ഇന്ത്യയുടെ അഭിമാനമായ വിദ്യാഭ്യാസ സ്ഥാപനങ്ങളെ വിഘടനവാദത്തിന്റെയും രാജ്യവിരുദ്ധതയുടെയും കേന്ദ്രങ്ങളാക്കി മാറ്റാനുള്ള നീക്കങ്ങൾക്കെതിരെ കർശന നിലപാടുമായി ജവഹർലാൽ നെഹ്‌റു സർവകലാശാല അധികൃതർ. ക്യാമ്പസിനുള്ളിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെയും കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായ്ക്കെതിരെയും അത്യന്തം പ്രകോപനപരമായ മുദ്രാവാക്യങ്ങൾ മുഴക്കിയ ഇടത് വിദ്യാർത്ഥി സംഘടനകൾക്കെതിരെ ശക്തമായ അന്വേഷണത്തിന് സർവകലാശാല ഉത്തരവിട്ടു. വിദ്യാലയങ്ങളെ ‘വെറുപ്പിന്റെ പരീക്ഷണശാലകളാക്കാൻ’ ആരെയും അനുവദിക്കില്ലെന്ന് ജെഎൻയു ഭരണകൂടം വ്യക്തമാക്കി.
2020-ലെ ഡൽഹി കലാപക്കേസിൽ പ്രതികളായ ഉമർ ഖാലിദ്, ഷർജീൽ ഇമാം എന്നിവർക്ക് സുപ്രീം കോടതി ജാമ്യം നിഷേധിച്ചതിന് പിന്നാലെയാണ് ക്യാമ്പസിൽ ഇടത് സംഘടനകളുടെ നേതൃത്വത്തിൽ പ്രതിഷേധം അരങ്ങേറിയത്. “മോദി-ഷാ എന്നിവരുടെ ഖബറിടം ജെഎൻയു മണ്ണിൽ ഒരുക്കും” എന്നതടക്കമുള്ള രാജ്യവിരുദ്ധവും അക്രമാസക്തവുമായ മുദ്രാവാക്യങ്ങളാണ് ഇവർ മുഴക്കിയത്. ഇത്തരം പ്രവണതകൾ ജനാധിപത്യപരമായ വിയോജിപ്പല്ലെന്നും മറിച്ച് ഭരണഘടനാ സ്ഥാപനങ്ങളോടുള്ള വെല്ലുവിളിയാണെന്നും സർവകലാശാല അധികൃതർ ചൂണ്ടിക്കാട്ടി.
സംഭവത്തിൽ ഡൽഹി പോലീസിന് സർവകലാശാല പരാതി നൽകിയിട്ടുണ്ട്. സർവകലാശാലയുടെ പെരുമാറ്റച്ചട്ടം ലംഘിക്കുകയും പൊതുസമാധാനം തകർക്കാൻ ശ്രമിക്കുകയും ചെയ്ത വിദ്യാർത്ഥികൾക്കെതിരെ എഫ്‌ഐആർ രജിസ്റ്റർ ചെയ്യാൻ സെക്യൂരിറ്റി ഡിപ്പാർട്ട്‌മെന്റ് ആവശ്യപ്പെട്ടു. രാജ്യത്തിന്റെ അഖണ്ഡതയെ ചോദ്യം ചെയ്യുന്ന മുദ്രാവാക്യങ്ങൾ ക്യാമ്പസിനുള്ളിൽ അനുവദിക്കില്ലെന്നും കുറ്റക്കാർക്കെതിരെ മാതൃകാപരമായ ശിക്ഷാനടപടികൾ ഉണ്ടാകുമെന്നും അധികൃതർ അറിയിച്ചു.
മുൻപും സമാനമായ രീതിയിൽ ‘ഭാരതത്തെ തുണ്ടം തുണ്ടമാക്കും’ എന്നതടക്കമുള്ള ദേശവിരുദ്ധ മുദ്രാവാക്യങ്ങൾ മുഴക്കി വിവാദത്തിലായ ജെഎൻയുവിൽ, ഇപ്പോഴത്തെ ഭരണകൂടം സ്വീകരിക്കുന്ന ഈ വിട്ടുവീഴ്ചയില്ലാത്ത നിലപാട് ദേശീയവാദികൾക്കിടയിൽ വലിയ സ്വീകാര്യതയാണ് നേടുന്നത്. സർവകലാശാലയുടെ സൽപ്പേരിന് കളങ്കം വരുത്തുന്ന ഇത്തരം ശക്തികളെ വേരോടെ പിഴുതെറിയണമെന്ന ആവശ്യം ശക്തമാകുകയാണ്.










Discussion about this post