റഷ്യൻ എണ്ണ ഇറക്കുമതിയുടെ പേരിൽ ഇന്ത്യക്കെതിരെ അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് തിരിയുമ്പോൾ, ഭാരതത്തിന് പിന്തുണയുമായി യൂറോപ്യൻ കരുത്ത്. പാരിസിൽ നടന്ന വൈമർ ട്രയാംഗിൾ ചർച്ചകളിൽ വിദേശകാര്യ മന്ത്രി എസ്. ജയശങ്കർ പങ്കെടുത്തതിന് പിന്നാലെ, പോളണ്ട് ഇന്ത്യക്ക് പരസ്യ പിന്തുണയുമായി രംഗത്തെത്തി. റഷ്യൻ എണ്ണ വാങ്ങുന്ന രാജ്യങ്ങൾക്കുമേൽ 500 ശതമാനം വരെ നികുതി ചുമത്തുമെന്ന ട്രംപിന്റെ ഭീഷണിക്കിടെയാണ് പോളണ്ടിന്റെ ഈ നീക്കം.
ഇന്ത്യയുടെ പരമാധികാരത്തെയും സാമ്പത്തിക താൽപ്പര്യങ്ങളെയും ചോദ്യം ചെയ്യുന്ന തരത്തിൽ അമേരിക്കൻ ഭരണകൂടം കടുത്ത നിലപാടുകൾ സ്വീകരിക്കുന്ന സാഹചര്യത്തിലാണ് ജയശങ്കറിന്റെ യൂറോപ്യൻ സന്ദർശനം നിർണ്ണായകമാകുന്നത്. റഷ്യയിൽ നിന്ന് എണ്ണ വാങ്ങുന്നവർക്കെതിരെ ‘പണിഷ്മെന്റ് ടാക്സ്’ ഏർപ്പെടുത്താനുള്ള ബില്ലിന് ട്രംപ് പച്ചക്കൊടി കാട്ടിയത് ആഗോള വിപണിയിൽ വലിയ ചർച്ചയായിരുന്നു. എന്നാൽ, ഇതിനെ ഭയപ്പെടാതെ സ്വന്തം താൽപ്പര്യങ്ങൾ സംരക്ഷിക്കുമെന്ന ഉറച്ച നിലപാടിലാണ് ഇന്ത്യ.
പാരിസിൽ ജയശങ്കറുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷം പോളിഷ് വിദേശകാര്യ മന്ത്രി റഡാസ്ലോ സിക്കോർസ്കി ഇന്ത്യയുടെ നിലപാടുകളിൽ സംതൃപ്തി രേഖപ്പെടുത്തി. ഇന്ത്യ റഷ്യയിൽ നിന്നുള്ള എണ്ണ ഇറക്കുമതി ക്രമാനുഗതമായി കുറയ്ക്കുന്നത് പുടിന്റെ യുദ്ധസന്നാഹങ്ങളെ പ്രതിരോധിക്കാൻ സഹായിക്കുമെന്ന് അദ്ദേഹം പറഞ്ഞു. അടുത്ത ആഴ്ച സിക്കോർസ്കി ഇന്ത്യ സന്ദർശിക്കുന്നതോടെ ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം കൂടുതൽ ദൃഢമാകും.
ഫ്രാൻസ്, ജർമ്മനി, പോളണ്ട് എന്നീ രാജ്യങ്ങൾ ഉൾപ്പെട്ട വൈമർ ട്രയാംഗിൾ കൂട്ടായ്മയിൽ ഇന്ത്യക്ക് ലഭിച്ച ക്ഷണം ആഗോള രാഷ്ട്രീയത്തിൽ ഭാരതത്തിന്റെ വളരുന്ന സ്വാധീനത്തിന് തെളിവാണ്. യൂറോപ്യൻ യൂണിയനുമായുള്ള ബന്ധം ഭാരതത്തിന്റെ ‘ഏറ്റവും വലിയ പ്രയോജനപ്പെടുത്താത്ത കരുത്ത്’ ആണെന്ന് ജയശങ്കർ വിശേഷിപ്പിച്ചു. വരും ആഴ്ചകളിൽ ജർമ്മൻ ചാൻസലർ ഫ്രെഡറിക് മെർസ്, ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോൺ എന്നിവർ ഇന്ത്യ സന്ദർശിക്കുന്നത് പാശ്ചാത്യ സമ്മർദ്ദങ്ങൾക്കിടയിലും ഇന്ത്യ പതറില്ല എന്നതിന്റെ വ്യക്തമായ സൂചനയാണ്.











Discussion about this post