ലോകമെമ്പാടുമുള്ള ഐഫോൺ ഉപയോക്താക്കൾക്ക് ഗുരുതരമായ സുരക്ഷാ മുന്നറിയിപ്പുമായി ആപ്പിൾ. ഐഫോണുകളുടെ സുരക്ഷാ സംവിധാനങ്ങളെ മറികടക്കാൻ സാധ്യതയുള്ള പുതിയ സൈബർ ഭീഷണികളെക്കുറിച്ച് ആപ്പിൾ ഔദ്യോഗികമായി മുന്നറിയിപ്പ് നൽകി. സ്പൈവെയർ ആക്രമണങ്ങളും ഹാക്കിംഗ് ശ്രമങ്ങളും വർധിച്ചുവരുന്ന സാഹചര്യത്തിലാണ് ഉപയോക്താക്കൾക്ക് ജാഗ്രതാ നിർദ്ദേശം നൽകിയിരിക്കുന്നത്.
ഉപയോക്താക്കളുടെ സ്വകാര്യ വിവരങ്ങൾ, ലൊക്കേഷൻ ഡാറ്റ, ഫോട്ടോകൾ, സന്ദേശങ്ങൾ എന്നിവ ചോർത്താൻ സാധ്യതയുള്ള സങ്കീർണ്ണമായ സോഫ്റ്റ്‌വെയർ ആക്രമണങ്ങളെക്കുറിച്ചാണ് ആപ്പിൾ മുന്നറിയിപ്പ് നൽകുന്നത്. സാധാരണ ഹാക്കിംഗിൽ നിന്ന് വ്യത്യസ്തമായി, തെരഞ്ഞെടുക്കപ്പെട്ട വ്യക്തികളെ ലക്ഷ്യം വെച്ചുകൊണ്ടുള്ള ‘മെഴ്സനറി സ്പൈവെയർ’ (Mercenary Spyware) ആക്രമണങ്ങളെ കുറിച്ചാണ് കമ്പനി വ്യക്തമാക്കുന്നത്.
ഐഫോണുകളിൽ ലഭ്യമാകുന്ന ഏറ്റവും പുതിയ ഐഒഎസ് (iOS) അപ്‌ഡേറ്റുകൾ കൃത്യസമയത്ത് ഇൻസ്റ്റാൾ ചെയ്യുക. സുരക്ഷാ പിഴവുകൾ പരിഹരിക്കാനാവശ്യമായ പാച്ചുകൾ ഇത്തരം അപ്‌ഡേറ്റുകളിലൂടെയാണ് ലഭ്യമാകുന്നത്. അതീവ സുരക്ഷാ ഭീഷണി നേരിടുന്നവർ ഐഫോണിലെ ‘ലോക്ക്ഡൗൺ മോഡ്’ (Lockdown Mode) സജീവമാക്കാൻ ആപ്പിൾ നിർദ്ദേശിക്കുന്നു. ഇത് ഉപകരണത്തിന്റെ പ്രവർത്തനങ്ങളിൽ ചില നിയന്ത്രണങ്ങൾ ഏർപ്പെടുത്തി സുരക്ഷ വർധിപ്പിക്കുന്നു.
ആപ്പിൾ ഐഡിക്ക് ശക്തമായ പാസ്‌വേഡും ടു-ഫാക്ടർ ഓതന്റിക്കേഷനും നിർബന്ധമായും നൽകുക.അപരിചിത ലിങ്കുകൾ: ഇമെയിൽ വഴിയോ മെസ്സേജ് വഴിയോ ലഭിക്കുന്ന സംശയാസ്പദമായ ലിങ്കുകളിൽ ക്ലിക്ക് ചെയ്യാതിരിക്കുക.
92 രാജ്യങ്ങളിലെ ഉപയോക്താക്കളെ ലക്ഷ്യമിട്ട് സമാനമായ ആക്രമണങ്ങൾ നടക്കാൻ സാധ്യതയുണ്ടെന്ന് ആപ്പിൾ നേരത്തെയും മുന്നറിയിപ്പ് നൽകിയിരുന്നു. രാഷ്ട്രീയക്കാർ, മാധ്യമപ്രവർത്തകർ, ആക്ടിവിസ്റ്റുകൾ എന്നിവർ ഇത്തരം ആക്രമണങ്ങൾക്ക് ഇരയാകാൻ കൂടുതൽ സാധ്യതയുണ്ടെന്നാണ് കമ്പനിയുടെ വിലയിരുത്തൽ.
നിങ്ങളുടെ ഫോണിലേക്ക് ആപ്പിളിന്റെ ഔദ്യോഗിക ഐഡിയിൽ നിന്ന് സുരക്ഷാ മുന്നറിയിപ്പ് സന്ദേശം ലഭിക്കുകയാണെങ്കിൽ അത് അവഗണിക്കരുതെന്നും ഉടൻ തന്നെ നിർദ്ദേശിക്കപ്പെട്ട സുരക്ഷാ മുൻകരുതലുകൾ സ്വീകരിക്കണമെന്നും ആപ്പിൾ അറിയിച്ചു












Discussion about this post