നവീന യുദ്ധമുറകളിൽ മിസൈലുകളുടെയും റോക്കറ്റുകളുടെയും പ്രാധാന്യം വർദ്ധിച്ചുവരുന്ന പശ്ചാത്തലത്തിൽ, സ്വന്തമായി ഒരു ‘റോക്കറ്റ്-കം-മിസൈൽ’ സേന രൂപീകരിക്കാനൊരുങ്ങി ഭാരതം. പാകിസ്താനിൽ നിന്നും ചൈനയിൽ നിന്നുമുള്ള ഇരട്ട ഭീഷണികൾ നേരിടാൻ ഇത്തരമൊരു പ്രത്യേക സേനാ വിഭാഗം രാജ്യത്തിന് അത്യന്താപേക്ഷിതമാണെന്ന് കരസേനാ മേധാവി ജനറൽ ഉപേന്ദ്ര ദ്വിവേദി വ്യക്തമാക്കി. ആധുനിക യുദ്ധക്കളങ്ങളിൽ മിസൈലുകൾ വഹിക്കുന്ന പങ്ക് ചെറുതല്ല. 2025 മെയ് മാസത്തിൽ ഇന്ത്യ നടത്തിയ ‘ഓപ്പറേഷൻ സിന്ദൂർ’ ഈ യാഥാർത്ഥ്യം അടിവരയിട്ടു. ഇതിന്റെ ചുവടുപിടിച്ച്, ഒരു പ്രത്യേക റോക്കറ്റ് സേന രൂപീകരിക്കാനാണ് രാജ്യം ലക്ഷ്യമിടുന്നത്.
നിലവിൽ ഇന്ത്യയുടെ മിസൈലുകളും റോക്കറ്റുകളും ആർട്ടിലറി റെജിമെന്റുകളും ആർമി എയർ ഡിഫൻസും (AAD) ആണ് നിയന്ത്രിക്കുന്നത്. എന്നാൽ ഇത് ഒരു പ്രത്യേക കമാൻഡിന് കീഴിലാക്കുന്നത് പ്രത്യാക്രമണങ്ങളുടെ വേഗതയും കൃത്യതയും വർദ്ധിപ്പിക്കും. ഓപ്പറേഷൻ സിന്ദൂറിന് പിന്നാലെ പാകിസ്താൻ ചൈനീസ് മാതൃകയിൽ ‘ആർമി റോക്കറ്റ് ഫോഴ്‌സ് കമാൻഡ്’ രൂപീകരിച്ചിരുന്നു
300 മുതൽ 450 കിലോമീറ്റർ വരെ പരിധിയുള്ള മിസൈലുകൾക്കായുള്ള കരാറുകൾ ഭാരതം ഇതിനകം ഒപ്പിട്ടു കഴിഞ്ഞു. ഇന്ത്യ വികസിപ്പിച്ചെടുത്ത പിനാക റോക്കറ്റുകൾ, പ്രളയ് ബാലസ്റ്റിക് മിസൈലുകൾ, ബ്രഹ്മോസ് സൂപ്പർസോണിക് ക്രൂയിസ് മിസൈലുകൾ എന്നിവ പുതിയ റോക്കറ്റ് സേനയുടെ നട്ടെല്ലായി മാറും. 120 കിലോമീറ്റർ പരിധിയുള്ള പിനാക ലോംഗ് റേഞ്ച് ഗൈഡഡ് റോക്കറ്റ് അടുത്തിടെ വിജയകരമായി പരീക്ഷിച്ചിരുന്നു. ഭാരതത്തിന്റെ പരമാധികാരം സംരക്ഷിക്കാനും അതിർത്തികളിലെ കടന്നുകയറ്റങ്ങളെ തകർക്കാനും ഒരു പ്രത്യേക റോക്കറ്റ്-കം-മിസൈൽ സേനയുടെ രൂപീകരണം ചരിത്രപരമായ ഒരു ചുവടുവെപ്പായിരിക്കും









Discussion about this post