തനിക്കെതിരെ വിമര്‍ശനങ്ങളും ആരോപണങ്ങളും ഉന്നയിക്കുന്ന രാഷട്രീയ നിരീക്ഷകന്‍ അഡ്വ: ജയശങ്കറിന് ഡിവൈഎഫ്‌ഐ സംസ്ഥാന സെക്രട്ടറി എം സ്വരാജിന്റെ മറുപടി.
സി പി ഐ യുടെ ‘നേതാവാണെന്നു സമ്മതിക്കുന്ന ജയശങ്കര്‍ എങ്ങിനെയാണ് ് ആര്‍ എസ് എസിന്റെ ചടങ്ങില്‍ പങ്കെടുക്കാന്‍ കഴിയുന്നതെന്നും അവരുടെ കൊടിയും പിടിച്ച് ‘ശോഭായാത്രയില്‍ ‘ പങ്കെടുക്കാനാവുന്നതെന്നും സ്വരാജ് തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെ ചോദിച്ചു.
‘രാവിലെ സി പി ഐ നേതാവായും, ഉച്ചക്ക് ആര്‍.എസ് എസ് സ്വയം സേവകനായും വൈകിട്ട് ബി ഡി ജെ എസ് ഉപദേഷ്ടാവായും, രാത്രി സകലരെയും തെറി വിളിക്കുന്ന നീരീക്ഷകനായും പ്രത്യക്ഷപ്പെടുന്ന അങ്ങ് എപ്പോഴെങ്കിലും ഒന്ന് സ്വയം വിലയിരുത്താന്‍ ശ്രമിക്കുമോ? അതിനു് സാധിച്ചാല്‍, എത്രമാത്രം അപഹാസ്യനായാണ് താങ്കള്‍ അസംബന്ധ നാടകമാടുന്നതെന്ന് മനസിലാവും. നൈമിഷികമായ ഈ ജീവിതത്തില്‍ ഒരിക്കലെങ്കിലും സത്യസന്ധവും ആത്മാര്‍ത്ഥവുമായ ഒരു നിലപാടു സ്വീകരിക്കാന്‍ താങ്കള്‍ക്ക് കഴിഞ്ഞെങ്കിലെന്ന് ഞാന്‍ ആശിച്ചു പോകുന്നു. ഷേക്‌സ്പിയര്‍ എഴുതിയതു പോലെ അവനവനോടെങ്കിലും സത്യസന്ധത കാണിക്കാന്‍ നിങ്ങള്‍ക്ക് കഴിയട്ടെയെന്നാശംസിക്കുന്നു.-‘ സ്വരാജ് പറഞ്ഞു
‘രാഷ്ട്രീയം നിരീക്ഷിക്കാനുള്ളതാണെന്ന് ധരിച്ചു വശായ താങ്കള്‍ താങ്കളെ വിശേഷിപ്പിക്കുന്നത് ‘രാഷ്ട്രീയ നിരീക്ഷകന്‍ ‘ എന്നാണല്ലോ..! രാഷ്ട്രീയം നിരീക്ഷിക്കാനുള്ളതല്ല സര്‍.. ഇടപെടാനുള്ളതാണ് രാഷ്ട്രീയം, പ്രവര്‍ത്തിക്കാനുള്ളതാണ്… ഇത് തിരിച്ചറിയാത്ത നിരീക്ഷകദേഹങ്ങളോടാവാം പണ്ട് ലെനിന്‍ ഇങ്ങനെ പറഞ്ഞത് ‘ if you don’t interfere in politics, the politics will interfere in your life ‘…. ഒരു കമ്യൂണിസ്റ്റ് പാര്‍ട്ടിയില്‍ അംഗമായ താങ്കളോട് ഇത് ഓര്‍മിപ്പിക്കേണ്ടി വന്നതില്‍ എനിക്ക് ഖേദമുണ്ട്’ സ്വരാജ് പറഞ്ഞു
”മറ്റുള്ളവരെയൊക്കെ തെറി വിളിക്കുകയും, യു.പി സ്‌കൂള്‍ കുട്ടികളെ പോലെ പട്ടി, കുരങ്ങ് എന്നൊക്കെ വിളിച്ചു കൂവുകയും ചെയ്യുന്ന താങ്കളുടെ സ്ഥിതിയില്‍ എനിക്കാശങ്കയുണ്ട്. ഇങ്ങനെയൊക്കെ പറയുമ്പോള്‍ നിങ്ങള്‍ക്ക് മാനസികമായ സുഖം തോന്നാറുണ്ടോ? ഉണ്ടെങ്കില്‍ അത് ഗൗരവമായി കാണണം .ഞാന്‍ നിങ്ങളെ കളിയാക്കുന്നതല്ല .എന്റെ സബ്‌സിഡിയറി സബ്ജക്റ്റ് സൈക്കോളജി ആയിരുന്നുവെന്ന് ഓര്‍മിപ്പിക്കുക മാത്രം ചെയ്യട്ടെ. നല്ല ഉദ്ദേശത്തോടെ ഞാന്‍ പറഞ്ഞാലും താങ്കള്‍ക്കത് ഇഷ്ടമാവില്ലെന്ന് എനിക്കറിയാം. താങ്കളോട് സ്‌നേഹവും കരുതലുമുള്ള, താങ്കള്‍ക്ക് വിശ്വാസമുള്ള ആരെങ്കിലും ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കുമെന്ന് ഞാന്‍ ആശിക്കുന്നു.”- എന്നിങ്ങനെ പോകുന്നു സ്വരാജിന്റെ പോസ്റ്റ്-
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം
പ്രിയ്യപ്പെട്ട അഡ്വ: എം.ജയശങ്കറിന് സ്‌നേഹപൂര്‍വ്വം…..
