വേദാന്ത ഗ്രൂപ്പ് ചെയർമാൻ അനിൽ അഗർവാളിന്റെ മകൻ അഗ്നിവേശ് അഗർവാളിന്റെ അപ്രതീക്ഷിത വിയോഗം വ്യവസായ ലോകത്തെ ഞെട്ടിച്ചിരിക്കുകയാണ്. അമേരിക്കയിലെ ന്യൂയോർക്കിൽ ചികിത്സയിലിരിക്കെ ഹൃദയസ്തംഭനത്തെ തുടർന്നായിരുന്നു അന്ത്യം. മകന്റെ വിയോഗത്തിന് പിന്നാലെ, തന്റെ സമ്പാദ്യത്തിന്റെ 75 ശതമാനത്തിലധികം സമൂഹത്തിനായി വിട്ടുനൽകുമെന്ന പ്രതിജ്ഞ അനിൽ അഗർവാൾ ആവർത്തിക്കുകയാണ്
സ്കീയിംഗിനിടെയുണ്ടായ അപകടത്തെത്തുടർന്ന് ചികിത്സയിലായിരുന്ന അഗ്നിവേശ്, ന്യൂയോർക്കിലെ മൗണ്ട് സിനായ് ആശുപത്രിയിൽ സുഖം പ്രാപിച്ചുവരികയായിരുന്നു. എന്നാൽ അപ്രതീക്ഷിതമായി ഉണ്ടായ ഹൃദയസ്തംഭനം ജീവൻ കവരുകയായിരുന്നു. “ജീവിതത്തിലെ ഏറ്റവും ഇരുണ്ട ദിനം” എന്നാണ് മകന്റെ വിയോഗത്തെ അനിൽ അഗർവാൾ വിശേഷിപ്പിച്ചത്. “ഏറ്റവും മോശം അവസ്ഥകൾ പിന്നിട്ടുവെന്ന് ഞങ്ങൾ കരുതി. എന്നാൽ വിധിക്ക് മറ്റ് പദ്ധതികളുണ്ടായിരുന്നു. ഒരച്ഛന് മുന്നേ മകൻ പോകേണ്ടവനല്ല,” അദ്ദേഹം വികാരാധീനനായി കുറിച്ചു.
മകനൊപ്പമുണ്ടായിരുന്ന വലിയൊരു സ്വപ്നം പൂർത്തിയാക്കാനാണ് അനിൽ അഗർവാളിന്റെ തീരുമാനം. രാജ്യത്ത് ഒരു കുട്ടിയും പട്ടിണി കിടക്കരുത്, എല്ലാവർക്കും വിദ്യാഭ്യാസം ലഭിക്കണം, സ്ത്രീകൾ സ്വന്തം കാലിൽ നിൽക്കണം തുടങ്ങിയ ലക്ഷ്യങ്ങൾക്കായി തന്റെ സ്വത്തിന്റെ മുക്കാൽ ഭാഗവും നീക്കിവെക്കുമെന്ന് അദ്ദേഹം പ്രഖ്യാപിച്ചു. അഗ്നിവേശിന് നൽകിയ വാഗ്ദാനം നിറവേറ്റുമെന്നും ഇനിയുള്ള കാലം ലളിത ജീവിതം നയിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
1976 ജൂൺ 3-ന് പട്‌നയിലെ ഒരു ഇടത്തരം ബിഹാരി കുടുംബത്തിലാണ് അഗ്നിവേശ് ജനിച്ചത്. അജ്മീറിലെ മായോ കോളേജിൽ നിന്ന് വിദ്യാഭ്യാസം പൂർത്തിയാക്കിയ അദ്ദേഹം ‘ഫുജൈറ ഗോൾഡ്’ എന്ന വൻകിട കമ്പനി കെട്ടിപ്പടുക്കുന്നതിൽ നിർണ്ണായക പങ്കുവഹിച്ചു. ഹിന്ദുസ്ഥാൻ സിങ്ക് ചെയർമാനായും പ്രവർത്തിച്ചിട്ടുണ്ട്. വ്യവസായ പ്രമുഖൻ എന്നതിലുപരി മികച്ച സ്പോർട്സ് താരം, സംഗീതജ്ഞൻ, നല്ലൊരു സുഹൃത്ത് എന്നിങ്ങനെ വലിയൊരു സൗഹൃദവലയത്തിന് ഉടമയായിരുന്നു അദ്ദേഹം. ഭാരതം സ്വയംപര്യാപ്തമാകണമെന്ന വലിയ ആഗ്രഹം അഗ്നിവേശിനുണ്ടായിരുന്നുവെന്നും ആ വെളിച്ചം താൻ മുന്നോട്ട് കൊണ്ടുപോകുമെന്നും അനിൽ അഗർവാൾ പറഞ്ഞു. വേദാന്ത ഗ്രൂപ്പിലെ ആയിരക്കണക്കിന് ജീവനക്കാരെ സ്വന്തം മക്കളെപ്പോലെ കാണുന്നതായും അദ്ദേഹം കൂട്ടിച്ചേർത്തു.











Discussion about this post