കഴിഞ്ഞ 13 വർഷമായി അബോധാവസ്ഥയിൽ കഴിയുന്ന ഹരീഷ് റാണയുടെ (32) ദയാവധ ഹർജിയിൽ സുപ്രീം കോടതി ഇന്ന് (2026 ജനുവരി 15, വ്യാഴം) നിർണ്ണായക വിധി പുറപ്പെടുവിക്കും. ഹരീഷിന്റെ മാതാപിതാക്കൾ സമർപ്പിച്ച ഹർജിയിൽ ജസ്റ്റിസുമാരായ ജെ.ബി പർദിവാല, കെ.വി വിശ്വനാഥൻ എന്നിവരടങ്ങിയ ബെഞ്ചാണ് അന്തിമ തീരുമാനം എടുക്കുന്നത്.
ചണ്ഡീഗഡ് സർവ്വകലാശാലയിൽ സിവിൽ എഞ്ചിനീയറിംഗ് വിദ്യാർത്ഥിയായിരുന്ന ഹരീഷ് റാണ 2013 ആഗസ്റ്റ് 20-ന് താൻ താമസിച്ചിരുന്ന പി.ജി ഹോസ്റ്റലിന്റെ നാലാം നിലയിൽ നിന്ന് വീണാണ് ഗുരുതരമായി പരിക്കേറ്റ് അബോധാവസ്ഥയിലായത്.ഹരീഷിന്റെ ചികിത്സയ്ക്കായി ഡൽഹിയിലെ വീട് വിറ്റ് ഗാസിയാബാദിലേക്ക് താമസം മാറിയ മാതാപിതാക്കൾക്ക് പ്രായം ഏറുന്നതോടെ മകന്റെ കാര്യത്തിൽ വലിയ ആശങ്കയാണുള്ളത്
നിലവിൽ ശ്വസനത്തിന് ട്രക്കിയോസ്റ്റമി ട്യൂബും ഭക്ഷണത്തിനായി ഗ്യാസ്ട്രോസ്റ്റമി ട്യൂബും വഴിയാണ് ഹരീഷിന്റെ ജീവൻ നിലനിർത്തുന്നത്.”മകൻ ഇനി തിരിച്ചുവരില്ലെന്ന് ഡോക്ടർമാർ വിധിയെഴുതിക്കഴിഞ്ഞു. അവൻ അനുഭവിക്കുന്ന വേദന ഇനിയെങ്കിലും അവസാനിപ്പിക്കണം” എന്ന് മാതാപിതാക്കൾ കോടതിയിൽ വികാരാധീനരായി പറഞ്ഞു.ഹരീഷ് സുഖം പ്രാപിക്കാനുള്ള സാധ്യത തീരെയില്ലെന്നും കൃത്രിമ മാർഗ്ഗങ്ങളിലൂടെയാണ് ജീവൻ നിലനിർത്തുന്നതെന്നും എയിംസിലെ (AIIMS) മെഡിക്കൽ ബോർഡ് റിപ്പോർട്ട് നൽകിയിട്ടുണ്ട്.
നിയമം പറയുന്നത് എന്ത്?
ഭാരതത്തിൽ ‘പാസീവ് യൂത്തനേഷ്യ’ (Passive Euthanasia) അഥവാ ചികിത്സ പിൻവലിച്ചു കൊണ്ടുള്ള ദയാവധം നിയമപരമാണ്.വെന്റിലേറ്ററോ മറ്റ് ജീവൻരക്ഷാ ഉപകരണങ്ങളോ മാറ്റി സ്വാഭാവിക മരണം അനുവദിക്കുന്ന രീതി. 2011-ലെ അരുണ ഷാൻബാഗ് കേസിൽ ഇത് ആദ്യമായി അംഗീകരിക്കപ്പെട്ടു. മരുന്ന് കുത്തിവെച്ചോ മറ്റോ മരണം വേഗത്തിലാക്കുന്നത് ഭാരതത്തിൽ നിയമവിരുദ്ധമാണ്.
2018-ൽ സുപ്രീം കോടതി മാന്യമായി മരിക്കാനുള്ള അവകാശം ഭരണഘടനയുടെ 21-ാം അനുച്ഛേദത്തിന്റെ ഭാഗമാണെന്ന് വിധിച്ചിരുന്നു.
ഹരീഷ് റാണയുടെ കാര്യത്തിൽ ദയാവധം അനുവദിച്ചാൽ, ഭാരതത്തിൽ നിയമപരമായി ഇത്തരത്തിൽ അനുവദിക്കപ്പെടുന്ന ആദ്യത്തെ പ്രധാന കേസായി ഇത് മാറും. ഹരീഷിന്റെ മാതാപിതാക്കളുമായി ജഡ്ജിമാർ നേരിട്ട് സംസാരിച്ച് അവരുടെ അവസ്ഥ ബോധ്യപ്പെട്ടിട്ടുണ്ട്. രാജ്യത്തെ ദയാവധ നിയമങ്ങളിൽ പുതിയ വഴിത്തിരിവാകാൻ പോകുന്ന വിധിയാണ് ഇന്ന് പ്രതീക്ഷിക്കുന്നത്













Discussion about this post