എം. സ്വരാജ്.
താങ്കള്‍ ഒരു ഓണ്‍ലൈന്‍ മീഡിയയിലും ഫേസ് ബുക്കിലും എന്നെക്കുറിച്ച് എഴുതിയ കുറിപ്പുകള്‍ വായിച്ചു. എനിക്കതിലൊന്നും ഒട്ടും അദ്ഭുതം തോന്നിയില്ല. തീര്‍ച്ചയായും താങ്കളില്‍ നിന്നും പ്രതീക്ഷിക്കാവുന്നത് മാത്രമേ ആ കുറിപ്പുകളിലുള്ളൂ. താങ്കള്‍ ഒരുപാടു തവണ ആവര്‍ത്തിച്ചിട്ടുള്ള കാര്യങ്ങളാണല്ലോ കുറിപ്പുകളിലുള്ളത്. താങ്കളുമായി അത്തരം കാര്യങ്ങളെക്കുറിച്ച് മുഖാമുഖം ചര്‍ച്ച ചെയ്യണമെന്നായിരുന്നു എന്റെ ആഗ്രഹം. ഒരിക്കല്‍ ചാനല്‍ ചര്‍ച്ചയില്‍ അക്കാര്യം ഞാന്‍ പരസ്യമായി പറയുകയും ഏത് സമയത്തും അത്തരമൊരു ചര്‍ച്ചയില്‍ പങ്കെടുക്കാനുള്ള എന്റെ സന്നദ്ധത അറിയിക്കുകയും ചെയ്തിരുന്നു. അങ്ങനെ ഒരു ചര്‍ച്ച നടത്താമെന്ന് ചാനല്‍ മേധാവി പിന്നീട് എന്നോട് പറഞ്ഞിരുന്നെങ്കിലും പക്ഷെ എന്തുകൊണ്ടോ താങ്കളുടെ ‘സ്വന്തം ചാനല്‍’ അങ്ങനെ ഒരവസരം ഇതുവരെ ഉണ്ടാക്കിയിട്ടില്ല.
ഇപ്പോള്‍ ചില കാര്യങ്ങള്‍ക്കുള്ള പ്രതികരണം ഈ കുറിപ്പിലൂടെ നല്‍കാമെന്ന് കരുതുന്നു. ഭാവിയിലാണെങ്കിലും ഏതു സമയത്തും താങ്കളുമായി ഒരു സംവാദത്തിന് ഞാന്‍ തയ്യാറാണെന്നറിയിക്കാനും ഈ അവസരം ഉപയോഗിക്കുന്നു.
താങ്കള്‍ എഴുതിയ കുറിപ്പില്‍ എന്നെ വിശേഷിപ്പിച്ചത് ‘പിണറായിയുടെ ദാസന്‍ ‘ എന്നാണ്. ആ കുറിപ്പില്‍ തന്നെ നിങ്ങള്‍ പറയുന്നു പാലക്കാട് ജില്ലാ കമ്മിറ്റി നല്‍കിയ ശുപാര്‍ശയിലെ എന്റെ പേര് പിണറായി ചുവന്ന മഷി കൊണ്ട് വെട്ടി എന്ന്. ..!. ഇതു രണ്ടും നിങ്ങള്‍ തന്നെ പറയുമ്പോള്‍ നിങ്ങള്‍ക്കെന്തു പറ്റി എന്ന് സ്വഭാവികമായും ചിന്തിച്ചു പോവില്ലേ?. നുണ പറയുമ്പോള്‍ പരസ്പര വിരുദ്ധമാവാതിരിക്കാനെങ്കിലും നോക്കണ്ടെ സര്‍? അതോ ഇതൊക്കെ എഴുതി പിടിപ്പിക്കുമ്പോള്‍ ഇങ്ങനെയൊക്കെ അബദ്ധം പറ്റാതെ നോക്കാനുള്ള അവസ്ഥയിലായിരുന്നില്ലേ താങ്കള്‍?! ഭാവിയിലെങ്കിലും നുണപറയുമ്പോള്‍ പൂര്‍വാപര ബന്ധീ ശ്രദ്ധിക്കുമല്ലോ?
എനിക്ക് നിലമ്പൂരില്‍ മല്‍സരിക്കാനായിരുന്നു ആഗ്രഹമെന്ന് താങ്കള്‍ എഴുതുന്നു. എന്നെക്കുറിച്ച് എന്തു മനസിലാക്കിയിട്ടാണ് നിങ്ങള്‍ ഇങ്ങനെയൊക്കെ വെച്ചു കാച്ചുന്നത്? രാഷ്ട്രീയ പ്രവര്‍ത്തനത്തിന്റെ പരമമായ ലക്ഷ്യം തിരഞ്ഞെടുപ്പില്‍ മല്‍സരിക്കലാണെന്നു കരുതുന്ന ഒരാളല്ല ഞാനെന്ന് താങ്കള്‍ ദയവായി മനസിലാക്കണം. മല്‍സരിക്കണമെന്ന് പാര്‍ടി തീരുമാനിച്ചാല്‍ മല്‍സരിക്കും. അത് പാറശാല ആയാലും മഞ്ചേശ്വരം ആയാലും മല്‍സരിക്കും. അതിനപ്പുറത്ത് തിരഞ്ഞെടുപ്പിലെ സ്ഥാനാര്‍ത്ഥിത്വം ഞങ്ങളെയാരെയും ആശങ്കപ്പെടുത്താറില്ല. താങ്കളുടെ അടുപ്പക്കാരായ കോണ്‍ഗ്രസ് / ആര്‍ എസ് എസ് നേതാക്കന്‍മാരെ അളക്കുന്ന സ്‌കെയിലുകൊണ്ട് ദയവായി ഞങ്ങളെ അളക്കരുത് .ജനകീയ സമരങ്ങളില്‍ പങ്കെടുത്തതിന്റെ ഭാഗമായോ, ജനങ്ങള്‍ക്ക് വേണ്ടി പ്രവര്‍ത്തിച്ചതിന്റെ ഭാഗമായോ ഒരു രോമത്തിനു പോലും ഇതുവരെ പോറലേറ്റിട്ടില്ലാത്ത, ജയിലും ലോക്കപ്പും പോലീസ് ഗുണ്ടാ മര്‍ദ്ദനവുമൊക്കെ സിനിമയില്‍ മാത്രം കണ്ടിട്ടുള്ള താങ്കള്‍ക്ക് ഞങ്ങളെയൊക്കെ മനസിലാവണമെങ്കില്‍ കാലമിനിയുമൊരുപാട് കഴിയേണ്ടി വരും.
