ലഖ്‌നൗ : വാരണാസിയിലെ മണികർണിക ഘട്ടിന്റെ നവീകരണത്തിനെതിരെ രൂക്ഷ വിമർശനവുമായി കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ. നവീകരണം, വികസനം, സൗന്ദര്യവൽക്കരണം എന്നെല്ലാം പറഞ്ഞ് വാരണാസിയുടെ സാംസ്കാരിക പൈതൃകം നശിപ്പിക്കുകയാണ് മോദിയുടെ നേതൃത്വത്തിൽ ചെയ്യുന്നതെന്ന് ഖാർഗെ കുറ്റപ്പെടുത്തി. മോദി സ്വന്തം നെയിംപ്ലേറ്റ് സ്ഥാപിക്കുന്നതിനായി എല്ലാ ചരിത്ര പൈതൃകങ്ങളും മായ്ച്ചുകളയാൻ ആഗ്രഹിക്കുന്നുവെന്നും കോൺഗ്രസ് അധ്യക്ഷൻ ആരോപിച്ചു.
സൗന്ദര്യവൽക്കരണത്തിന്റെ പേരിൽ നൂറ്റാണ്ടുകൾ പഴക്കമുള്ള മതപരവും സാംസ്കാരികവുമായ പൈതൃകം നശിപ്പിക്കപ്പെടുന്നുവെന്നും ചരിത്ര പ്രതിമകൾ നശിപ്പിക്കപ്പെടുന്നുവെന്നുമാണ് മല്ലികാർജുൻ ഖാർഗെയുടെ ആരോപണം. ഗുപ്ത കാലഘട്ടത്തിൽ നിർമിച്ചതും പിന്നീട് ലോക്മാതാ അഹല്യഭായ് ഹോൾക്കർ പുനർനവീകരണം നടത്തിയതുമായ മണികർണിക ഘട്ട് ഇപ്പോൾ മോദി സ്വന്തം പേര് ആലേഖനം ചെയ്യുവാൻ വേണ്ടി വീണ്ടും നവീകരിക്കുകയാണ് എന്നാണ് ഖാർഗെ കുറ്റപ്പെടുത്തിയത്.
മണികർണിക ഘട്ട് പുനർവികസന പദ്ധതിയുടെ പേരിൽ കോൺഗ്രസ് സ്ഥലത്ത് പ്രതിഷേധം നടത്തിയിരുന്നു. ശുചിത്വം ലക്ഷ്യമിട്ടുള്ള നവീകരണം ആണ് നടക്കുന്നതെന്ന് ജില്ലാ മജിസ്ട്രേറ്റ് വ്യക്തമാക്കി. നൂറ്റാണ്ട് പഴക്കമുള്ള അഹല്യഭായ് ഹോൾക്കറുടെ പ്രതിമയ്ക്ക് കേടുപാടുകൾ സംഭവിച്ചെന്ന ആരോപണവും ജില്ലാ ഭരണകൂടം നിരാകരിച്ചു. സാംസ്കാരിക വകുപ്പ് പുരാവസ്തുക്കൾ കൃത്യമായി സംരക്ഷിച്ചിട്ടുണ്ടെന്നും പണി പൂർത്തിയായ ശേഷം അവ അവയുടെ യഥാർത്ഥ രൂപത്തിലേക്ക് പുനഃസ്ഥാപിക്കുമെന്നും ജില്ലാ മജിസ്ട്രേറ്റ് അറിയിച്ചു.













Discussion about this post