മുംബൈ : മഹാരാഷ്ട്ര കോൺഗ്രസ് വൈസ് പ്രസിഡന്റ് ഹിദായത്തുള്ള പട്ടേൽ കൊല്ലപ്പെട്ടു. അകോല ജില്ലയിലെ ഒരു മസ്ജിദിൽ പ്രാർത്ഥനയ്ക്കിടെ കുത്തേറ്റ അതിനെ തുടർന്ന് ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ബുധനാഴ്ച രാവിലെ ആയിരുന്നു അന്ത്യം സംഭവിച്ചത്. പ്രതി ഉബേദ് ഖാൻ എന്ന റാസിക് ഖാൻ പട്ടേൽ (22) അറസ്റ്റിലായിട്ടുണ്ട്.
മുൻ വൈരാഗ്യമാണ് കോൺഗ്രസ് വൈസ് പ്രസിഡന്റിന്റെ കൊലപാതകത്തിലേക്ക് നയിച്ചത് എന്നാണ് പോലീസ് വ്യക്തമാക്കുന്നത്. 66 കാരനായ പട്ടേൽ അകോട്ട് താലൂക്കിലെ മൊഹാല ഗ്രാമത്തിലെ ജുമാ മസ്ജിദിൽ നമസ്‌കാരം നടത്തിയതിന് തൊട്ടുപിന്നാലെ ഉച്ചയ്ക്ക് 1.30 ഓടെയാണ് ആക്രമണത്തിന് ഇരയായത്. മൂർച്ചയുള്ള ആയുധം ഉപയോഗിച്ച് പട്ടേലിന്റെ കഴുത്തിലും നെഞ്ചിലും ഗുരുതരമായി മുറിവേൽപ്പിച്ചതായും ഇത് കനത്ത രക്തസ്രാവമുണ്ടാക്കിയതായും പോലീസ് അറിയിച്ചു.
ആക്രമണത്തിന് തൊട്ടുപിന്നാലെ രക്തത്തിൽ കുളിച്ച വസ്ത്രങ്ങളുമായി പട്ടേൽ പള്ളിയിൽ നിന്ന് പുറത്തേക്ക് ഇറങ്ങുന്നത് കാണിക്കുന്ന സിസിടിവി ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. പ്രദേശവാസികൾ അദ്ദേഹത്തെ അകോട്ടിലെ ഒരു സ്വകാര്യ ആശുപത്രിയിൽ എത്തിച്ചു. ഉടൻതന്നെ അദ്ദേഹത്തെ തീവ്രപരിചരണ വിഭാഗത്തിൽ (ഐസിയു) പ്രവേശിപ്പിച്ചെങ്കിലും ബുധനാഴ്ച രാവിലെ മരണം സംഭവിക്കുകയായിരുന്നു.









Discussion about this post