രാഷ്ട്രീയം നിരീക്ഷിക്കാനുള്ളതാണെന്ന് ധരിച്ചു വശായ താങ്കള്‍ താങ്കളെ വിശേഷിപ്പിക്കുന്നത് ‘രാഷ്ട്രീയ നിരീക്ഷകന്‍ ‘ എന്നാണല്ലോ..! രാഷ്ട്രീയം നിരീക്ഷിക്കാനുള്ളതല്ല സര്‍.. ഇടപെടാനുള്ളതാണ് രാഷ്ട്രീയം, പ്രവര്‍ത്തിക്കാനുള്ളതാണ്… ഇത് തിരിച്ചറിയാത്ത നിരീക്ഷകദേഹങ്ങളോടാവാം പണ്ട് ലെനിന്‍ ഇങ്ങനെ പറഞ്ഞത് ‘…………. ഒരു കമ്യൂണിസ്റ്റ് പാര്‍ട്ടിയില്‍ അംഗമായ താങ്കളോട് ഇത് ഓര്‍മിപ്പിക്കേണ്ടി വന്നതില്‍ എനിക്ക് ഖേദമുണ്ട്.
സി പി ഐ യുടെ ‘നേതാവാണ്’ നിങ്ങള്‍ എന്നാണല്ലോ നിങ്ങള്‍ തന്നെ സമ്മതിക്കുന്നത്. അങ്ങനെയുള്ള നിങ്ങള്‍ക്കെങ്ങനെയാണ് ആര്‍ എസ് എസിന്റെ ചടങ്ങില്‍ പങ്കെടുക്കാന്‍ കഴിയുന്നത്? അവരുടെ കൊടിയും പിടിച്ച് ‘ശോഭായാത്രയില്‍ ‘ പങ്കെടുക്കാനാവുന്നത്? ശ്രീ.വെള്ളാപ്പള്ളിയുടെ പാര്‍ട്ടിയുടെ ഉപദേശകനാവാന്‍ കഴിയുന്നത്? രാവിലെ സി പി ഐ നേതാവായും, ഉച്ചക്ക് ആര്‍.എസ് എസ് സ്വയം സേവകനായും വൈകിട്ട് ബി ഡി ജെ എസ് ഉപദേഷ്ടാവായും, രാത്രി സകലരെയും തെറി വിളിക്കുന്ന നീരീക്ഷകനായും പ്രത്യക്ഷപ്പെടുന്ന അങ്ങ് എപ്പോഴെങ്കിലും ഒന്ന് സ്വയം വിലയിരുത്താന്‍ ശ്രമിക്കുമോ? അതിനു് സാധിച്ചാല്‍, എത്രമാത്രം അപഹാസ്യനായാണ് താങ്കള്‍ അസംബന്ധ നാടകമാടുന്നതെന്ന് മനസിലാവും. നൈമിഷികമായ ഈ ജീവിതത്തില്‍ ഒരിക്കലെങ്കിലും സത്യസന്ധവും ആത്മാര്‍ത്ഥവുമായ ഒരു നിലപാടു സ്വീകരിക്കാന്‍ താങ്കള്‍ക്ക് കഴിഞ്ഞെങ്കിലെന്ന് ഞാന്‍ ആശിച്ചു പോകുന്നു. ഷേക്‌സ്പിയര്‍ എഴുതിയതു പോലെ അവനവനോടെങ്കിലും സത്യസന്ധത കാണിക്കാന്‍ നിങ്ങള്‍ക്ക് കഴിയട്ടെയെന്നാശംസിക്കുന്നു.
