ശ്രീനഗർ : ജമ്മു കശ്മീരിൽ സംശയാസ്പദമായ രീതിയിൽ പാകിസ്താൻ ഡ്രോണുകൾ കണ്ടെത്തിയതിനെ തുടർന്ന് തിരച്ചിൽ ശക്തമാക്കി സൈന്യം. നിയന്ത്രണ രേഖയിലും അന്താരാഷ്ട്ര അതിർത്തിയിലും പാകിസ്താൻ ഡ്രോണുകൾ പറന്നതായി സൂചിപ്പിക്കുന്നു. ഈ മേഖലകളിൽ തിരച്ചിൽ ഊർജ്ജിതമാക്കിയിട്ടുണ്ട്. ഡ്രോണുകളെല്ലാം പാകിസ്താൻ ഭാഗത്തുനിന്നാണ് വന്നത്. ഏതാനും മിനിറ്റ് ഇന്ത്യൻ പ്രദേശത്തിന് മുകളിൽ പറന്ന ശേഷം തിരികെ മടങ്ങി.
ഞായറാഴ്ച രാത്രിയിൽ ജമ്മു കശ്മീരിലെ സാംബ, രജൗരി, പൂഞ്ച് ജില്ലകളിലെ അന്താരാഷ്ട്ര അതിർത്തി (ഐബി), നിയന്ത്രണ രേഖ (എൽഒസി) എന്നിവിടങ്ങളിലെ നിരവധി പ്രദേശങ്ങളിൽ സംശയാസ്പദമായ രീതിയിൽ ഡ്രോണുകളുടെ സാന്നിധ്യം ഉണ്ടായതായി സൈന്യം വ്യക്തമാക്കുന്നു. രജൗറിയിലെ നിയന്ത്രണ രേഖയോട് ചേർന്നുള്ള നൗഷേര സെക്ടറിലെ സൈനികർ ഗനിയ-കൽസിയൻ ഗ്രാമത്തിന് മുകളിലൂടെ ഡ്രോൺ നീക്കം നിരീക്ഷിച്ചപ്പോൾ മെഷീൻ ഗൺ ഉപയോഗിച്ച് വെടിയുതിർത്തു.
ഇന്ത്യയിലേക്ക് അനധികൃതമായി ആയുധങ്ങൾ കടത്തുന്നതിന് പാകിസ്താൻ ഡ്രോണുകൾ ഉപയോഗിക്കുന്നതായും കണ്ടെത്തിയിട്ടുണ്ട്. സാംബ ജില്ലയിലെ അന്താരാഷ്ട്ര അതിർത്തിക്കടുത്തുള്ള ഘഗ്‌വാളിലെ പലൂര ഗ്രാമത്തിൽ നിന്ന് പാകിസ്ഥാനിൽ നിന്ന് ഡ്രോൺ ഉപയോഗിച്ച് വർഷിച്ച ഒരു ആയുധ ശേഖരം സുരക്ഷാ സേന കണ്ടെടുത്തു. രണ്ട് പിസ്റ്റളുകൾ, മൂന്ന് മാഗസിനുകൾ, 16 റൗണ്ടുകൾ, ഒരു ഗ്രനേഡ് എന്നിവ കണ്ടെടുത്തതായി ഉദ്യോഗസ്ഥർ പറഞ്ഞു.










Discussion about this post