ഭാരതത്തിന്റെ ബഹിരാകാശ കുതിപ്പിന് കരുത്തേകി ഐഎസ്ആർഒയുടെ വിശ്വസ്ത വാഹനമായ പിഎസ്എൽവി വീണ്ടും വിണ്ണിലേക്ക്. 2026-ലെ ആദ്യ വിക്ഷേപണ ദൗത്യമായ പിഎസ്എൽവി സി-62 ജനുവരി 12-ന് രാവിലെ 10:17-ന് ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ സ്പേസ് സെന്ററിലെ ഒന്നാം വിക്ഷേപണ തറയിൽ നിന്ന് കുതിച്ചുയരും. കഴിഞ്ഞ വർഷം നേരിട്ട ചെറിയ തിരിച്ചടികളെ അതിജീവിച്ച്, ഇന്ത്യയുടെ കരുത്ത് ലോകത്തിന് മുന്നിൽ ഒരിക്കൽ കൂടി വിളിച്ചോതുന്നതാണ് ഈ ദൗത്യം.
പിഎസ്എൽവിയുടെ 64-ാമത് വിക്ഷേപണമാണിത്. രണ്ട് സ്ട്രാപ്പ്-ഓൺ ബൂസ്റ്ററുകളുള്ള പിഎസ്എൽവി-ഡിഎൽ വേരിയന്റാണ് ഈ ദൗത്യത്തിനായി ഉപയോഗിക്കുന്നത്. ഇന്ത്യയുടെ റിമോട്ട് സെൻസിംഗ് മേഖലയിൽ വിപ്ലവകരമായ മാറ്റങ്ങൾ ലക്ഷ്യമിടുന്ന ഭൗമനിരീക്ഷണ ഉപഗ്രഹമായ ഇഒഎസ്-എൻ1 (അന്വേഷ) ആണ് പ്രധാന പേലോഡ്. കൃഷി, നഗരാസൂത്രണം, പരിസ്ഥിതി നിരീക്ഷണം തുടങ്ങിയ മേഖലകളിൽ അതീവ കൃത്യതയോടെയുള്ള വിവരങ്ങൾ നൽകാൻ ഈ ഉപഗ്രഹത്തിന് സാധിക്കും.
ഭാരതത്തിന്റെ സ്വകാര്യ ബഹിരാകാശ മേഖലയുടെ വളർച്ച വിളിച്ചോതുന്ന സവിശേഷതകളും ഈ ദൗത്യത്തിനുണ്ട്. ബംഗളൂരു ആസ്ഥാനമായുള്ള ഓർബിറ്റ് എയ്ഡ് എയ്‌റോസ്‌പേസ് വികസിപ്പിച്ച ‘ആയുഷ് സാറ്റ്’ (AayulSAT) ആണ് ഇതിൽ പ്രധാനം. ബഹിരാകാശത്ത് വെച്ച് ഉപഗ്രഹങ്ങളിൽ ഇന്ധനം നിറയ്ക്കുന്ന സാങ്കേതികവിദ്യ പരീക്ഷിക്കുന്ന ഇന്ത്യയുടെ ആദ്യ ദൗത്യമാണിത്. പുനരുപയോഗിക്കാവുന്നതും സുസ്ഥിരവുമായ ഉപഗ്രഹ പ്രവർത്തനങ്ങളിലേക്കുള്ള ഭാരതത്തിന്റെ നിർണ്ണായക ചുവടുവെപ്പായി ഇത് മാറും. ഹൈദരാബാദിൽ നിന്നുള്ള ടേക്ക് മി ടു സ്പേസ്, ഇയോൺ സ്പേസ് എന്നിവർ ചേർന്ന് വികസിപ്പിച്ച എംഒഐ-1 എന്ന ഉപഗ്രഹവും ഈ ദൗത്യത്തിന്റെ ഭാഗമാണ്. കൃത്രിമബുദ്ധിയുടെ സഹായത്തോടെ ബഹിരാകാശത്ത് വെച്ച് തന്നെ ഡാറ്റാ പ്രോസസിംഗ് നടത്താൻ ശേഷിയുള്ളതാണ് ഈ ഉപഗ്രഹം.
അന്താരാഷ്ട്ര സഹകരണത്തിന്റെ ഭാഗമായി ഇൻഡോ-മൗറീഷ്യസ് സംയുക്ത ഉപഗ്രഹവും സ്പെയിനിൽ നിന്നുള്ള കെസ്ട്രൽ ഇനീഷ്യൽ ഡെമോൺസ്‌ട്രേറ്ററും ഈ ദൗത്യത്തിൽ ഉൾപ്പെടുന്നുണ്ട്. ഇന്ത്യയിൽ നിന്നും വിദേശത്തു നിന്നുമുള്ള ആകെ 18 സഹ-ഉപഗ്രഹങ്ങളാണ് ഈ വിക്ഷേപണത്തിലൂടെ ഭ്രമണപഥത്തിലെത്തുക. ഐഎസ്ആർഒയുടെ 101-ാമത് ഓർബിറ്റൽ വിക്ഷേപണ ശ്രമമാണിതെന്ന പ്രത്യേകതയുമുണ്ട്. ഈ ദൗത്യത്തിന്റെ വിജയം ലോകത്തെ മികച്ച ബഹിരാകാശ ശക്തികളിലൊന്നായ ഭാരതത്തിന്റെ വിശ്വാസ്യത ഉയർത്തുകയും വരും വർഷങ്ങളിലെ വൻ പദ്ധതികൾക്ക് ഊർജ്ജമാവുകയും ചെയ്യും.










Discussion about this post