മറ്റു പാര്‍ടികളുടെ നയവും പരിപാടിയും തീരുമാനങ്ങളും നിങ്ങള്‍ തീരുമാനിക്കുന്നതു പോലെ വേണമെന്ന് വാശി പിടിക്കുന്നത് എത്രമാത്രം ബാലിശമാണ്. ശ്രീ.പി.സി.ജോര്‍ജിന് പൂഞ്ഞാറില്‍ സീറ്റ് കൊടുക്കാത്തതിന് സി.പി.എമ്മിനെതിരെ താങ്കള്‍ ഉറഞ്ഞു തുള്ളുന്നത് എത്ര പരിഹാസ്യമാണ് . ശ്രീ.പി.സി.ജോര്‍ജിന് ഒരു സീറ്റ് നല്‍കണമെന്ന് താങ്കള്‍ക്ക് ആത്മാര്‍ത്ഥമായ ആഗ്രഹമുണ്ടെങ്കില്‍ സ്വന്തം പാര്‍ട്ടി മത്സരിക്കുന്ന 27 സീറ്റുകളില്‍ ഒന്ന് അദ്ദേഹത്തിന് നല്‍കിയാല്‍ പോരെ? എന്താണ് താങ്കളത് ചെയ്യാത്തത്? ദയവായി ഇനിയെങ്കിലും നിങ്ങളുടെ പാര്‍ട്ടിയുടെ ഒരു സീറ്റ് അദ്ദേഹത്തിന് അനുവദിച്ചു കൊണ്ട് നിങ്ങളുടെ വാദത്തിന്റെ ആത്മാര്‍ത്ഥത തെളിയിക്കണം. പ്ലീസ്…
ഞാന്‍ സ.വി.എസിനെ നിശിതമായി വിമര്‍ശിക്കുന്ന ആളാണെന്നും, അദ്ദേഹത്തെ വഞ്ചകനെന്ന് വിളിച്ചുവെന്നും ‘ കാപ്പിറ്റല്‍ പണിഷ്‌മെന്റ’ വിധിച്ചു എന്നുമൊക്കെ നിങ്ങള്‍ അടിച്ചു വിടുന്നുണ്ട്. ഈ പറയുന്നതൊക്കെ നിങ്ങള്‍ കേട്ടുവോ? ഞാന്‍ അങ്ങനെ പറയുന്നതിന്റെ ഓഡിയോ/വീഡിയോ ക്ലിപ്പുകള്‍ എങ്കിലും നിങ്ങള്‍ കേട്ടിട്ടുണ്ടോ? അങ്ങനെയുണ്ടെങ്കില്‍ ദയവായി എന്നെ കൂടി ഒന്നു കേള്‍പ്പിക്കുമോ? സഖാക്കള്‍ കാരാട്ടും,യെച്ചൂരിയും, വി എസും, പിണറായിയും ഉള്‍പ്പെടെയുള്ള എല്ലാ മുതിര്‍ന്ന നേതാക്കന്മാരും എനിക്ക് ബഹുമാന്യരും പ്രിയങ്കരന്മാരുമാണ്. സംഘടനാ സമ്മേളനങ്ങളില്‍ വിവിധ വിഷയങ്ങളില്‍ ഓരോരുത്തര്‍ക്കം സ്വതന്ത്രമായ അഭിപ്രായങ്ങളുണ്ടാവും. വിമര്‍ശനങ്ങളും സ്വയം വിമര്‍ശനങ്ങളുമുണ്ടാവും. ഞങ്ങള്‍ സമ്മേളനം നടത്തുന്നത് ബിരിയാണി തിന്നു പിരിയാനല്ല. ചര്‍ച്ചകളിലൂടെ തീരുമാനങ്ങളെടുക്കാനാണ്. അത്തരം ചര്‍ച്ചകള്‍ അന്തസായി മാത്രമേ ഞങ്ങള്‍ നടത്താറുള്ളൂ. താങ്കള്‍ ആവര്‍ത്തിക്കുന്ന ‘കാപ്പിറ്റല്‍ പണിഷ്‌മെന്റ്’ തീര്‍ത്തും വളച്ചൊടിക്കപ്പെട്ട ഒരു ഗോസിപ്പ് വാര്‍ത്തയാണ്. ആരെങ്കിലും പറയുന്ന പരദൂഷണങ്ങളില്‍ അഭിരമിച്ചു കൊണ്ട് ‘ഉപ്പുമാങ്ങ എന്നു പറയുന്നതിനെ അപ്പു നായര്‍ ‘ എന്ന് കേള്‍ക്കാനുള്ള നിങ്ങളുടെ സ്വാതന്ത്ര്യത്തെ ഞാന്‍ ചോദ്യം ചെയ്യുന്നില്ല. അവനവന് ബോധ്യമില്ലാത്ത കാര്യങ്ങള്‍ പറയാതിരിക്കുകയെന്ന സാമാന്യ മര്യാദ താങ്കള്‍ക്കു ബാധകമല്ലല്ലോ.
എനിക്ക് സ.വി എസി നോടും, തിരിച്ചും എന്തോ വലിയ ശത്രുതയുണ്ടെന്ന മട്ടിലാണ് താങ്കള്‍ എഴുതിപ്പിടിപ്പിച്ചിരിക്കുന്നത്. ഉമ്മന്‍ ചാണ്ടി സര്‍ക്കാരിന്റെ യുവജന വഞ്ചനയ്‌ക്കെതിരെ സെക്രട്ടറിയറ്റിന്റെ മുന്നില്‍ ഞങ്ങള്‍ അനിശ്ചിതകാല നിരാഹാര സമരം പ്രഖ്യാപിച്ചപ്പോള്‍ എന്റെ കഴുത്തില്‍ രക്ത ഹാരമണിയിച്ച് എന്നെ സമരപന്തലില്‍ ഇരുത്തിയത് സ. വി.എസ് ആയിരുന്നുവെന്ന് താങ്കള്‍ക്കറിയാമോ? ഇക്കഴിഞ്ഞ നവംബറില്‍ ഡി വൈ എഫ് ഐ സെക്കുലര്‍ മാര്‍ച്ച് സംഘടിപ്പിച്ചപ്പോള്‍ ഞാന്‍ ക്യാപ്റ്റനായ മാര്‍ച്ച് ഉദ്ഘാടനം ചെയ്യാന്‍ തിരുവനന്തപുരത്തു നിന്നും കാസര്‍കോട് വരെ യാത്ര ചെയ്ത് വന്നയാളാണ് സ: വി.എസ് എന്ന് താങ്കള്‍ക്കറിയാമോ? മാര്‍ച്ച് ഉദ്ഘാടനം ചെയ്തു കൊണ്ട് ശുഭപതാക എന്റെ കയ്യിലേല്‍പിച്ച് ഞങ്ങളെ യാത്രയാക്കിയത് വി.എസാണെന്ന് താങ്കള്‍ക്കറിയാമോ? ചരിത്രത്തിലാദ്യമായി എസ് എഫ് ഐ യുടെ സംസ്ഥാന സമ്മേളനം മലപ്പുറം ജില്ലയില്‍ വെച്ച് നടന്നത് ഞാന്‍ സംസ്ഥാന സെക്രട്ടറിയായി പ്രവര്‍ത്തിക്കുമ്പോഴാണ്. എന്റെ നാട്ടില്‍ വെച്ച് ആദ്യമായി നടന്ന എസ്.എഫ്.ഐ സംസ്ഥാന സമ്മേളനം ഉദ്ഘാടനം ചെയ്യാന്‍ ഞാന്‍ ക്ഷണിച്ചു കൊണ്ടുവന്നത് സ.വി.എസിനെ ആയിരുന്നുവെന്ന് താങ്കള്‍ക്കറിയുമോ? വ്യക്തി പരതയുടെ ഇത്തിരി വട്ടങ്ങള്‍ക്കകത്ത് നിന്ന് പുറത്തു കടക്കാനാവാതെ പരദൂഷണങ്ങള്‍ എഴുതുമ്പോള്‍ ഇക്കാര്യങ്ങള്‍ കൂടി ഓര്‍ത്താല്‍ നന്നായിരുന്നു.
