ബംഗ്ലാദേശ് പ്രീമിയർ ലീഗിൽ നിന്നുള്ള സങ്കടകരമായ ഒരു വാർത്തയാണ് ഇപ്പോൾ പുറത്തുവരുന്നത്. പ്രമുഖ ടീമായ ധാക്ക ക്യാപിറ്റൽസ് ടീമിന്റെ അസിസ്റ്റന്റ് കോച്ചായ സന്ദീപൻ ചക്രവർത്തി മത്സരത്തിന് തൊട്ടുമുൻപ് കുഴഞ്ഞുവീണ് അന്തരിച്ചു. ധാക്കയിലെ ഷേർ-ഇ-ബംഗ്ലാ നാഷണൽ സ്റ്റേഡിയത്തിൽ നടക്കാനിരുന്ന ധാക്ക ക്യാപിറ്റൽസ് – സിൽഹെറ്റ് സ്‌ട്രൈക്കേഴ്‌സ് മത്സരത്തിന് മുന്നോടിയായുള്ള പരിശീലനത്തിനിടെയാണ് സംഭവം.
വാം-അപ്പ് സെഷനിടെ ഗ്രൗണ്ടിൽ വെച്ച് പെട്ടെന്ന് സന്ദീപൻ കുഴഞ്ഞുവീഴുകയായിരുന്നു. ഉടൻ തന്നെ സ്റ്റേഡിയത്തിലെ മെഡിക്കൽ സംഘം പ്രാഥമിക ശുശ്രൂഷ നൽകുകയും അടുത്തുള്ള ആശുപത്രിയിലേക്ക് മാറ്റുകയും ചെയ്തു. ആശുപത്രിയിൽ എത്തിച്ചെങ്കിലും അദ്ദേഹത്തിന്റെ ജീവൻ രക്ഷിക്കാനായില്ല. ഹൃദയാഘാതമാണ് മരണകാരണമെന്നാണ് പ്രാഥമിക റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.
പ്രിയ പരിശീലകന്റെ അപ്രതീക്ഷിത വിയോഗത്തിൽ ധാക്ക ക്യാപിറ്റൽസ് ടീം മാനേജ്‌മെന്റും കളിക്കാരും വലിയ ഞെട്ടലിലാണ്. പരിശീലകന്റെ മരണം ടീമിന് നികത്താനാവാത്ത നഷ്ടമാണെന്ന് ബിപിഎൽ അധികൃതർ അറിയിച്ചു.
മരണത്തെത്തുടർന്ന് മത്സരം ആരംഭിക്കുന്നതിന് മുൻപ് താരങ്ങൾ മൗനമചാരണം നടത്തി. മത്സരത്തിൽ ധാക്ക ക്യാപിറ്റൽസ് 5 വിക്കറ്റിന്റെ ജയമാണ് സ്വന്തമാക്കിയത്. ക്രിക്കറ്റ് ലോകത്തെ പ്രമുഖർ അദ്ദേഹത്തിന് അനുശോചനം രേഖപ്പെടുത്തി.












