ആഗോളതലത്തിൽ ഇന്ത്യയിലെ പാസ്‌പോർട്ടിന് ലഭിക്കുന്ന മൂല്യവും നയതന്ത്ര കരുത്തും വിളിച്ചോതി ജർമ്മനിയുടെ പുതിയ പ്രഖ്യാപനം. ജർമ്മൻ വിമാനത്താവളങ്ങൾ വഴി യൂറോപ്പിന് പുറത്തുള്ള രാജ്യങ്ങളിലേക്ക് പോകുന്ന ഇന്ത്യക്കാർക്ക് ഇനി ട്രാൻസിറ്റ് വിസയ്ക്കായി കാത്തുനിൽക്കേണ്ടതില്ല. ജർമ്മൻ ചാൻസലർ ഫ്രെഡറിക് മെർസും പ്രധാനമന്ത്രി നരേന്ദ്ര മോദിയും ഗുജറാത്തിൽ നടത്തിയ ചരിത്രപരമായ കൂടിക്കാഴ്ചയിലാണ് ഈ തീരുമാനമായത്.
ഫ്രാങ്ക്ഫർട്ട്, മ്യൂണിക്ക് തുടങ്ങിയ പ്രധാന ജർമ്മൻ വിമാനത്താവളങ്ങൾ വഴി യാത്ര ചെയ്യുന്നവർക്ക് പുതിയ നിയമം വലിയ ആശ്വാസമാകും. ട്രാൻസിറ്റ് വിസയ്ക്കായി അപേക്ഷിക്കേണ്ടതില്ലാത്തതിനാൽ യാത്രക്കാർക്ക് സമയവും പണവും ലാഭിക്കാം.അമേരിക്കയിലേക്കോ കാനഡയിലേക്കോ പോകുന്ന യാത്രക്കാർക്ക് ജർമ്മനി വഴി കൂടുതൽ സുഗമമായി സഞ്ചരിക്കാം.ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം കൂടുതൽ ദൃഢമാക്കുന്നതിൽ ഈ നീക്കം നിർണ്ണായകമാകുമെന്ന് സംയുക്ത പ്രസ്താവനയിൽ വ്യക്തമാക്കി.വിദ്യഭ്യാസ-തൊഴിൽ മേഖലകളിൽ പുതിയ വാതിലുകൾ, പ്രതിരോധം, വ്യാപാരം, സാങ്കേതികവിദ്യ തുടങ്ങിയ മേഖലകളിൽ 19 സുപ്രധാന കരാറുകളിലാണ് ഇരുരാജ്യങ്ങളും ഒപ്പുവെച്ചത്. പുതിയ വിദ്യാഭ്യാസ നയത്തിന് കീഴിൽ പ്രമുഖ ജർമ്മൻ സർവ്വകലാശാലകളെ ഇന്ത്യയിൽ കാമ്പസുകൾ തുടങ്ങാൻ പ്രധാനമന്ത്രി ക്ഷണിച്ചു.
ഉന്നത വിദ്യാഭ്യാസ റോഡ്മാപ്പ്: വിദ്യാർത്ഥികൾക്കും പ്രൊഫഷണലുകൾക്കും രണ്ട് രാജ്യങ്ങൾക്കിടയിലുള്ള യാത്രയും പഠനവും എളുപ്പമാക്കാൻ സമഗ്രമായ റോഡ്മാപ്പിന് രൂപം നൽകും. ഭാരതീയരായ വിദഗ്ദ്ധ തൊഴിലാളികൾക്ക് ജർമ്മൻ തൊഴിൽ വിപണിയിൽ കൂടുതൽ അവസരങ്ങൾ ഉറപ്പാക്കും. ഇന്ത്യയുടെ ആഗോള സ്വാധീനം. ചാൻസലർ പദവി ഏറ്റെടുത്ത ശേഷം മെർസ് നടത്തുന്ന ആദ്യ ഏഷ്യൻ സന്ദർശനമാണിതെന്നത് ശ്രദ്ധേയമാണ്. ഇന്ത്യയുടെ ഒരു തന്ത്രപ്രധാന പങ്കാളിയായി ജർമ്മനി കാണുന്നു എന്നതിന്റെ തെളിവാണിത്. സബർമതി ആശ്രമം സന്ദർശിച്ചും പട്ടം പറത്തൽ ഉത്സവത്തിൽ പങ്കുചേർന്നും ഭാരതീയ സംസ്കാരത്തെ ചാൻസലർ അനുമോദിച്ചു. ആഗോള രാഷ്ട്രീയത്തിൽ ഭാരതത്തിന്റെ ശബ്ദം കൂടുതൽ കരുത്താർജ്ജിക്കുന്നതിന്റെയും, ലോകരാജ്യങ്ങൾ ഭാരതീയരുടെ വിശ്വസ്തതയും കഴിവും അംഗീകരിക്കുന്നതിന്റെയും അടയാളമായി ഈ വിസ ഇളവിനെ കാണാം.











Discussion about this post