ഞാന്‍ മാധ്യമപ്രവര്‍ത്തകരെ ‘പിതൃശൂന്യര്‍ ‘ എന്നു വിളിച്ചുവെന്ന പച്ചക്കള്ളം നിങ്ങള്‍ ആവര്‍ത്തിക്കുന്നു. പത്തു വര്‍ഷം മുമ്പുള്ള പ്രസ്തുത പ്രസംഗത്തിന്റെ വീഡിയോ ടേപ്പ് മാധ്യമങ്ങളുടെ കയ്യില്‍ ഇപ്പോഴുമുണ്ടാവണം. ഏതായാലും ഞാനത് സൂക്ഷിച്ചു വച്ചിട്ടുണ്ട്. ഉറവിടമില്ലാത്ത വാര്‍ത്തകളെയാണ് ഞാന്‍ ‘പിതൃശൂന്യ വാര്‍ത്തകള്‍’ എന്ന് വിമര്‍ശിച്ചത്. അതില്‍ എവിടെയാണ് താങ്കള്‍ പറഞ്ഞ അര്‍ത്ഥമുള്ളത് ?. ‘വാര്‍ത്ത” എന്നു പറഞ്ഞാല്‍ പത്രപ്രവര്‍ത്തകന്‍ എന്നാണോ അര്‍ത്ഥം? താങ്കളെ ആരാണ് മലയാളം പഠിപ്പിച്ചത്? എന്റെ പ്രയോഗത്തില്‍ യാതൊരു അപാകതയുമില്ലെന്നും മറിച്ച് അഭിനന്ദനാര്‍ഹമാണെന്നും ഭാഷാപണ്ഡിതന്‍ ഡോ: വി.ആര്‍.പ്രബോധചന്ദ്രന്‍ നായര്‍ അന്ന് മനോരമയില്‍ എഴുതിയത് ഞാനോര്‍ക്കുന്നു. താങ്കള്‍ ആരോപിക്കുന്നതു പോലെ ഞാന്‍ പറഞ്ഞുവെന്ന് തെളിയിച്ചാല്‍ ഞാന്‍ രാഷട്രീയ പ്രവര്‍ത്തനം ഉപേക്ഷിക്കാം. മറിച്ചാണെന്ന് ഞാന്‍ തെളിയിച്ചാല്‍ താങ്കള്‍ എന്തുചെയ്യും?
ഇതൊക്കെ അറിയാതെ താങ്കള്‍ പറയുന്നതാണെന്നു ഞാന്‍ കരുതുന്നില്ല. താങ്കള്‍ ബോധപൂര്‍വ്വം നുണപ്രചരിപ്പിക്കുന്നതാണെന്ന് ബലമായും ന്യായമായും ഞാന്‍ സംശയിക്കുന്നു. നുണ പറയാന്‍ ഒരു മടിയുമില്ലാത്ത മനുഷ്യനാണ് നിങ്ങള്‍. 2009 ലെ ലോകസഭാ തിരഞ്ഞെടുപ്പു കാലത്ത് കോഴിക്കോട്ടെ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി പി.എ.മുഹമ്മദ് റിയാസിനെക്കുറിച്ച് എന്തൊക്കെ നുണകളാണ് നിങ്ങള്‍ പറഞ്ഞത്. ഫാരിസ് അബൂബക്കറിന്റെ ബന്ധുവാണ് റിയാസെന്ന് നിങ്ങള്‍ ചാനലില്‍ ഇരുന്ന് പറയുമ്പോള്‍ റിയാസ് ഫാരിസ് അബൂബക്കര്‍ എന്ന മനുഷ്യനെ കണ്ടിട്ടുപോലുമുണ്ടായിരുന്നില്ല. ജീവിതത്തില്‍ ഒരിക്കല്‍ പോലും കാണുകയോ മിണ്ടുകയോ ചെയ്യാത്തവരെ കുറിച്ച് ഇങ്ങനെയൊക്കെ പറയാന്‍ മടിയില്ലാത്ത നിങ്ങള്‍ക്ക് അതിനൊക്കെ മോശമല്ലാത്ത പ്രതിഫലം കിട്ടിയിട്ടുണ്ടാവുമെന്ന് സംശയിക്കുന്നവരെ കുറ്റപ്പെടുത്താനാവുമോ? ‘സത്യത്തിന് അപാരമായ കരുത്തുണ്ടെന്ന് ‘ പണ്ടൊരിക്കല്‍ ക്ലാസെടുക്കുന്നതിനിടയില്‍ പറഞ്ഞ എന്റെ മലയാളം അധ്യാപകന്‍ പ്രൊഫ.സാബു ജേക്കബ് സാറിനെ ഞാന്‍ ആദരപൂര്‍വം ഓര്‍ക്കുന്നു. ഇങ്ങനെയൊക്കെ പറഞ്ഞു തരാന്‍ പറ്റിയ അധ്യാപകര്‍ താങ്കളുടെ കലാലയത്തില്‍ ഇല്ലാതെ പോയത് അത്രമേല്‍ നിര്‍ഭാഗ്യകരമെന്നല്ലാതെന്തു പറയാന്‍.
