നമ്മുടെയെല്ലാം വീട്ടിൽ പുറം ചൊറിഞ്ഞു കൊടുക്കുക എന്നത് ഒരു ഉത്തരവാദിത്തമോ സ്നേഹപ്രകടനമോ ഒക്കെയാണ്. പണമൊന്നും വാങ്ങാതെ സഹോദരനോ അമ്മയ്ക്കോ ഒക്കെ നമ്മൾ ചെയ്തു കൊടുക്കുന്ന ഈ കൊച്ചു കാര്യം ഇപ്പോൾ വിദേശ രാജ്യങ്ങളിൽ ഒരു ‘ഹൈ-പ്രൊഫൈൽ’ ജോലിയായി മാറിയിരിക്കുകയാണ്. മണിക്കൂറിന് 9,000 രൂപയിലധികം (100 ഡോളറിന് മുകളിൽ) പ്രതിഫലം ലഭിക്കുന്ന ഒരു പ്രൊഫഷണൽ തെറാപ്പിയായി ‘ബാക്ക് സ്ക്രാച്ചിംഗ്’ പരിണമിച്ചിരിക്കുന്നു
എന്താണ് ഈ ‘സ്ക്രാച്ച് തെറാപ്പി’?
നമ്മൾ സാധാരണ ചൊറിയുന്നതുപോലെയല്ല ഇത്. ‘സ്ക്രാച്ച് തെറാപ്പി’ (Scratch Therapy) അല്ലെങ്കിൽ പ്രൊഫഷണൽ ബാക്ക് സ്ക്രാച്ചിംഗ് എന്നത് ഇന്ന് ഒരു വെൽനസ് മേഖലയായി വളർന്നു കഴിഞ്ഞു. ന്യൂയോർക്ക് പോലുള്ള നഗരങ്ങളിൽ ഇതിനായി പ്രത്യേക സ്റ്റുഡിയോകളും സ്പാകളും പ്രവർത്തിക്കുന്നുണ്ട്. പേശികൾ അമർത്തി തിരുമ്മുന്ന മസാജിന് പകരം, വിരലുകൾ കൊണ്ടും നഖങ്ങൾ കൊണ്ടും വളരെ മൃദുവായി ചർമ്മത്തിലൂടെ താളാത്മകമായി സ്പർശിക്കുന്ന രീതിയാണിത്.
ഇത്രയും പണം നൽകി ആളുകൾ എന്തിന് പുറം ചൊറിയിക്കുന്നു എന്ന് ചിന്തിക്കുന്നുണ്ടോ? ഇതിന് പിന്നിൽ കൃത്യമായ ശാസ്ത്രമുണ്ടെന്ന് വിദഗ്ധർ പറയുന്നു.
എൻഡോർഫിൻ റിലീസ്: നഖങ്ങൾ കൊണ്ട് മൃദുവായി ചർമ്മത്തിൽ സ്ക്രാച്ച് ചെയ്യുമ്പോൾ ശരീരത്തിലെ സെൻസറി നെർവുകൾ ഉത്തേജിപ്പിക്കപ്പെടുകയും തലച്ചോറിൽ എൻഡോർഫിൻ, സെറോടോണിൻ തുടങ്ങിയ രാസവസ്തുക്കൾ ഉത്പാദിപ്പിക്കപ്പെടുകയും ചെയ്യുന്നു. ഇത് മാനസിക സമ്മർദ്ദം കുറയ്ക്കാനും സന്തോഷം നൽകാനും സഹായിക്കുന്നു.
രക്തയോട്ടം വർദ്ധിപ്പിക്കുന്നു: ചർമ്മത്തിലെ സ്പർശനം ആ ഭാഗത്തേക്കുള്ള രക്തയോട്ടം വർദ്ധിപ്പിക്കുന്നു. ഇത് ഒരു മിനി-മസാജിന്റെ ഫലം നൽകുന്നു.
നല്ല ഉറക്കം: പരീക്ഷണാടിസ്ഥാനത്തിൽ സ്ക്രാച്ച് തെറാപ്പിക്ക് വിധേയരായ പലർക്കും മികച്ച ഉറക്കം ലഭിക്കുന്നതായി റിപ്പോർട്ടുകളുണ്ട്.
പരിശീലനം നേടിയ പ്രൊഫഷണലുകൾ
ഈ ജോലി അത്ര നിസ്സാരമല്ല. ‘വിസ്പർ വേവ്’ (WhisperWave) പോലുള്ള പ്രൊഫഷണൽ സ്റ്റുഡിയോകൾ ഒരു മണിക്കൂർ സെഷന് ഏകദേശം 162 ഡോളർ (ഏകദേശം 13,000 രൂപ) വരെ ഈടാക്കാറുണ്ട്. ഇതിനായി പ്രത്യേക ഓൺലൈൻ കോഴ്സുകൾ വരെ ലഭ്യമാണ്. 20,000 രൂപയിലധികം മുടക്കി ഇത്തരം കോഴ്സുകൾ പൂർത്തിയാക്കിയവരാണ് പല തെറാപ്പിസ്റ്റുകളും. ശുചിത്വം ഇതിൽ വളരെ പ്രധാനമാണ്. നഖങ്ങൾ കൃത്യമായി വെട്ടി വൃത്തിയാക്കി സാനിറ്റൈസ് ചെയ്ത ശേഷമാണ് ഇവർ ക്ലയന്റുകളെ സമീപിക്കുന്നത്.
മുടി ചീകി കൊടുക്കുന്നത് മുതൽ കൈകളിലൂടെ വിരലുകൾ ഓടിക്കുന്നത് വരെ ഈ തെറാപ്പിയുടെ ഭാഗമാണ്. സോഷ്യൽ മീഡിയയിൽ ഇത്തരം വീഡിയോകൾ വൈറലായതോടെ ഈ മേഖലയിലേക്ക് എത്തുന്നവരുടെ എണ്ണവും വർദ്ധിച്ചിട്ടുണ്ട്. വീട്ടുകാർ പുറം ചൊറിഞ്ഞു തരാൻ മടി കാണിക്കുമ്പോൾ പ്ലാസ്റ്റിക് സ്ക്രാച്ചറുകളെയും മരക്കഷ്ണങ്ങളെയും ആശ്രയിച്ചിരുന്നവർക്ക് ഇതൊരുപക്ഷേ അത്ഭുതമായിരിക്കാം. എന്നാൽ അങ്ങ് ദൂരെ ന്യൂയോർക്കിൽ ഈ ‘ചൊറിച്ചിൽ’ ഇപ്പോൾ ഒരു ലക്ഷ്വറി ഐറ്റമാണ്!













Discussion about this post