ടാക്സി സർവ്വീസ് വിതരണക്കാരായ ഒലയ്ക്കും ഊബറിനും കടുത്ത വെല്ലുവിളി ഉയർത്തി കേന്ദ്ര സർക്കാരിന്റെ പിന്തുണയോടെയുള്ള ‘ഭാരത് ടാക്സി’ രാജ്യമെമ്പാടും പടരുന്നു. കേന്ദ്ര സഹകരണ മന്ത്രാലയത്തിന് കീഴിൽ പ്രവർത്തനമാരംഭിച്ച ഈ ആപ്പ്, ലോഞ്ച് ചെയ്ത് ദിവസങ്ങൾക്കുള്ളിൽ തന്നെ ലക്ഷക്കണക്കിന് ഉപഭോക്താക്കളെയാണ് സ്വന്തമാക്കിയിരിക്കുന്നത്. നിലവിൽ പ്ലേ സ്റ്റോറിലും ആപ്പ് സ്റ്റോറിലും ട്രെൻഡിംഗിൽ ആദ്യ പത്തിനുള്ളിലാണ് ഭാരത് ടാക്സിയുടെ സ്ഥാനം.
ദിവസവും 45,000 പുതിയ ഉപഭോക്താക്കൾ
ഭാരത് ടാക്സിക്ക് ലഭിക്കുന്ന അഭൂതപൂർവ്വമായ ജനപ്രീതിയെക്കുറിച്ച് കേന്ദ്ര സഹകരണ മന്ത്രാലയം തന്നെ എക്സിലൂടെ കണക്കുകൾ പുറത്തുവിട്ടു. ഇതിനോടകം നാല് ലക്ഷത്തിലധികം ഉപഭോക്താക്കൾ ആപ്പിൽ രജിസ്റ്റർ ചെയ്തുകഴിഞ്ഞു.കഴിഞ്ഞ രണ്ട് ദിവസമായി 40,000 മുതൽ 45,000 വരെ പുതിയ ആളുകളാണ് ദിവസേന ആപ്പിലേക്ക് എത്തുന്നത്. ഡ്രൈവർമാർക്കായുള്ള പ്രത്യേക ആപ്പ് പ്ലേ സ്റ്റോറിൽ ഇരുപതാം സ്ഥാനത്താണ്. ഇത് സമുദായത്തിന് വലിയ ആശ്വാസമാകുന്നു.
ഡ്രൈവർമാരുടെ സ്വന്തം ‘സാരഥികൾ’ സ്വകാര്യ കമ്പനികൾ ഈടാക്കുന്ന ഭീമമായ കമ്മീഷൻ ഒഴിവാക്കി, ഡ്രൈവർമാരെ തന്നെ ഉടമസ്ഥരാക്കുന്ന ‘സഹകരണ’ മാതൃകയാണ് ഇതിന്റെ ഏറ്റവും വലിയ പ്രത്യേകത.
“ഡ്രൈവർമാർ വെറും പങ്കാളികളല്ല, മറിച്ച് ഈ പ്രസ്ഥാനത്തിന്റെ ഉടമസ്ഥരാണ്. ഒലയും ഊബറും 30 ശതമാനം വരെ കമ്മീഷൻ വാങ്ങുമ്പോൾ, ഭാരത് ടാക്സി നിലവിൽ പൂജ്യം ശതമാനം കമ്മീഷൻ നയമാണ് പിന്തുടരുന്നത്. ഇതിലൂടെ ലഭിക്കുന്ന ലാഭം മുഴുവൻ സാധാരണക്കാരായ ഡ്രൈവർമാർക്ക് ലഭിക്കുന്നു.” – കേന്ദ്ര സഹകരണ മന്ത്രാലയം വ്യക്തമാക്കി.
പോലീസ് വെരിഫിക്കേഷൻ പൂർത്തിയാക്കിയ ഡ്രൈവർമാരെ മാത്രമേ പ്ലാറ്റ്‌ഫോമിൽ ഉൾപ്പെടുത്തൂ. സുരക്ഷയ്ക്കായി ആപ്പിനുള്ളിൽ തന്നെ സൈറൺ മുഴക്കാനും പോലീസിനെ വിളിക്കാനും സുഹൃത്തുക്കളെ വിവരം അറിയിക്കാനുമുള്ള സൗകര്യങ്ങൾ ഒരുക്കിയിട്ടുണ്ട്. നഗര യാത്രകൾക്ക് പുറമെ മെട്രോ ടിക്കറ്റ് ബുക്കിംഗ്, 12 മണിക്കൂർ വരെയുള്ള റെന്റൽ സർവീസ് എന്നിവയും ആപ്പിൽ ലഭ്യമാണ്.
അമിത് ഷായുടെ നേതൃത്വത്തിൽ അമുൽ, ഇഫ്കോ (IFFCO), നബാർഡ് തുടങ്ങിയ പ്രമുഖ സ്ഥാപനങ്ങളുടെ സഹകരണത്തോടെയാണ് ‘സഹകാർ ടാക്സി സഹകരണ ലിമിറ്റഡ്’ പ്രവർത്തിക്കുന്നത്. സർജ് പ്രൈസിംഗ് ഇല്ലാതെ, സുതാര്യമായ നിരക്കിൽ യാത്രക്കാർക്ക് സുരക്ഷിത യാത്ര നൽകുക എന്നതാണ് ഈ ദേശീയ സംരംഭത്തിന്റെ ലക്ഷ്യം









Discussion about this post