എന്നെ നിങ്ങള്‍ എപ്പോഴും വിശേഷിപ്പിക്കാറ് സ്വരാജ് നായര്‍ എന്നാണ്. മറ്റു പലരേയും നിങ്ങള്‍ വംശീയവും ജാതീയവുമായി അക്ഷേപിക്കുന്നത് കേട്ടിട്ടുണ്ട്. എന്റെ കാര്യം ഞാന്‍ പറയാം, എന്റെ രക്ഷിതാക്കള്‍ എനിക്കിട്ട പേര് സ്വരാജ് മുരളീധരന്‍ നായര്‍ എന്നാണ്. മുരളീധരന്‍ നായര്‍ എന്റെ അഛനാണ്. കുട്ടികളുടെ പേരിനൊപ്പം അഛന്റെ പേരു കൂടി ചേര്‍ക്കുന്ന രീതിയാണ് ഞങ്ങളുടെ കുടുംബത്തിലുണ്ടായിരുന്നത്, അതു കൊണ്ടാണ് ഇങ്ങനെ സംഭവിച്ചത്.. എന്റെ ജനനത്തിലോ എനിക്ക് പേരിട്ടതിലോ എതിക്കൊരു പങ്കുമില്ലെന്ന് ദയവായി അങ്ങ് വിശ്വസിക്കണം. കുറച്ചു മുതിര്‍ന്നപ്പോള്‍ എന്റെ എഴുത്തുകുത്തുകളിലെല്ലാം ഞാന്‍ എം സ്വരാജ് എന്നാണ് ഉപയോഗിക്കുന്നത്. എം. സ്വരാജിന്റെ പൂര്‍ണ രൂപവും മുരളീധരന്‍ നായര്‍ സ്വരാജ് എന്നാണ്. എന്റെ പേരിലെ ഇനിഷ്യല്‍ എന്റെ പിതാവിന്റെ പേരിനെയാണ് സൂചിപ്പിക്കുന്നത്. താങ്കള്‍ മുമ്പ് ലേഖനമെഴുതിയിരുന്നത് ഒരു സ്ത്രീയുടെ പേരിലായിരുന്നല്ലോ. അതിനുള്ള നിങ്ങളുടെ സ്വാതന്ത്ര്യത്തെ ഞാന്‍ ചോദ്യം ചെയ്യുന്നില്ല. പക്ഷെ അന്ന് നിങ്ങളുടെ ഇനിഷ്യല്‍ ‘കെ ‘ എന്നായിരുന്നു. ഇപ്പോള്‍ അത് ‘ എം ‘ എന്നാണ് കാണുന്നത്. എന്റെ പേരിന്റെ ഇനിഷ്യല്‍ അങ്ങനെ ഇടയ്ക്കിടയ്ക്ക് ഞാന്‍ മാറ്റാറില്ല. താങ്കള്‍ ഇടക്കിടക്കത് മാറ്റുന്നതിനോട് എനിക്ക് എതിര്‍പ്പുമില്ല, സാന്ദര്‍ഭികമായി പറഞ്ഞുവെന്ന് മാത്രം.
