ന്യൂഡൽഹി : കശ്മീർ വിഷയത്തിൽ ഇന്ത്യയ്ക്ക് പൂർണ്ണ പിന്തുണ അറിയിച്ച് ബ്രിട്ടീഷ് എംപി ബോബ് ബ്ലാക്ക്മാൻ. മുഴുവൻ കശ്മീരും ഇന്ത്യയുടെ ഭാഗം ആണെന്നും വീണ്ടും ഒന്നിക്കണം എന്നും ബോബ് ബ്ലാക്ക്മാൻ അഭിപ്രായപ്പെട്ടു. ആർട്ടിക്കിൾ 370 റദ്ദാക്കണമെന്ന് മൂന്ന് പതിറ്റാണ്ടുകൾക്ക് മുൻപേ താൻ ആവശ്യപ്പെട്ടിരുന്നതായും അദ്ദേഹം സൂചിപ്പിച്ചു. 1990 കളുടെ തുടക്കത്തിൽ, പ്രത്യേകിച്ച് താഴ്‌വരയിൽ നിന്നുള്ള കശ്മീരി പണ്ഡിറ്റുകളുടെ പലായനത്തെത്തുടർന്നാണ് തന്റെ നിലപാട് രൂപപ്പെട്ടതെന്ന് ബോബ് ബ്ലാക്ക്മാൻ പറഞ്ഞു.
ജയ്പൂരിലെ കോൺസ്റ്റിറ്റ്യൂഷണൽ ക്ലബ്ബിൽ നടന്ന ഒരു ഹൈ-ടീ പരിപാടിയിൽ സംസാരിക്കവേ ആണ് കാശ്മീരിനെ കുറിച്ചുള്ള തന്റെ ദീർഘകാല നിലപാട് ബോബ് ബ്ലാക്ക്മാൻ ആവർത്തിച്ചത്. 1992 ൽ തന്നെ ജമ്മു കശ്മീരിൽ നിന്ന് കശ്മീരി പണ്ഡിറ്റുകളെ ബലമായി പുറത്താക്കിയപ്പോൾ ആർട്ടിക്കിൾ 370 റദ്ദാക്കണമെന്ന് താൻ ആവശ്യം ഉന്നയിച്ചിരുന്നതായി അദ്ദേഹം അനുസ്മരിച്ചു. ” കുടിയിറക്കപ്പെട്ട സമൂഹം നേരിടുന്ന ഗുരുതരമായ അനീതിയിലേക്ക് ശ്രദ്ധ ക്ഷണിക്കാൻ യുകെയിൽ അന്ന് ഞങ്ങൾ ശ്രമങ്ങൾ നടത്തി. ഇത് തെറ്റാണ്, ഇത് അന്യായമാണ്, മതവും പശ്ചാത്തലവും കാരണം മാത്രമാണ് ആളുകളെ അവരുടെ പൂർവ്വിക വീടുകളിൽ നിന്ന് പുറത്താക്കുന്നതെന്ന് ജനങ്ങളോട് പറയാൻ ഞങ്ങൾ അന്ന് ഒരു വലിയ യോഗം ചേർന്നു. ഭീകരതയെ മാത്രമല്ല, ജമ്മു കശ്മീരിലെ നാട്ടുരാജ്യത്തിന്റെ ചില ഭാഗങ്ങളിൽ പാകിസ്താൻ നടത്തുന്ന നിയമവിരുദ്ധ അധിനിവേശത്തെയും ഞങ്ങൾ നിരന്തരമായി അപലപിച്ചുകൊണ്ടിരിക്കുകയാണ്,” എന്നും ബ്രിട്ടീഷ് എംപി സൂചിപ്പിച്ചു.
ജമ്മു കശ്മീരിന്റെ മുഴുവൻ ഭാഗവും ഇന്ത്യയുടെ കിരീടത്തിന് കീഴിൽ വീണ്ടും ഒന്നിക്കണമെന്ന് ആഗ്രഹിക്കുന്നതായും ബോബ് ബ്ലാക്ക്മാൻ വ്യക്തമാക്കി. നേരത്തെ പഹൽഗാമിൽ 26 പേർ കൊല്ലപ്പെട്ട ഭീകരാക്രമണത്തെയും അദ്ദേഹം ശക്തമായ രീതിയിൽ അപലപിച്ചിരുന്നു. ജൂണിൽ നടന്ന ഓപ്പറേഷൻ സിന്ദൂർ ഗ്ലോബൽ ഔട്ട്റീച്ച് പ്രോഗ്രാമിനിടെ, ബ്ലാക്ക്മാൻ പാകിസ്താനെ ‘പരാജയപ്പെട്ട രാഷ്ട്രം’ എന്ന് വിശേഷിപ്പിക്കുകയും അതിന്റെ സിവിൽ-സൈനിക സന്തുലിതാവസ്ഥയെ ചോദ്യം ചെയ്യുകയും ചെയ്തു. രാജ്യം ഭരിക്കുന്നത് അതിന്റെ ജനാധിപത്യ സ്ഥാപനങ്ങളാണോ അതോ അതിന്റെ ജനറൽമാരാണോ എന്ന് വ്യക്തമല്ലെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.പാകിസ്താൻ ഇന്ത്യയിലേക്ക് തീവ്രവാദം പ്രോത്സാഹിപ്പിക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു.









Discussion about this post