ന്യൂഡൽഹി: ആഗോള സാമ്പത്തിക പ്രതിസന്ധികൾക്കിടയിലും ഇന്ത്യൻ സമ്പദ്‌വ്യവസ്ഥ ശക്തമായ മുന്നേറ്റം തുടരുന്നു. നടപ്പ് സാമ്പത്തിക വർഷം (2025-26) രാജ്യത്തിന്റെ മൊത്ത ആഭ്യന്തര ഉൽപാദനം (GDP) 7.4 ശതമാനം വളർച്ച കൈവരിക്കുമെന്ന് കേന്ദ്ര സ്ഥിതിവിവരക്കണക്ക് മന്ത്രാലയം പുറത്തുവിട്ട മുൻകൂർ കണക്കുകൾ വ്യക്തമാക്കുന്നു.
കഴിഞ്ഞ സാമ്പത്തിക വർഷം (2024-25) രേഖപ്പെടുത്തിയ 6.5 ശതമാനത്തിൽ നിന്നാണ് ഇത്തവണ 7.4 ശതമാനത്തിലേക്കുള്ള ഈ വലിയ കുതിപ്പ്. 2025-ൽ രാജ്യം 6.4% എന്ന കുറഞ്ഞ വളർച്ചാ നിരക്കിലേക്ക് (കോവിഡിന് ശേഷമുള്ള ഏറ്റവും കുറഞ്ഞ നിരക്ക്) വീണിരുന്നു. എന്നാൽ അവിടെ നിന്നുള്ള ശക്തമായ തിരിച്ചുവരവാണ് ഇപ്പോൾ ദൃശ്യമാകുന്നത്. ബാങ്കിംഗ്, റിയൽ എസ്റ്റേറ്റ്, പ്രൊഫഷണൽ സേവനങ്ങൾ എന്നിവയുൾപ്പെടുന്ന സേവന മേഖലയിലെ 9.9% വളർച്ചയാണ് ജിഡിപി ഉയരാൻ പ്രധാന കാരണമായത്.
നിർമ്മാണ നിർമ്മാണ പ്രവർത്തന മേഖലകൾ 7 ശതമാനം വളർച്ച കൈവരിക്കുമെന്ന് പ്രതീക്ഷിക്കുന്നു.കാർഷിക മേഖലയിൽ 3.1 ശതമാനം വളർച്ചയാണ് കണക്കാക്കുന്നത്. ഫെബ്രുവരി ഒന്നിന് അവതരിപ്പിക്കാനിരിക്കുന്ന കേന്ദ്ര ബജറ്റിന്റെ പ്രധാന അടിസ്ഥാനം ഈ കണക്കുകളായിരിക്കും.
മുൻവർഷത്തെ 2.3 ശതമാനത്തിൽ നിന്ന് സർക്കാർ ചെലവഴിക്കൽ ഇത്തവണ 5.2 ശതമാനമായി ഉയരുമെന്ന് കണക്കാക്കുന്നു. ഇത് വിപണിയിൽ ഉണർവ് നൽകും.സ്വകാര്യ ഉപഭോഗം കഴിഞ്ഞ വർഷത്തെ 7.2 ശതമാനത്തിൽ നിന്ന് നേരിയ തോതിൽ കുറഞ്ഞ് 7 ശതമാനമായി തുടരും.
കയറ്റുമതി മേഖലയിൽ ചില തടസ്സങ്ങൾ നേരിടുന്നുണ്ടെങ്കിലും, ആഭ്യന്തര വിപണിയിലെ കരുത്തും കൃത്യമായ സാമ്പത്തിക നയങ്ങളും ഇന്ത്യയെ ലോകത്തെ ഏറ്റവും വേഗത്തിൽ വളരുന്ന സമ്പദ്‌വ്യവസ്ഥയായി നിലനിർത്തുന്നു.ഇന്ത്യയുടെ ഏറ്റവും വലിയ വ്യാപാര പങ്കാളിയായ അമേരിക്ക കഴിഞ്ഞ ഓഗസ്റ്റ് മുതൽ ഇന്ത്യൻ ഉൽപ്പന്നങ്ങൾക്ക് 50% താരിഫ് ഏർപ്പെടുത്തിയിട്ടുണ്ട്. വ്യാപാര കരാറുകൾക്കായി ചർച്ചകൾ നടക്കുന്നുണ്ടെങ്കിലും, ഈ താരിഫ് കയറ്റുമതി മേഖലയെ ബാധിച്ചേക്കാം.
ഇന്ത്യയുടെ വളർച്ച 6.6 ശതമാനമായിരിക്കുമെന്നാണ് അന്താരാഷ്ട്ര നാണയ നിധി പ്രവചിച്ചിരിക്കുന്നത്. അമേരിക്കയുമായുള്ള വ്യാപാര കരാർ വൈകുന്നത് വളർച്ചയെ ബാധിക്കുമെന്ന് ഇവർ മുന്നറിയിപ്പ് നൽകുന്നു. പണപ്പെരുപ്പം 2 ശതമാനത്തിലേക്ക് താഴ്ന്നതോടെ ആർബിഐ പലിശ നിരക്കുകളിൽ 0.25 ശതമാനം കുറവ് വരുത്തി 5.25 ശതമാനമാക്കിയിട്ടുണ്ട്. ഇത് നിക്ഷേപങ്ങൾക്കും വായ്പകൾക്കും ആശ്വാസമാകും.











Discussion about this post