ന്യൂഡൽഹി : ബിജെപി ദേശീയ പ്രസിഡന്റ് സ്ഥാനത്തേക്ക് നിതിൻ നബിൻ ഇന്ന് നാമനിർദ്ദേശം സമർപ്പിക്കും. നിലവിലെ ബിജെപി വർക്കിംഗ് പ്രസിഡണ്ട് ആണ് ബീഹാറിൽ നിന്നുള്ള നേതാവായ നിതിൻ നബിൻ. ഇന്ന് ദേശീയ തലസ്ഥാനത്തെ പാർട്ടി ആസ്ഥാനത്ത് അദ്ദേഹം ഔദ്യോഗികമായി ദേശീയ പ്രസിഡന്റ് സ്ഥാനത്തേക്ക് നാമനിർദ്ദേശ പത്രിക സമർപ്പിക്കും. പാർട്ടി ആസ്ഥാനത്ത് നടക്കുന്ന നാമനിർദ്ദേശ പ്രക്രിയയിൽ ബിജെപിയുടെ ശക്തിപ്രകടനം നടക്കുമെന്നും പ്രതീക്ഷിക്കുന്നു. എല്ലാ ബിജെപി മുഖ്യമന്ത്രിമാരും, സംസ്ഥാന യൂണിറ്റ് പ്രസിഡന്റുമാരും, മുതിർന്ന പാർട്ടി നേതാക്കളും പങ്കെടുക്കുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.
അഞ്ച് തവണ ബീഹാർ എംഎൽഎയായ നിതിൻ നബിൻ പാർട്ടിയുടെ പന്ത്രണ്ടാമത് ദേശീയ പ്രസിഡന്റായി എതിരില്ലാതെ ആയിരിക്കും തിരഞ്ഞെടുക്കപ്പെടുക. ബിജെപി ദേശീയ പ്രസിഡന്റിനെ തിരഞ്ഞെടുക്കുന്നത് പാർട്ടിയുടെ ദേശീയ കൗൺസിലിൽ നിന്നും സംസ്ഥാന കൗൺസിലുകളിൽ നിന്നുമുള്ള പ്രതിനിധികൾ ഉൾപ്പെടുന്ന ഒരു ഇലക്ടറൽ കോളേജാണ്, ഈ പ്രക്രിയയ്ക്ക് പാർട്ടിയുടെ ദേശീയ റിട്ടേണിംഗ് ഓഫീസർ മേൽനോട്ടം വഹിക്കും. പ്രധാനമന്ത്രി നരേന്ദ്ര മോദിയും ആഭ്യന്തരമന്ത്രി അമിത് ഷായും ഉൾപ്പെടെയുള്ള പാർട്ടി നേതൃത്വത്തിന്റെ പൂർണ്ണ പിന്തുണയോടെയാണ് നിതിൻ നബിൻ ബിജെപി ദേശീയ പ്രസിഡണ്ട് സ്ഥാനത്തേക്ക് എത്തുന്നത്.
ബിജെപി ദേശീയ റിട്ടേണിംഗ് ഓഫീസർ കെ. ലക്ഷ്മൺ പ്രഖ്യാപിച്ച തിരഞ്ഞെടുപ്പ് ഷെഡ്യൂൾ പ്രകാരം, പാർട്ടിയുടെ ദേശീയ പ്രസിഡന്റ് സ്ഥാനത്തേക്കുള്ള നാമനിർദ്ദേശ പത്രിക തിങ്കളാഴ്ച ഉച്ചയ്ക്ക് 2 മണി മുതൽ 4 മണി വരെ സമർപ്പിക്കും. തിരഞ്ഞെടുപ്പ് പ്രക്രിയ പൂർത്തിയായതിന് ശേഷം അടുത്ത ദിവസം പുതിയ ബിജെപി പ്രസിഡന്റിന്റെ പേര് പ്രഖ്യാപിക്കും.











Discussion about this post