ബംഗ്ലാദേശിൽ ഹിന്ദു ന്യൂനപക്ഷങ്ങൾക്ക് നേരെ നടക്കുന്ന അതിക്രമങ്ങൾ ലോകത്തെ ഞെട്ടിക്കുകയാണ്. ഫാക്ടറി തൊഴിലാളിയായ ദിപു ചന്ദ്ര ദാസ് (30) എന്ന ഹിന്ദു യുവാവിനെ ഇസ്ലാമിക മതമൗലികവാദികൾ ആൾക്കൂട്ട വിചാരണ നടത്തി പച്ചയ്ക്ക് ചുട്ടുകൊന്ന സംഭവം ദക്ഷിണേഷ്യയിലുടനീളം വൻ പ്രതിഷേധത്തിന് കാരണമായിരിക്കുകയാണ്. സംഭവത്തിൽ ഇന്ത്യയിലെ പ്രമുഖ സിനിമാ താരങ്ങളും സാംസ്കാരിക പ്രവർത്തകരും കടുത്ത പ്രതിഷേധവുമായി രംഗത്തെത്തി.
ബംഗ്ലാദേശിലെ ഹിന്ദു വേട്ടയ്ക്കെതിരെ ആഗോളതലത്തിൽ ഉയരുന്ന മൗനത്തെ നടി ജാൻവി കപൂർ രൂക്ഷമായി വിമർശിച്ചു. “ലോകത്തിന്റെ മറ്റേതെങ്കിലും കോണിൽ എന്തെങ്കിലും നടക്കുമ്പോൾ കണ്ണീരൊഴുക്കുന്നവർ സ്വന്തം സഹോദരങ്ങൾ അയൽരാജ്യത്ത് ചുട്ടുകൊല്ലപ്പെടുമ്പോൾ മിണ്ടുന്നില്ല” എന്ന് അവർ ഇൻസ്റ്റാഗ്രാമിൽ കുറിച്ചു. ഇതൊരു ഒറ്റപ്പെട്ട സംഭവമല്ലെന്നും ഹിന്ദുക്കൾക്കെതിരെയുള്ള കൂട്ടക്കൊലയാണെന്നും അവർ അടിവരയിട്ടു.
ദക്ഷിണേന്ത്യൻ താരം കാജൽ അഗർവാൾ “All Eyes on Bangladesh Hindus” (എല്ലാവരുടെയും കണ്ണുകൾ ബംഗ്ലാദേശ് ഹിന്ദുക്കളിൽ) എന്ന പോസ്റ്റർ പങ്കുവെച്ചുകൊണ്ട് ഐക്യദാർഢ്യം പ്രകടിപ്പിച്ചു. ബംഗ്ലാദേശിൽ ഇസ്ലാമിക തീവ്രവാദം വർദ്ധിച്ചുവരുന്നത് ഭാരതത്തിന്റെ സുരക്ഷയ്ക്കും വെല്ലുവിളിയാണെന്ന് ദേശീയവാദികൾ മുന്നറിയിപ്പ് നൽകുന്നു. നടി ജയപ്രദയും സംഭവത്തിനെതിരെ രംഗത്തെത്തി. ഹൈന്ദവ വിശ്വാസത്തിന് നേരെയുള്ള ഈ ആക്രമണത്തിൽ ലോകം പുലർത്തുന്ന മൗനത്തെ അവർ ചോദ്യം ചെയ്തു.
ധാക്കയിൽ നിന്ന് 100 കിലോമീറ്റർ അകലെയുള്ള മൈമെൻസിംഗിലാണ് മനുഷ്യമനസാക്ഷിയെ മരവിപ്പിക്കുന്ന ഈ ക്രൂരത നടന്നത്. ദിപു ചന്ദ്ര ദാസിനെ മർദ്ദിച്ച് വിവസ്ത്രനാക്കിയ ശേഷം മരത്തിൽ കെട്ടിയിട്ട് ജീവനോടെ തീകൊളുത്തുകയായിരുന്നു. ഈ ക്രൂരത അവിടെ കൂടിനിന്ന ജനക്കൂട്ടം ആഹ്ലാദത്തോടെ ആഘോഷിക്കുന്ന വീഡിയോ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നുണ്ട്. അള്ളാഹുവിനെ അപമാനിച്ചെന്ന് ആരോപിച്ചായിരുന്നു കൊലപാതകമെങ്കിലും, ദിപു അത്തരത്തിൽ ഒരു പരാമർശവും നടത്തിയിട്ടില്ലെന്ന് പിന്നീട് പോലീസ് തന്നെ സ്ഥിരീകരിച്ചു. തിരഞ്ഞെടുപ്പ് അടുത്തിരിക്കെ ഹിന്ദുക്കളെ ലക്ഷ്യം വെച്ച് വംശഹത്യ നടത്താനുള്ള ആസൂത്രിത നീക്കമാണ് അവിടെ നടക്കുന്നതെന്ന് ദേശീയവാദി നിരീക്ഷകർ ചൂണ്ടിക്കാട്ടുന്നു.










Discussion about this post