ഇന്ത്യയുടെ സൈനിക രഹസ്യങ്ങൾ പാകിസ്താൻ ചാരസംഘടനയായ ഐഎസ്ഐയ്ക്ക് ചോർത്തി നൽകാൻ ശ്രമിച്ച 15-കാരൻ പിടിയിൽ. ജമ്മു കശ്മീരിലെ സാംബ സ്വദേശിയായ കൗമാരക്കാരനെയാണ് പഞ്ചാബ് പോലീസ് മാധോപൂരിൽ വെച്ച് പിടികൂടിയത്. രാജ്യത്തിന്റെ സുരക്ഷാ ക്രമീകരണങ്ങളും സൈനിക നീക്കങ്ങളും അതിർത്തി കടന്നുള്ള ഭീകരവാദികൾക്കും ചാരന്മാർക്കും കൈമാറിയെന്ന ഞെട്ടിക്കുന്ന വിവരമാണ് പുറത്തുവരുന്നത്.
വിശ്വസനീയമായ രഹസ്യാന്വേഷണ വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് പഠാൻകോട്ട് സീനിയർ സൂപ്രണ്ട് ഓഫ് പോലീസ് ദിൽജീന്ദർ സിംഗ് ധില്ലന്റെ നേതൃത്വത്തിലുള്ള സംഘം കുട്ടിയെ കസ്റ്റഡിയിലെടുത്തത്. പ്രതിയുടെ മൊബൈൽ ഫോൺ പരിശോധിച്ചപ്പോൾ അതിൽ നിന്ന് രാജ്യവിരുദ്ധ ശക്തികളുമായും പാക് ഭീകര ഹാൻഡ്ലർമാരുമായും ബന്ധപ്പെട്ട ഫോൺ നമ്പറുകളും സന്ദേശങ്ങളും കണ്ടെടുത്തു. സൈനിക പോസ്റ്റുകളുടെ ദൃശ്യങ്ങൾ, വീഡിയോകൾ, മറ്റ് അതീവ രഹസ്യ സ്വഭാവമുള്ള വിവരങ്ങൾ എന്നിവ കുട്ടി പാക് സൈനിക ഉദ്യോഗസ്ഥർക്ക് കൈമാറിയതായി പ്രാഥമിക അന്വേഷണത്തിൽ തെളിഞ്ഞു. പാകിസ്താൻ ആസ്ഥാനമായി പ്രവർത്തിക്കുന്ന നാർക്കോ സിൻഡിക്കേറ്റ് ഓപ്പറേറ്റർ സാജിദ് ഭട്ടിയുമായി ഇയാൾ നിരന്തരം സമ്പർക്കം പുലർത്തിയിരുന്നതായും പോലീസ് സ്ഥിരീകരിച്ചു.
കഴിഞ്ഞ ഒരു വർഷത്തിലേറെയായി ഈ പതിനഞ്ചുകാരൻ പാക് ചാരവലയത്തിന്റെ ഭാഗമാണെന്ന് പോലീസ് വെളിപ്പെടുത്തി. ക്ലോണിംഗ് പോലുള്ള അത്യാധുനിക സാങ്കേതിക വിദ്യകൾ ഉപയോഗിച്ചാണ് കുട്ടിയുടെ ഫോണിൽ നിന്ന് വിവരങ്ങൾ പാക് ഏജൻസികൾ ശേഖരിച്ചിരുന്നത്. രാജ്യത്തെ കൗമാരക്കാരെയും യുവാക്കളെയും ലക്ഷ്യം വെച്ച് ഐഎസ്ഐ നടത്തുന്ന വൻ ചതിക്കുഴിയുടെ ഭാഗമാണിതെന്ന് സുരക്ഷാ ഏജൻസികൾ മുന്നറിയിപ്പ് നൽകുന്നു.ഈ കുട്ടിയെ യഥാസമയം പിടികൂടിയില്ലായിരുന്നുവെങ്കിൽ ഭാവിയിൽ രാജ്യസുരക്ഷയ്ക്ക് കടുത്ത ഭീഷണിയാകുന്ന വൻ ഭീകര പ്രവർത്തനങ്ങളിലേക്ക് ഇയാൾ നയിക്കപ്പെടുമായിരുന്നുവെന്ന് ദിൽജീന്ദർ സിംഗ് ധില്ലൻ (എസ്എസ്പി, പഠാൻകോട്ട്) പറഞ്ഞു.
പിടിക്കപ്പെട്ട കൗമാരക്കാരനെ കൂടാതെ കൂടുതൽ കുട്ടികൾ ഈ ചാരവലയത്തിൽ അകപ്പെട്ടിട്ടുണ്ടെന്നാണ് വിവരം. ഇവരെ കണ്ടെത്താനും ഭീകരരുടെ സ്വാധീനത്തിൽ നിന്ന് രക്ഷിക്കാനുമുള്ള ശ്രമങ്ങൾ അധികൃതർ ആരംഭിച്ചു. ഐഎസ്ഐയുടെ സ്വാധീനവലയത്തിൽ വീഴാതിരിക്കാൻ രക്ഷിതാക്കളും പൊതുസമൂഹവും അതീവ ജാഗ്രത പാലിക്കണമെന്ന് പോലീസ് നിർദ്ദേശിച്ചു. 1923-ലെ ഒഫീഷ്യൽ സീക്രട്ട്‌സ് ആക്ട് പ്രകാരം കുട്ടിക്ക് എതിരെ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. സാംബ സ്വദേശിയായ കുട്ടിയെ ചോദ്യം ചെയ്തതിലൂടെ പാക് ചാരസംഘടനയുടെ ചതിക്കുഴികളെക്കുറിച്ച് നിർണ്ണായക വിവരങ്ങൾ ലഭിക്കുമെന്നാണ് പ്രതീക്ഷ.










Discussion about this post