ഭാരതത്തിനെതിരായ നിഴൽ യുദ്ധത്തിൽ പാകിസ്താൻ കാലങ്ങളായി ഉപയോഗിച്ചുവന്ന ലഷ്കർ-ഇ-തൊയ്ബ എന്ന ഭീകരസംഘടന ഇപ്പോൾ പാക് ഭരണകൂടത്തിന് തന്നെ ഭീഷണിയാകുന്നു. ലഷ്കറിനുള്ളിൽ ഐഎസ്ഐയ്ക്കും പാക് സൈന്യത്തിനുമെതിരെ പടയൊരുക്കം നടക്കുന്നതായാണ് വിവരം. ‘ഓപ്പറേഷൻ സിന്ദൂർ’ വഴി ഇന്ത്യ നൽകിയ കനത്ത പ്രഹരമാണ് ഈ വിള്ളലിന്റെ പ്രധാന കാരണമെന്നാണ് ഇന്റലിജൻസ് കേന്ദ്രങ്ങൾ വ്യക്തമാക്കുന്നത്.
പഹൽഗാം ഭീകരാക്രമണത്തിന് മറുപടിയായി ഇന്ത്യൻ സൈന്യം നടത്തിയ ‘ഓപ്പറേഷൻ സിന്ദൂർ’ ലഷ്കർ-ഇ-തൊയ്ബയുടെ നട്ടെല്ലൊടിച്ചിരുന്നു.ഭാരതത്തിന്റെ ആക്രമണത്തിൽ നിന്ന് തങ്ങളെ സംരക്ഷിക്കാൻ ഐഎസ്ഐയ്ക്കും പാക് സൈന്യത്തിനും കഴിഞ്ഞില്ലെന്നത് ഭീകരരെ പ്രകോപിപ്പിച്ചുവത്രേ. സംരക്ഷണം നൽകിയില്ലെന്നാണ് ഭീകരരുടെ പരാതി. ബലൂചിസ്ഥാനിലെ ഖനനത്തിനും ചൈനീസ് താല്പര്യങ്ങൾ സംരക്ഷിക്കുന്നതിനും വേണ്ടി തങ്ങളെ ബലൂച് ലിബറേഷൻ ആർമി (BLA), ടിടിപി (TTP) എന്നിവർക്കെതിരെ ഉപയോഗിക്കുന്നതിലും ലഷ്കർ നേതാക്കൾക്ക് കടുത്ത വിയോജിപ്പുണ്ട്. സ്വന്തം നാട്ടുകാർക്കെതിരെ യുദ്ധം ചെയ്യാൻ തങ്ങളെ നിർബന്ധിക്കുന്നത് എന്തിനെന്ന ചോദ്യമാണ് ഇവർ ഉന്നയിക്കുന്നത്.
സമീപ മാസങ്ങളിൽ സംഘടന എടുക്കേണ്ടിവന്ന ചില തീരുമാനങ്ങളിൽ ചില ഉന്നത നേതാക്കൾ അതൃപ്തി പ്രകടിപ്പിക്കുന്നുണ്ട്. ഓപ്പറേഷൻ സിന്ദൂരിന്റെ ഭാഗമായി ഭീകർക്ക് കനത്ത നഷ്ടം നേരിടേണ്ടി വന്നു. അതിനുശേഷം, പുനഃസംഘടന ബുദ്ധിമുട്ടായിരുന്നു, കൂടാതെ പലർക്കും ഐഎസ്‌ഐയിലും പാകിസ്താൻ സൈന്യത്തിലും വിശ്വാസം നഷ്ടപ്പെട്ടു. താലിബാനെ പിന്തുണയ്ക്കുന്നതിനെക്കുറിച്ച് ലഷ്‌കർ-ഇ-തൊയ്ബ വളരെ ശക്തമായി വാദിച്ചിട്ടുണ്ട്, ഇപ്പോൾ പാക് സൈന്യം അഫ്ഗാനിസ്ഥാനിൽ ഗ്രൂപ്പുമായി യുദ്ധം ചെയ്യുന്നത് ലഷ്‌കറിന്റെ നേതൃത്വത്തെ കൂടുതൽ പ്രകോപിപ്പിച്ചിട്ടുണ്ടെന്നും റിപ്പോർട്ടുകളുണ്ട്.
ലഷ്കർ കമാൻഡർ മുഹമ്മദ് അഷ്ഫാഖ് റാണയുടെ ഒരു വീഡിയോ ഇപ്പോൾ പാകിസ്താനിൽ ചർച്ചയാണ്. പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫിനെയും ആർമി ചീഫ് ഫീൽഡ് മാർഷൽ ആസിം മുനീറിനെയും വീഡിയോയിൽ ഇയാൾ രൂക്ഷമായി വിമർശിക്കുന്നു. ഭരണകൂടം നമ്മളെ ചൂഷണം ചെയ്തു. രാജ്യം കടക്കെണിയിലായി. അഴിമതി നടത്തി രാജ്യം നശിപ്പിച്ചു. നമ്മുടെ പോരാട്ടം ഭാരതത്തിനെതിരെയും പാശ്ചാത്യ ശക്തികൾക്കെതിരെയും മാത്രമായിരിക്കണം.” – റാണ വീഡിയോയിൽ പറയുന്നു.
ഭീകര സംഘടനയിലെ ചില അംഗങ്ങൾക്കും പാക് ചാരസംഘടനയ്ക്കും ഇടയിൽ വലിയൊരു വിള്ളൽ ഉണ്ടെന്നതിന്റെ സൂചനയാണ് ഈ സമീപകാല സംഭവവികാസങ്ങളെല്ലാം. പാകിസ്താൻ സ്വന്തം കുഴി തോണ്ടുകയാണ് എന്നതിന്റെ ഏറ്റവും വലിയ തെളിവാണ് ഈ ആഭ്യന്തര ലഹള. ലഷ്കർ ഭീകരർ കൂറുമാറി ടിടിപി (TTP) പോലുള്ള സംഘടനകളിൽ ചേർന്നാൽ പാകിസ്താൻ്റെ തകർച്ച പൂർണ്ണമാകും. ലഷ്കറിലെ ഈ പിളർപ്പ് വൈകാതെ ജെയ്‌ഷെ മുഹമ്മദിലേക്കും വ്യാപിക്കുമെന്നാണ് കരുതപ്പെടുന്നത്. ശത്രുവിനെ ശത്രുവിന്റെ ആയുധം കൊണ്ട് തന്നെ തകർക്കുന്ന തന്ത്രമാണ് ഇവിടെ വിജയിക്കുന്നത്










Discussion about this post