ഭാരതത്തിന്റെ റെയിൽവേ ഭൂപടത്തിൽ വിപ്ലവകരമായ മാറ്റങ്ങൾ വരുത്തിക്കൊണ്ട് ‘അമൃത് ഭാരത്’ ട്രെയിനുകളുടെ ശൃംഖല വിപുലീകരിക്കുന്നു. വന്ദേ ഭാരത് ട്രെയിനുകൾക്ക് സമാനമായ വേഗതയും സൗകര്യങ്ങളും സാധാരണക്കാർക്ക് താങ്ങാനാവുന്ന നിരക്കിൽ ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെയാണ് മോദി സർക്കാർ ഈ പദ്ധതിക്ക് മുൻഗണന നൽകുന്നത്. വടക്കുകിഴക്കൻ സംസ്ഥാനങ്ങളെയും കിഴക്കൻ ഭാരതത്തെയും ദക്ഷിണേന്ത്യയുമായി ബന്ധിപ്പിക്കുന്നതാണ് പുതിയ റൂട്ടുകൾ.
പുതിയ ഒൻപത് റൂട്ടുകൾ ഏതൊക്കെ?
പശ്ചിമ ബംഗാളിലെയും അസമിലെയും കുടിയേറ്റ തൊഴിലാളികൾക്കും വിദ്യാർത്ഥികൾക്കും വലിയ ആശ്വാസമാകുന്ന രീതിയിലാണ് റൂട്ടുകൾ ക്രമീകരിച്ചിരിക്കുന്നത്.
കാമാഖ്യ (ഗുവാഹത്തി) – റോഹ്തക്: (15671/15672)
ദിബ്രുഗഡ് – ലഖ്‌നൗ (ഗോമതി നഗർ): (15949/15950)
ന്യൂ ജൽപായ്ഗുരി – നാഗർകോവിൽ: (20603/20604)
ന്യൂ ജൽപായ്ഗുരി – തിരുച്ചിറപ്പള്ളി: (20601/20609)
അലിപുർദുർ – SMVT ബെംഗളൂരു: (16597/16598)
അലിപുർദുർ – മുംബൈ (പൻവേൽ): (11031/11032)
സന്തരാഗച്ചി (കൊൽക്കത്ത) – താംബരം: (16107/16108)
ഹൗറ – ആനന്ദ് വിഹാർ ടെർമിനൽ (ഡൽഹി): (13065/13066)
സീൽദ – ബനാറസ്: (22587/22588)
അമൃത് ഭാരത്: പ്രത്യേകതകൾ
സാധാരണ എക്സ്പ്രസ് ട്രെയിനുകളിൽ നിന്ന് വ്യത്യസ്തമായി അത്യാധുനിക സാങ്കേതികവിദ്യയാണ് അമൃത് ഭാരതിൽ ഉപയോഗിച്ചിരിക്കുന്നത്.
പുഷ്-പുൾ സാങ്കേതികവിദ്യ: ട്രെയിനിന്റെ ഇരുവശത്തും എഞ്ചിനുകൾ (WAP-5) ഉള്ളതിനാൽ പെട്ടെന്ന് വേഗത കൈവരിക്കാനും നിർത്താനും സാധിക്കും. മണിക്കൂറിൽ 130 കിലോമീറ്ററാണ് ഇതിന്റെ വേഗത.
കുലുക്കമില്ലാത്ത യാത്ര: ബോഗികൾ തമ്മിൽ ബന്ധിപ്പിക്കാൻ ‘സെമി-പെർമനന്റ് കപ്ലറുകൾ’ ഉപയോഗിക്കുന്നതിനാൽ ട്രെയിൻ എടുക്കുമ്പോഴും നിർത്തുമ്പോഴും കുലുക്കം അനുഭവപ്പെടില്ല.
സൗകര്യങ്ങൾ: എല്ലാ സീറ്റുകൾക്കും മൊബൈൽ ചാർജിംഗ് പോയിന്റുകൾ, സിസിടിവി ക്യാമറകൾ, സെൻസർ വാട്ടർ ടാപ്പുകൾ, മോഡുലാർ ബയോ-വാക്വം ശുചിമുറികൾ എന്നിവ സജ്ജീകരിച്ചിട്ടുണ്ട്.
കോച്ചുകൾ: 22 കോച്ചുകളുള്ള ട്രെയിനിൽ 12 സ്ലീപ്പർ കോച്ചുകളും 8 ജനറൽ കോച്ചുകളും 2 ലഗേജ് കമ്പാർട്ടുമെന്റുകളും ഉണ്ടായിരിക്കും.
ടിക്കറ്റ് നിരക്ക്
അമൃത് ഭാരതിന്റെ ഏറ്റവും വലിയ പ്രത്യേകത അതിന്റെ നിരക്കാണ്. 1000 കിലോമീറ്റർ യാത്രയ്ക്ക് ഏകദേശം 500 രൂപ മാത്രമാണ് ചെലവ് വരുന്നത്. ഡൈനാമിക് പ്രൈസിംഗ് ഇല്ലാത്തതിനാൽ സാധാരണക്കാർക്ക് കുറഞ്ഞ ചെലവിൽ ദീർഘദൂര യാത്ര സാധ്യമാകും.












Discussion about this post