പെരുമാറ്റവും ചിന്തകളും മറ്റുള്ളവര്‍ക്ക് മാതൃകയാക്കി നാരിയില്‍ നിന്ന് നാരായണിയിലേക്കുള്ള മാറ്റത്തിന് സ്ത്രീകള്‍ സജ്ജരാകണമെന്ന് രാഷ്ട്രസേവിക സമിതി പ്രമുഖ സഞ്ചാലിക വി. ശാന്തകുമാരി. രാഷ്ട്രസേവിക സമിതിയുടെ മധ്യപ്രദേശിലെഛപ്ര ജില്ലാ ഘടകം സിവനിയില്‍ സംഘടിപ്പിച്ച പഥസഞ്ചലനത്തിന്റെ പൊതുപരിപാടിയില്‍ സംസാരിക്കുകയായിരുന്നു വി. ശാന്തകുമാരി. പെരുമാറ്റത്തിലൂടെ മാത്രമേ സമൂഹത്തിന് വഴികാട്ടാനാകൂ. ദിവ്യാനുഗ്രഹ ശക്തിയുള്ളവരാണ് വനിതകൾ. ഉള്ളിലുള്ള ശക്തി തിരിച്ചറിഞ്ഞ് ഉറച്ച ചുവടുവയ്പുകളോടെ മുന്നോട്ടുപോകണമെന്നും വി ശാന്തകുമാരി വ്യക്തമാക്കി.
ഛത്രപതി ശിവാജി മഹാരാജ്, ബാലഗംഗാധര തിലകന്‍, സ്വാമി വിവേകാനന്ദന്‍ തുടങ്ങിയ മഹാന്മാരെ വളര്‍ത്തിയെടുത്തത് അമ്മമാരാണ്. കുടുംബജീവിതത്തിനപ്പുറം സമൂഹത്തെ കെട്ടിപ്പടുക്കുന്നതില്‍ നേതൃപരമായ പങ്ക് വഹിക്കുകയാണ് സ്ത്രീയുടെ കടമ. എല്ലാവരുമായും സ്വന്തമെന്ന ഭാവത്തോടെ പെരുമാറാന്‍ കഴിയണം, സഹസ്രാബ്ദങ്ങള്‍ക്കുമുമ്പ് ഭാരതം വസുധൈവ കുടുംബകം എന്ന ആശയം അവതരിപ്പിച്ചു. സ്ത്രീകള്‍ ഈ പ്രവര്‍ത്തനത്തില്‍ വലിയ പങ്ക് വഹിച്ചു.
ഭാരതീയ സ്ത്രീകള്‍ അതുല്യരാണ്. വെല്ലുവിളികള്‍ നേരിടുമ്പോഴും എല്ലാവരെയും ഒരുമിപ്പിച്ച് മുന്നോട്ടുകൊണ്ടുപോകാന്‍ അവര്‍ക്ക് കഴിയും. നിസ്വാര്‍ത്ഥ സേവനം, ത്യാഗം, സഹിഷ്ണുത എന്നിവയാണ് അതിനുള്ള വഴി. ഇന്നത്തെ സ്ത്രീകള്‍ എന്‍ജിനീയറിങ്, വൈദ്യശാസ്ത്രം, സൈന്യം, മാധ്യമങ്ങള്‍ എന്നിങ്ങനെ എല്ലാ മേഖലകളിലും പ്രധാന പങ്ക് വഹിക്കുന്നു. ഓപ്പറേഷന്‍ സിന്ദൂറിലെ നേതൃത്വവും മംഗള്‍യാനിലെ പങ്കാളിത്തവും ഉദാഹരണങ്ങളാണ്. കുടുംബത്തെയും സമൂഹത്തെയും ഒന്നിപ്പിക്കാനും ഏത് സാഹചര്യത്തിലും അവരെ സംഘടിതമായും സുരക്ഷിതമായും നിലനിര്‍ത്താനും സ്ത്രീകള്‍ക്ക് കഴിയുമെന്നും വി ശാന്തകുമാരി സൂചിപ്പിച്ചു.









Discussion about this post