ഭാരതത്തിന്റെ അയൽപക്കത്ത് ഭീകരവാദത്തിന് വളം വെക്കുന്ന ഒരു നടപടിയും പോളണ്ടിന്റെ ഭാഗത്തുനിന്ന് ഉണ്ടാകരുതെന്ന് കേന്ദ്ര വിദേശകാര്യ മന്ത്രി ഡോ. എസ്. ജയശങ്കർ. പോളണ്ട് ഉപപ്രധാനമന്ത്രിയും വിദേശകാര്യ മന്ത്രിയുമായ റാഡോസ്ലോ സിക്കോർസ്‌കിയുമായുള്ള കൂടിക്കാഴ്ചയിലാണ് ഇന്ത്യ നിലപാട് വ്യക്തമാക്കിയത്. ഭീകരവാദത്തോട് ‘സീറോ ടോളറൻസ്’ നയമാണ് പോളണ്ട് സ്വീകരിക്കേണ്ടതെന്നും അതിർത്തി കടന്നുള്ള ഭീകരതയെ പ്രോത്സാഹിപ്പിക്കരുതെന്നും ജയശങ്കർ കടുത്ത ഭാഷയിൽ മുന്നറിയിപ്പ് നൽകി.
കഴിഞ്ഞ ഒക്ടോബറിൽ സിക്കോർസ്‌കി പാകിസ്താൻ സന്ദർശിച്ചപ്പോൾ പുറത്തിറക്കിയ സംയുക്ത പ്രസ്താവനയിൽ കാശ്മീർ വിഷയം പരാമർശിച്ചതിലുള്ള ഭാരതത്തിന്റെ അമർഷമാണ് ഈ വാക്കുകളിലൂടെ പ്രകടമായത്.നമ്മുടെ മേഖല നേരിടുന്ന അതിർത്തി കടന്നുള്ള ഭീകരവാദത്തെക്കുറിച്ച് സിക്കോർസ്‌കിക്ക് അറിവുള്ളതാണെന്ന് ജയശങ്കർ ഓർമ്മിപ്പിച്ചു.
“നിങ്ങൾ ഈ മേഖലയ്ക്ക് അപരിചിതനല്ല. ഭീകരവാദത്തോട് വിട്ടുവീഴ്ചയില്ലാത്ത നിലപാട് പോളണ്ട് സ്വീകരിക്കുമെന്ന് ഞാൻ കരുതുന്നു. ഭാരതത്തിന്റെ അയൽപക്കത്തുള്ള ഭീകരവാദ ഇൻഫ്രാസ്ട്രക്ചറിനെ സഹായിക്കുന്ന ഒരു നീക്കവും ഉണ്ടാവരുത്,” – ജയശങ്കർ പറഞ്ഞു.
ജയശങ്കറിന്റെ വാക്കുകൾ ശരിവെച്ച സിക്കോർസ്‌കി, അതിർത്തി കടന്നുള്ള ഭീകരതയെ നേരിടേണ്ടതുണ്ടെന്ന് സമ്മതിച്ചു. പോളണ്ടിലെ റെയിൽവേ ട്രാക്ക് തകർക്കാൻ നടന്ന നീക്കം ‘സ്റ്റേറ്റ് ടെററിസം’ ആണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
റഷ്യയിൽ നിന്ന് എണ്ണ വാങ്ങുന്നതിന്റെ പേരിൽ അമേരിക്ക ഭാരതത്തിന് മേൽ ചുമത്തിയ കനത്ത താരിഫിനെതിരെയും ജയശങ്കർ പ്രതികരിച്ചു.”റഷ്യ-ഉക്രെയ്ൻ യുദ്ധത്തിന്റെ പശ്ചാത്തലത്തിൽ ഭാരതത്തെ മാത്രം തിരഞ്ഞുപിടിച്ച് ഉന്നംവെക്കുന്നത് നീതിയല്ല. ഇത് ന്യായീകരിക്കാൻ കഴിയാത്ത കാര്യമാണ്,” – ജയശങ്കർ വ്യക്തമാക്കി.













Discussion about this post