കടുത്ത സാമ്പത്തിക പ്രതിസന്ധിയിൽ ഉഴലുന്ന പാകിസ്താനിൽ നിന്ന് വീണ്ടും വിചിത്രമായ അവകാശവാദങ്ങൾ പുറത്തുവരുന്നു. സ്വന്തം വിമാനക്കമ്പനിയായ പിയ (PIA) പോലും വിറ്റുതുലയ്ക്കേണ്ടി വന്ന പാകിസ്താൻ, ഇനി തങ്ങൾക്ക് ഐ.എം.എഫിന്റെ സഹായം വേണ്ടെന്നാണ് പ്രഖ്യാപിക്കുന്നത്. കഴിഞ്ഞ വർഷം ഇന്ത്യയുമായി നടന്ന ഏറ്റുമുട്ടലിൽ പാക് വിമാനങ്ങൾ മിന്നുന്ന പ്രകടനം കാഴ്ചവെച്ചെന്നും, അതിനാൽ വിദേശരാജ്യങ്ങളിൽ നിന്ന് ആയുധങ്ങൾക്കായി ഓർഡറുകൾ പ്രവാഹം പോലെ വരികയാണെന്നുമാണ് പാക് പ്രതിരോധ മന്ത്രിയുടെ അവകാശവാദം.
തങ്ങളുടെ ആയുധ വിപണി സജീവമായെന്നും അടുത്ത ആറ് മാസത്തിനുള്ളിൽ ഐ.എം.എഫിന്റെ സഹായമില്ലാതെ രാജ്യം മുന്നോട്ടുപോകുമെന്നുമാണ് പാക് പ്രതിരോധ മന്ത്രി ഖവാജ ആസിഫ് അവകാശപ്പെടുന്നത്. കഴിഞ്ഞ മെയ് മാസത്തിൽ ഇന്ത്യയുടെ നടന്ന ‘നാല് ദിന മിനി യുദ്ധത്തിൽ’ പാക് വ്യോമസേന കരുത്ത് തെളിയിച്ചെന്നും ഇതിനാൽ ചൈനീസ് നിർമ്മിത ജെ.എഫ്-17 (JF-17) വിമാനങ്ങൾ വാങ്ങാൻ ക്യൂ നിൽക്കുകയാണെന്നുമാണ് പ്രതിരോധ മന്ത്രിയുടെ അവകാശവാദം.
ഇന്ത്യ നടത്തിയ ‘ഓപ്പറേഷൻ സിന്ദൂർ’ പാക് വ്യോമസേനയെ അക്ഷരാർത്ഥത്തിൽ നിശബ്ദമാക്കിയിരുന്നു. ഗുജറൻവാലയിലെ ഭീകര ക്യാമ്പുകളെ തകർക്കാനായി ഇന്ത്യ നടത്തിയ ബ്രഹ്മോസ് മിസൈൽ ആക്രമണത്തിൽ പാകിസ്താൻ്റെ പത്തോളം യുദ്ധവിമാനങ്ങൾ നിലത്തുതന്നെ കത്തിയമർന്നു. ഭോലാരി, നൂർ ഖാൻ എന്നീ തന്ത്രപ്രധാനമായ എയർബേസുകൾ ഭാരതത്തിന്റെ പ്രഹരശേഷിയിൽ തകർന്നിരുന്നു. ഏകദേശം 20 ശതമാനം സൈനിക പശ്ചാത്തല സൗകര്യങ്ങൾ നശിപ്പിക്കപ്പെട്ട പാകിസ്താൻ, അന്ന് ഇന്ത്യയുടെ മുന്നിൽ വെടിനിർത്തലിനായി അപേക്ഷിക്കുകയായിരുന്നു. ഈ കനത്ത പരാജയത്തെയാണ് ഇപ്പോൾ വിജയമായി ചിത്രീകരിച്ച് ആയുധങ്ങൾ വിൽക്കാൻ പാകിസ്താൻ ശ്രമിക്കുന്നത്.
പാകിസ്താൻ സ്വന്തമായി നിർമ്മിച്ചതെന്ന് അവകാശപ്പെടുന്ന ജെ.എഫ്-17 തണ്ടർ വിമാനങ്ങളുടെ യാഥാർത്ഥ്യം മറ്റൊന്നാണ്. ഈ വിമാനത്തിന്റെ സിംഹഭാഗവും നിർമ്മിക്കുന്നത് ചൈനയിലാണ്. പാകിസ്താൻ വെറുമൊരു അസംബ്ലിങ് യൂണിറ്റ് മാത്രമാണ്. വിമാനം വിൽക്കുമ്പോൾ ലഭിക്കുന്ന തുകയുടെ ഭൂരിഭാഗവും ചൈനയിലേക്കാണ് പോകുന്നത്. റഷ്യൻ നിർമ്മിത എൻജിനുകളാണ് ഇതിൽ ഉപയോഗിക്കുന്നത്. അതായത്, 300 ബില്യൺ ഡോളർ കടബാധ്യതയുള്ള പാകിസ്താൻ, ചൈനയുമായി പങ്കുവെക്കുന്ന ലാഭവിഹിതം കൊണ്ട് ഈ കടം വീട്ടാമെന്ന് പറയുന്നത് വെറും വിഢിത്തമാണെന്ന് സാമ്പത്തിക വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു.
പാകിസ്താൻ ഇതിനോടകം തന്നെ സാമ്പത്തികമായി പാപ്പരായെന്ന് പാക് സാമ്പത്തിക വിദഗ്ധൻ ഖൈസർ ബംഗാളി മുന്നറിയിപ്പ് നൽകുന്നു. ചൈനയോ സൗദി അറേബ്യയോ കനിഞ്ഞാൽ മാത്രം പ്രവർത്തിക്കുന്ന ഒരു ‘വെന്റിലേറ്റർ’ ആണ് പാക് സമ്പദ്‌വ്യവസ്ഥയെന്ന് അദ്ദേഹം തുറന്നടിച്ചു. സ്വന്തം ജനതയ്ക്ക് ആഹാരം നൽകാൻ പോലും ഗതിയില്ലാത്ത രാജ്യം, തങ്ങളുടെ ആയുധക്കച്ചവടം വഴി ലോകത്തെ അതിശയിപ്പിക്കുമെന്ന് പറയുന്നത് ഭാരതത്തോടുള്ള ദേശീയ വിരോധം മൂലമുള്ള വെറും പ്രസ്താവനകൾ മാത്രമാണെന്നാണ് വിമർശനം ഉയരുന്നത്.










Discussion about this post