ഇഷ്ടമില്ലാത്തവരെ ജാതീയമായി ആക്ഷേപിക്കുന്നതും, തെറി പറയുന്നതും താങ്കളുടെ പതിവാണ്. സി പി ഐ എമ്മിന്റെയും, കോണ്‍ഗ്രസിന്റെയും മുതിര്‍ന്ന നേതാക്കന്മാരെ താങ്കള്‍ പുഴുത്ത പട്ടി എന്ന് ആക്ഷേപിക്കുന്നത് ഞാന്‍ കേട്ടിട്ടുണ്ട്. ഒരു സാംസ്‌കാരിക നായകനെ ഒരിക്കല്‍ നിങ്ങള്‍ ‘മൈ ഗുണാഞ്ചന്‍ ‘ എന്ന് വിളിച്ചത് ഞാനോര്‍ക്കുന്നു. എന്നെ നിങ്ങള്‍ കുരങ്ങന്‍ എന്ന് വിളിച്ചാക്ഷേപിച്ചു. താങ്കള്‍ കാണുകയോ കേള്‍ക്കുകയോ പോലും ചെയ്യാത്ത എന്റെ പിതാവിനെയും നിങ്ങള്‍ പുലഭ്യം പറഞ്ഞു. ഇഷ്ടമില്ലാത്തവരെ തെറി വിളിക്കുന്നതും മൃഗങ്ങളുടെ പേര് പറഞ്ഞ് ആക്ഷേപിക്കുന്നതും തന്തക്ക് വിളിക്കുന്നതുമൊക്കെ അഭിമാനമായാണോ നിങ്ങള്‍ കാണുന്നത്? ഇങ്ങനെയൊക്കെയാണ് വിമര്‍ശനങ്ങള്‍ ഉയര്‍ത്തേണ്ടത് എന്നു തന്നെയാണോ ധരിച്ചു വെച്ചിരിക്കുന്നത്? എപ്പോഴെങ്കിലും നിങ്ങള്‍ ആലോചിച്ചിട്ടുണ്ടോ ഞാനെന്തു കൊണ്ടാണ് തിരിച്ച് താങ്കളെ ഏതെങ്കിലും മൃഗത്തിന്റെ പേര് വിളിക്കാത്തത് എന്ന്. അല്ലെങ്കില്‍ താങ്കളുടെ പിതാവിനെ ഞാന്‍ ആക്ഷേപിക്കാത്തത് എന്ന്? ഇതൊക്കെ ആര്‍ക്കും എളുപ്പത്തില്‍ ചെയ്യാവുന്നതല്ലേയുള്ളൂ?!… ഇല്ല സര്‍… നിങ്ങളിനിയും എന്നെ ആയിരം തവണ ഇങ്ങനെയൊക്കെ ആക്ഷേപിച്ചാലും അതേ നാണയത്തില്‍ ഞാന്‍ തിരിച്ചടിക്കില്ല. പൂളപ്പാടം ഗവ.എല്‍ പി സ്‌കൂളിലെ എം.കെ .ദിവാകരന്‍ മാസ്റ്ററുടെ പഴയ ശിഷ്യന് നിങ്ങളുടെ ഭാഷയില്‍ മറുപടി പറയാന്‍ കഴിയില്ല .ആരോടും അന്തസായി മറുപടി പറയാന്‍ എന്നെ പഠിപ്പിച്ച മഹാന്മാരായ അധ്യാപകര്‍ നിങ്ങള്‍ പഠിച്ച സ്‌കൂളില്‍ ഇല്ലാതെ പോയതോര്‍ത്ത് ഞാന്‍ ദുഖിക്കുന്നു. മാത്രവുമല്ല ഏതെങ്കിലും ഒരു മൃഗത്തിന്റെ പേരു കൊണ്ട് ഞാന്‍ നിങ്ങളെ അഭിസംബോധന ചെയ്താല്‍ ആ മൃഗത്തോട് ഞാന്‍ ചെയ്യുന്ന കടുത്ത അനീതിയാവും അത് . പാവം മിണ്ടാപ്രാണികള്‍ എന്തു പിഴച്ചു. അവരെ നാം അപമാനിക്കരുതല്ലോ.
ഞാന്‍ വി.എസിന്റെ ചിത്രം വെച്ച് ഫ്‌ലക്‌സ് അടിക്കുമോ അതോ പിണറായിയുടെ പടം വെയ്ക്കുമോ എന്നാണ് നിങ്ങള്‍ ചോദിക്കുന്നത്. അക്കാര്യത്തില്‍ വല്ലാതെ ആശങ്കപ്പെടേണ്ട. കേരളത്തില്‍ എവിടെയും ഇടതുമുന്നണിയുടെ സ്ഥാനാര്‍ത്ഥികളല്ല ഫ്‌ലക്‌സും പോസ്റ്ററും പ്രിന്റ് ചെയ്യുന്നത്. അതത് ഇലക്ഷന്‍ കമ്മിറ്റികളാണ് അതൊക്കെ ചെയ്യുന്നത്. ഞാന്‍ എവിടെയെങ്കിലും മല്‍സരിക്കുന്നുണ്ടെങ്കില്‍ അവിടുത്തെ മണ്ഡലം കമ്മിറ്റി അക്കാര്യം ചെയ്തുകൊള്ളും. അങ്ങനെയൊരു സാഹചര്യം വന്നാല്‍ ,നിങ്ങള്‍ക്കത്ര ഉത്കണ്ഠയുണ്ടെങ്കില്‍ പ്രസ്തുത മണ്ഡലം കമ്മിറ്റി ഭാരവാഹികളോട് ചോദിക്കുക അവര്‍ പറഞ്ഞു തരും. ആരുടെ പടം വെച്ചാലും അത് നിങ്ങളുടേതാവില്ല എന്നുറപ്പാണ്. ഇടതു മുന്നണി നേതാക്കന്മാരുടെ പടം വെയ്ക്കാന്‍ താങ്കളുടെ അനുവാദമൊന്നും വേണ്ടല്ലോ. പിന്നെ സ:വി.എസിനെ കുറിച്ച് നിങ്ങള്‍ വല്ലാതെ ആശങ്കപ്പെടണ്ട. ഞങ്ങളുടെ പാര്‍ട്ടി നേതാക്കന്മാരുടെ കാര്യം ഞങ്ങള്‍ നോക്കിക്കൊള്ളാം. നിങ്ങളുടെ സേവനം ഇവിടെ ആവശ്യമില്ല. ശ്രീ.വെള്ളാപ്പള്ളി നടേശന്റെ പാര്‍ട്ടിക്ക് നിങ്ങള്‍ ഉപദേശം നല്‍കാന്‍ പോയിരുന്നല്ലോ. തല്‍ക്കാലം അത്തരം സേവനങ്ങള്‍ അവിടെ മതി. ഇവിടെ വേണ്ട.
