നേപ്പാളിലെ ബിർഗഞ്ചിൽ മതവികാരം വ്രണപ്പെടുത്തുന്ന ടിക് ടോക് വീഡിയോയെച്ചൊല്ലിയുണ്ടായ തർക്കം അതിരൂക്ഷമായ വർഗീയ സംഘർഷത്തിലേക്ക് വഴിമാറി. ബിഹാർ അതിർത്തിയോട് ചേർന്നുള്ള ഈ തന്ത്രപ്രധാന നഗരത്തിൽ സ്ഥിതിഗതികൾ നിയന്ത്രണാതീതമായതോടെ ജില്ലാ ഭരണകൂടം അനിശ്ചിതകാല കർഫ്യൂ പ്രഖ്യാപിച്ചു. സംഘർഷം പടരുന്ന പശ്ചാത്തലത്തിൽ കർഫ്യൂ ലംഘിക്കുന്നവരെ കണ്ടാലുടൻ വെടിവെയ്ക്കാൻ സുരക്ഷാ ഉദ്യോഗസ്ഥർക്ക് നേപ്പാൾ സർക്കാർ കർശന നിർദ്ദേശം നൽകിയിട്ടുണ്ട്. പർസ ജില്ലാ അഡ്മിനിസ്ട്രേഷൻ ഓഫീസാണ് ബിർഗഞ്ച് മെട്രോപൊളിറ്റൻ സിറ്റി പരിധിയിൽ വരുന്ന പ്രധാന മേഖലകളിൽ ഈ കർശന നിയന്ത്രണം ഏർപ്പെടുത്തിയത്.
ധനുഷയിലെ കമല മുനിസിപ്പാലിറ്റിയിൽ നിന്നുള്ള ഹൈദർ അൻസാരി, അമാനത്ത് അൻസാരി എന്നീ രണ്ട് യുവാക്കൾ ടിക് ടോക്കിലൂടെ പങ്കുവെച്ച വീഡിയോയാണ് പ്രകോപനത്തിന് കാരണമായത്. സനാതന ധർമ്മ വിശ്വാസികളുടെ വികാരം വ്രണപ്പെടുത്തുന്ന തരത്തിലുള്ള പരാമർശങ്ങൾ വീഡിയോയിൽ ഉണ്ടായതിനെത്തുടർന്ന് ജനങ്ങൾ ഇവരെ പോലീസിന് കൈമാറിയിരുന്നു. എന്നാൽ ഇതിനുപിന്നാലെ കമല മുനിസിപ്പാലിറ്റിയിലെ ആറാം വാർഡിൽ നടന്ന അക്രമസംഭവങ്ങൾ സംഘർഷം കൂടുതൽ വഷളാക്കി. ഞായറാഴ്ച മുതൽ ബിർഗഞ്ചിന്റെ വിവിധ ഭാഗങ്ങളിൽ ടയറുകൾ കത്തിച്ചും മുദ്രാവാക്യം വിളിച്ചും ഇരുവിഭാഗങ്ങളും തെരുവിലിറങ്ങിയതോടെ നഗരം യുദ്ധക്കളമായി മാറി. നിലവിൽ ബസ് പാർക്ക്, നാഗ്‌വ, ഇനർവ തുടങ്ങി ശങ്കരാചാര്യ ഗേറ്റ് വരെയുള്ള മേഖലകളിൽ കർശന നിയന്ത്രണങ്ങളാണ് ഏർപ്പെടുത്തിയിരിക്കുന്നത്.
ഇന്ത്യയുമായി അടുത്ത സാംസ്കാരിക ബന്ധം പുലർത്തുന്ന നേപ്പാളിലെ ജനസംഖ്യാപരമായ മാറ്റങ്ങളും തീവ്രവാദ ചിന്താഗതികൾ സോഷ്യൽ മീഡിയ വഴി പ്രചരിപ്പിക്കുന്നതും ഈ മേഖലയിലെ സമാധാനത്തിന് വലിയ ഭീഷണിയാവുകയാണ്. നേപ്പാളിലെ ഹൈന്ദവ പൈതൃകത്തെ തകർക്കാൻ ലക്ഷ്യമിട്ട് നടക്കുന്ന ആസൂത്രിത നീക്കങ്ങളുടെ ഭാഗമാണ് ഇത്തരം പ്രകോപനങ്ങളെന്ന് ദേശീയവാദികൾ ആരോപിക്കുന്നുണ്ട്.നേപ്പാളിലെ ഹിന്ദു സമാജത്തിന് നേരെയുള്ള അതിക്രമങ്ങളിൽ ഭാരതത്തിലെ ദേശീയ പ്രസ്ഥാനങ്ങൾ ആശങ്ക രേഖപ്പെടുത്തിയിട്ടുണ്ട്.









Discussion about this post