മൊബൈൽ ഫോണോ ഇന്റർനെറ്റ് കണക്ഷൻ ഉള്ള ഉപകരണങ്ങളോ വ്യക്തിപരമായി ഉപയോഗിക്കാറില്ലെന്ന് ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവൽ. ഡൽഹിയിൽ ‘ഭാരത് യുവ നേതാ സംവാദ്’ പരിപാടിയിൽ മുഖ്യാതിഥിയായി പങ്കെടുത്ത് നടത്തിയ സംഭാഷണത്തിനിടയിലായിരുന്നു അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. പരിപാടിക്കിടെ, യുവാക്കളുടെ ചോദ്യങ്ങൾക്ക് ഡോവൽ ഉത്തരം നൽകി. ‘ താങ്കൾക്ക് മൊബൈൽ ഫോൺ ഇല്ല എന്ന് ചില റിപ്പോർട്ടുകൾ കണ്ടിരുന്നല്ലോ’ എന്ന ഒരു യുവാവിന്റെ ചോദ്യത്തിന് ആയിരുന്നു ഡോവൽ അക്കാര്യം വാസ്തവമാണെന്ന് മറുപടി നൽകിയത്.
“നിങ്ങൾ ഇക്കാര്യം എവിടെ നിന്നാണ് കേട്ടത് എന്ന് അറിയില്ല. പക്ഷേ വാസ്തവത്തിൽ വ്യക്തിപരമായി മൊബൈൽ ഫോൺ ഉപയോഗിക്കാറില്ല. ഇന്റർനെറ്റുമായി ബന്ധിപ്പിക്കപ്പെട്ടിട്ടുള്ള ഉപകരണങ്ങൾ ഒന്നും ഉപയോഗിക്കാറില്ല. അത്യാവശ്യ സന്ദർഭങ്ങളിൽ ഫോൺ വിളിക്കാറുണ്ട്. മൊബൈൽ ഫോണുകൾ ഉപയോഗിച്ച് കുടുംബവുമായും മറ്റു കാര്യങ്ങൾക്കും ആശയവിനിമയം നടത്താറുണ്ട്. വിദേശരാജ്യങ്ങളുമായി ആശയവിനിമയം നടത്തേണ്ട അവസരങ്ങളിലും ഫോൺ ഉപയോഗിക്കാറുണ്ട്” എന്നും അജിത് ഡോവൽ വ്യക്തമാക്കി.
“യഥാർത്ഥത്തിൽ ആശയവിനിമയത്തിനായി മൊബൈൽ ഫോൺ അല്ലാതെ തന്നെ മറ്റു നിരവധി മാർഗ്ഗങ്ങളുണ്ട്. പൊതുജനങ്ങൾക്ക് അറിയാത്ത ചില ആശയവിനിമയ മാർഗങ്ങൾ പോലുമുണ്ട്. ലഭ്യമായ മാർഗങ്ങൾ ഉപയോഗപ്പെടുത്തുന്നത് ഫലപ്രദമാണ്. ഇപ്പോൾ ജനുവരി ഒന്നിന് യുവാക്കൾ എടുത്ത ഏറ്റവും വലിയ തീരുമാനങ്ങളിൽ ഒന്ന് സോഷ്യൽ മീഡിയ ഉപയോഗിച്ച് സമയം പാഴാക്കാതെ ഫലപ്രദമായ കാര്യങ്ങൾ ചെയ്യുക എന്നുള്ളതാണ്. ശരിയായ തീരുമാനങ്ങൾ എടുക്കുന്നത് നിർണായകമാണ്. ഒരു ചുവട് വയ്ക്കുന്നതിന് മുമ്പ്, അടുത്ത രണ്ട് ചുവടുകളെക്കുറിച്ച് ചിന്തിക്കണം. ഭാവിയെ കുറിച്ചുള്ള കാഴ്ചപ്പാടോടെ തീരുമാനമെടുക്കണം. ഒരിക്കൽ ഒരു തീരുമാനം എടുത്താൽ അതിൽ ഉറച്ചുനിൽക്കുകയും വേണം” എന്നും അജിത് ഡോവൽ വ്യക്തമാക്കി.











Discussion about this post