രാജ്യത്തെ കമ്യൂണിസ്റ്റ് ഭീകര മുക്തമാക്കാനുള്ള കേന്ദ്ര സർക്കാരിന്റെ കർശന നിർദ്ദേശത്തിന് പിന്നാലെ ഛത്തീസ്ഗഡിൽ വൻ സൈനിക നടപടി. സുകമ, ബിജാപൂർ ജില്ലകളിൽ ശനിയാഴ്ച പുലർച്ചെയുണ്ടായ ശക്തമായ ഏറ്റുമുട്ടലിൽ 14 കമ്യൂണിസ്റ്റ് ഭീകരരെ സുരക്ഷാ സേന വെടിവെച്ചു കൊന്നു. കൊല്ലപ്പെട്ടവരിൽ കോണ്ട ഏരിയ കമ്മിറ്റി സെക്രട്ടറിയും കൊടുംഭീകരനുമായ മംഗ്ദുവും ഉൾപ്പെടുന്നു. വൻ ആയുധശേഖരവും സംഭവസ്ഥലത്തുനിന്ന് കണ്ടെടുത്തിട്ടുണ്ട്.
സുകമ ജില്ലയിലെ കിസ്താറാം മേഖലയിലുള്ള പാംലൂർ വനപ്രദേശത്താണ് പ്രധാന ഏറ്റുമുട്ടൽ നടന്നത്. വെള്ളിയാഴ്ച രാത്രി വൈകി ഡിസ്ട്രിക്റ്റ് റിസർവ് ഗാർഡ് (DRG) ആരംഭിച്ച തിരച്ചിലിനിടെ ഭീകരർ വെടിയുതിർക്കുകയായിരുന്നു. സേന നടത്തിയ പ്രത്യാക്രമണത്തിൽ 12 ഭീകരർ കൊല്ലപ്പെട്ടു. ഇവരിൽ നിന്ന് എകെ-47, ഇൻസാസ് റൈഫിളുകൾ ഉൾപ്പെടെയുള്ള ആധുനിക യുദ്ധോപകരണങ്ങൾ പിടിച്ചെടുത്തു. കൊല്ലപ്പെട്ട മംഗ്ദു മേഖലയിലെ പ്രധാന നക്സൽ തലവനായിരുന്നുവെന്ന് സുകമ എസ്പി കിരൺ ചവാൻ സ്ഥിരീകരിച്ചു.
ശനിയാഴ്ച പുലർച്ചെ അഞ്ച് മണിയോടെ ബിജാപൂർ ജില്ലയിലെ ദക്ഷിണ വനമേഖലയിൽ നടന്ന മറ്റൊരു ഏറ്റുമുട്ടലിൽ രണ്ട് കമ്യൂണിസ്റ്റ് ഭീകരരെ കൂടി സൈന്യം വധിച്ചു. രഹസ്യവിവരത്തെ തുടർന്ന് ഡിആർജി സംഘം നടത്തിയ നീക്കമാണ് ഭീകരർക്ക് തിരിച്ചടിയായത്. ഹംഗ മഡ്കം ഉൾപ്പെടെയുള്ള ഭീകരരാണ് ഇവിടെ കൊല്ലപ്പെട്ടത്. മേഖലയിൽ ഇപ്പോഴും തിരച്ചിൽ തുടരുകയാണ്.
2026 മാർച്ച് 31-നകം രാജ്യത്തുനിന്ന് കമ്യൂണിസ്റ്റ് ഭീകരത പൂർണ്ണമായും തുടച്ചുനീക്കുമെന്ന കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ പ്രഖ്യാപനത്തിന് പിന്നാലെ ‘ഓപ്പറേഷൻ സങ്കൽപ്പ്’ എന്ന പേരിൽ അതിശക്തമായ നടപടികളാണ് ബസ്തർ മേഖലയിൽ നടക്കുന്നത്. കഴിഞ്ഞ വർഷം മാത്രം 285 കമ്യൂണിസ്റ്റ് ഭീകരരെയാണ് ഛത്തീസ്ഗഡിൽ വധിച്ചത്. രാജ്യത്തിന്റെ വികസനത്തിന് തടസ്സം നിൽക്കുന്ന ചുവപ്പ് ഭീകരതയെ വേരോടെ പിഴുതെറിയാനുള്ള സൈന്യത്തിന്റെ ഈ നീക്കം ദേശീയ സുരക്ഷയിൽ വലിയൊരു നാഴികക്കല്ലായി വിലയിരുത്തപ്പെടുന്നു












Discussion about this post