ലോകം ഉറ്റുനോക്കുന്ന ടി20 ലോകകപ്പിന് കളം ഒരുങ്ങുമ്പോൾ, ഇന്ത്യയ്ക്കെതിരെ തിരിഞ്ഞ ബംഗ്ലാദേശ് ക്രിക്കറ്റ് ബോർഡിന് കനത്ത മറുപടിയുമായി ബിസിസിഐ. ബംഗ്ലാദേശിന്റെ ലോകകപ്പ് മത്സരങ്ങൾ ഇന്ത്യയിൽ നിന്ന് മാറ്റണമെന്ന വിചിത്രമായ ആവശ്യം ബിസിസിഐ തള്ളി. ബംഗ്ലാദേശ് പേസർ മുസ്തഫിസുർ റഹ്മാനെ ഐപിഎല്ലിൽ നിന്ന് ഒഴിവാക്കിയതിന് പിന്നാലെയാണ് പ്രതികാര നടപടിയെന്നോണം ലോകകപ്പ് വേദികൾ മാറ്റണമെന്ന ആവശ്യവുമായി ബംഗ്ലാദേശ് ഐസിസിയെ സമീപിച്ചത്.
ലോകകപ്പിന് വെറും ഒരു മാസം മാത്രം ബാക്കി നിൽക്കെ ഇത്തരം ആവശ്യങ്ങൾ ഉന്നയിക്കുന്നത് ബാലിശമാണെന്ന് ബിസിസിഐ വൃത്തങ്ങൾ തുറന്നടിച്ചു.”ആരുടെയെങ്കിലും ഇഷ്ടാനുസരണം മത്സരങ്ങൾ മാറ്റാൻ കഴിയില്ല. മറ്റ് ടീമുകൾ ഹോട്ടലുകളും ടിക്കറ്റുകളും ബുക്ക് ചെയ്തു കഴിഞ്ഞു. ഇത് വെറുമൊരു കളി മാത്രമല്ല, ബ്രോഡ്കാസ്റ്റ് ക്രൂ ഉൾപ്പെടെ ആയിരക്കണക്കിന് ആളുകളുടെ അധ്വാനമാണ്,” ബിസിസിഐ വൃത്തങ്ങൾ പറഞ്ഞു. ഇന്ത്യ സുരക്ഷിതമല്ലെന്ന ബംഗ്ലാദേശിന്റെ വാദത്തെയും ബിസിസിഐ തള്ളി. ലോകത്തെ ഏറ്റവും വലിയ ക്രിക്കറ്റ് ടൂർണമെന്റുകൾ വിജയകരമായി നടത്തുന്ന ഇന്ത്യയിൽ കളിക്കാർക്ക് സുരക്ഷയില്ലെന്ന ആരോപണം അപഹാസ്യമാണെന്നാണ് ബിസിസിഐയുടെ നിലപാട്.
നേരത്തെ പാകിസ്താനും സമാനമായ സുരക്ഷാ വാദം ഉന്നയിച്ചിരുന്നെങ്കിലും അവരുടെ മത്സരങ്ങൾ ഹൈബ്രിഡ് മോഡലിൽ ശ്രീലങ്കയിലേക്ക് മാറ്റിയിരുന്നു. എന്നാൽ ബംഗ്ലാദേശിന്റെ കാര്യത്തിൽ അത്തരമൊരു വിട്ടുവീഴ്ചയ്ക്കും ബിസിസിഐ തയ്യാറല്ല. ഇന്ത്യയുടെ ആഭ്യന്തര കാര്യങ്ങളിൽ ഇടപെടാനും ഇന്ത്യൻ പ്രീമിയർ ലീഗിന്റെ (IPL) തീരുമാനങ്ങളെ ചോദ്യം ചെയ്യാനും മറ്റൊരു രാജ്യത്തെയും അനുവദിക്കില്ലെന്ന ഉറച്ച നിലപാടിലാണ് ജയ് ഷായും സംഘവും.










Discussion about this post