നു. അവിടെ നിന്ന് ബാക്കിവന്ന കൽക്കരി കഷ്ണങ്ങൾ ചാക്കിലാക്കി കിലോമീറ്ററുകളോളം ചുമന്നുകൊണ്ട് നടന്നു. അത് തെരുവുകളിൽ ചെറിയ ലാഭത്തിന് വിറ്റു. ആ ചാരത്തിനിടയിൽ നിന്ന് കിട്ടുന്ന ഓരോ പൈസയും തന്റെ മക്കളുടെ പട്ടിണി മാറ്റാനുള്ളതാണെന്ന ബോധ്യം അവർക്ക് കരുത്ത് നൽകി. ഇതോടെ നാട്ടുകാർക്കിടയിൽ അവർ ‘കൊയ്‌ലാവാലി’ (കൽക്കരി വിൽക്കുന്നവൾ) എന്നറിയപ്പെടാൻ തുടങ്ങി.
ഒരു ദളിത് സ്ത്രീ കൽക്കരി വിൽക്കാൻ തുടങ്ങിയപ്പോൾ പലരും അവരെ കളിയാക്കി. കച്ചവടക്കാർ അവരെ വിശ്വസിക്കാൻ തയ്യാറായില്ല. എന്നാൽ സവിതബെൻ തോറ്റുകൊടുത്തില്ല. കൽക്കരി ചുമന്നു നടന്ന കാലം കഴിഞ്ഞ് അവർ ഒരു ചെറിയ കൽക്കരി ഡിപ്പോ സ്വന്തമാക്കി.
പതിയെ വലിയ കമ്പനികൾക്ക് കൽക്കരി എത്തിച്ചു നൽകുന്ന കരാർ അവർക്ക് ലഭിച്ചു. ഒരു സെറാമിക് ഫാക്ടറിയിൽ കൽക്കരി എത്തിക്കാൻ പോയപ്പോഴാണ് അവർക്ക് ഒരു പുതിയ ചിന്ത തോന്നിയത്. എന്തുകൊണ്ട് എനിക്ക് സ്വന്തമായി സെറാമിക് ടൈലുകൾ നിർമ്മിച്ചു കൂടാ?
കൽക്കരി വിറ്റുണ്ടാക്കിയ സമ്പാദ്യവുമായി അവർ 1989-ൽ ‘പ്രീമിയർ സെറാമിക്സ്’ എന്ന പേരിൽ ഒരു ചെറിയ സ്ഥാപനം തുടങ്ങി. പിന്നീട് 1991-ൽ ‘സ്റ്റെർലിംഗ് സെറാമിക്സ് ലിമിറ്റഡ്’ സ്ഥാപിച്ചു. ലോകോത്തര നിലവാരമുള്ള ടൈലുകൾ അവർ നിർമ്മിക്കാൻ തുടങ്ങി. കൽക്കരി കൊണ്ട് കറുത്ത കൈകൾ കൊണ്ട് അവർ മനോഹരമായ വെളുത്ത ടൈലുകൾ നിർമ്മിച്ചു വിപണി പിടിച്ചടക്കി.
ഇന്ന് അവരുടെ ബിസിനസ്സ് വെറും ഒരു ചെറിയ യൂണിറ്റല്ല. ഏകദേശം 50 കോടി രൂപയ്ക്ക് മുകളിൽ വാർഷിക വിറ്റുവരവുള്ള വലിയൊരു സ്ഥാപനമായി അത് വളർന്നു കഴിഞ്ഞു. താൻ പഴയ കൽക്കരി പെറുക്കി നടന്ന തെരുവുകളിൽ ഇന്ന് സവിതബെൻ സഞ്ചരിക്കുന്നത് മെഴ്‌സിഡസ് ബെൻസിലും ബിഎംഡബ്ല്യു പോലെയുള്ള ആഡംബര കാറുകളിലാണ്. അഹമ്മദാബാദിലെ ഏറ്റവും വലിയ ബംഗ്ലാവുകളിലൊന്നിൽ കഴിയുന്ന സവിതബെൻ പർവാർ ഇന്ന് ആയിരക്കണക്കിന് ആളുകൾക്ക് തൊഴിൽ നൽകുന്ന ഒരു വ്യവസായിയാണ്. അക്ഷരാഭ്യാസം ഇല്ലെങ്കിലും ബിസിനസ്സിൽ പരാജയപ്പെടില്ലെന്ന് അവർ തെളിയിച്ചു.
ചാരത്തിൽ നിന്ന് എരിയുന്ന കനൽ പെറുക്കി തുടങ്ങിയ ആ യാത്ര ഇന്ന് ഇന്ത്യയിലെ വലിയൊരു ബ്യൂട്ടി ആൻഡ് ലൈഫ് സ്റ്റൈൽ സാമ്രാജ്യത്തിന്റെ തിളക്കത്തിൽ എത്തിനിൽക്കുന്നു.











Discussion about this post