ഞാന്‍ മത്സരിക്കുന്ന പക്ഷം തോല്‍ക്കുമെന്ന് താങ്കള്‍ ആവര്‍ത്തിച്ചു പറയുന്നുണ്ട്. അതൊക്കെ ജനങ്ങള്‍ തീരുമാനിക്കേണ്ടതല്ലേ സര്‍… താങ്കള്‍ തന്നെ എല്ലാം തീരുമാനിച്ചാല്‍ പിന്നെ തിരഞ്ഞെടുപ്പിന് എന്ത് പ്രസക്തി? കഴിഞ്ഞ പാര്‍ലമെന്റ് ഇലക്ഷനില്‍ എം.ബി രാജേഷ് , പി.കെ.ബിജു , ഇന്നസെന്റ് തുടങ്ങിയവരൊക്കെ തോല്‍ക്കുമെന്ന് പ്രവചിച്ച മഹാപ്രവാചകനല്ലേ അങ്ങ് ? റിസല്‍ട്ട് വന്നപ്പോള്‍ അവരെല്ലാം വന്‍ വിജയം നേടി. ഒരു സങ്കോചവുമില്ലാതെ താങ്കളപ്പോള്‍ അശ്ശീല ചിരിയുമായി മറ്റാരെയൊക്കെയോ ആക്ഷേപിക്കുകയായിരുന്നു. ഞാന്‍ തൃപ്പൂണിത്തുറയില്‍ മത്സരിച്ചാല്‍ വി.എസ് അനുകൂലികള്‍ എന്നെ തോല്‍പിക്കുമെന്നാണ് താങ്കളുടെ വാദം. .യഥാര്‍ത്ഥത്തില്‍ നിങ്ങളിവിടെ വി എസിനെയാണ് അപമാനിക്കുന്നത്. സ: വി എസിനെ ആരാധിക്കുകയും ഇഷ്ടപ്പെടുകയും ചെയ്യുന്നവര്‍ കോഴ വീരനായ മന്ത്രിക്ക് വോട്ടു ചെയ്യുമെന്ന കണ്ടുപിടുത്തം അപാരം തന്നെ. സ:വി.എസ് നേതൃത്വം നല്‍കിയ അഴിമതി വിരുദ്ധ സമരത്തിന്റെ കുന്തമുനകള്‍ ഏതൊക്കെ മന്ത്രിമാരുടെ നേരെയായിരുന്നുവെന്ന് നിരീക്ഷകന്‍’മാര്‍ മറന്നാലും ജനം മറക്കില്ല. കോഴ മന്ത്രിക്കു വേണ്ടി താങ്കള്‍ വാദിച്ചോളൂ പക്ഷെ അത് സ :വി എസിന്റെ ചെലവില്‍ വേണ്ട. ആരുടെയെങ്കിലും കോഴപ്പണത്തിന്റെ വിഹിതം അച്ചാരമായി പറ്റിയിട്ടുണ്ടെങ്കില്‍ (അങ്ങനെയൊന്നും താങ്കള്‍ ചെയ്തിട്ടുണ്ടാവില്ലെന്നു തന്നെയാണ് എന്റെ വിശ്വാസം) അത്തരക്കാര്‍ക്കു വേണ്ടി ഘോര വാദങ്ങള്‍ തുടര്‍ന്നോളൂ. അതിന് സഖാവ് വി.എസിന്റെ പേര് ഉപയോഗിക്കണ്ട കാര്യമില്ല
മറ്റുള്ളവരെയൊക്കെ തെറി വിളിക്കുകയും, യു.പി സ്‌കൂള്‍ കുട്ടികളെ പോലെ പട്ടി, കുരങ്ങ് എന്നൊക്കെ വിളിച്ചു കൂവുകയും ചെയ്യുന്ന താങ്കളുടെ സ്ഥിതിയില്‍ എനിക്കാശങ്കയുണ്ട്. ഇങ്ങനെയൊക്കെ പറയുമ്പോള്‍ നിങ്ങള്‍ക്ക് മാനസികമായ സുഖം തോന്നാറുണ്ടോ? ഉണ്ടെങ്കില്‍ അത് ഗൗരവമായി കാണണം .ഞാന്‍ നിങ്ങളെ കളിയാക്കുന്നതല്ല .എന്റെ സബ്‌സിഡിയറി സബ്ജക്റ്റ് സൈക്കോളജി ആയിരുന്നുവെന്ന് ഓര്‍മിപ്പിക്കുക മാത്രം ചെയ്യട്ടെ. നല്ല ഉദ്ദേശത്തോടെ ഞാന്‍ പറഞ്ഞാലും താങ്കള്‍ക്കത് ഇഷ്ടമാവില്ലെന്ന് എനിക്കറിയാം. താങ്കളോട് സ്‌നേഹവും കരുതലുമുള്ള, താങ്കള്‍ക്ക് വിശ്വാസമുള്ള ആരെങ്കിലും ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കുമെന്ന് ഞാന്‍ ആശിക്കുന്നു.
ഇനിയും കൂടുതല്‍ നീട്ടുന്നില്ല. ഈ കുറിപ്പ് ഇപ്പോള്‍ തന്നെ കുറേ നീണ്ടു. ഇതു മുഴുവന്‍ വായിക്കാന്‍ അങ്ങേയ്ക്ക് ക്ഷമയുണ്ടാവുമോ എന്നറിയില്ല. ഇനിയുമൊരുപാട് പറയാനുണ്ട്. രസകരമായ കുറേ കാര്യങ്ങള്‍ എന്റെ മനസിലുണ്ട്. ഇലക്ഷന്‍ തിരക്കുകള്‍ കഴിയട്ടെ…… താങ്കള്‍ക്കു സുഖമാണെന്ന് കരുതുന്നു. ഈ ഭൂമിയിലെ എല്ലാ നന്‍മകളെയും പ്രതിഫലിപ്പിക്കാന്‍ കഴിയുന്ന മനുഷ്യനായിത്തീരാന്‍ ആശംസിച്ചു കൊണ്ട് … ഒരു പാട് സ്‌നേഹത്തോടെ…………
Discussion about this post