ആധുനിക ജീവിതരീതികളെ മുൻനിർത്തി ലിവിങ് ടുഗെദർ ബന്ധങ്ങളിൽ നിർണ്ണായക നിരീക്ഷണവുമായി മദ്രാസ് ഹൈക്കോടതി. ഇത്തരം ബന്ധങ്ങളിൽ ഏർപ്പെടുന്ന സ്ത്രീകൾക്ക് നിയമപരമായ പരിരക്ഷ ഉറപ്പാക്കാൻ അവർക്ക് ‘ഭാര്യ’ എന്ന പദവി നൽകണമെന്ന് കോടതി നിരീക്ഷിച്ചു. പുരാതന ഭാരതത്തിലെ എട്ടുതരം വിവാഹങ്ങളിൽ ഒന്നായ ‘ഗന്ധർവ്വ വിവാഹ’ത്തോട് ലിവിങ് ടുഗെദറിനെ ഉപമിച്ചാണ് ജസ്റ്റിസ് എസ്. ശ്രീമതിയുടെ ഈ സുപ്രധാന നിരീക്ഷണം.
വിവാഹവാഗ്ദാനം നൽകി യുവതിയുമായി വർഷങ്ങളോളം ലിവിങ് ടുഗെദർ ബന്ധം പുലർത്തുകയും പിന്നീട് പിന്മാറുകയും ചെയ്ത തിരുച്ചിറപ്പള്ളി സ്വദേശിയുടെ മുൻകൂർ ജാമ്യാപേക്ഷ തള്ളിക്കൊണ്ടായിരുന്നു കോടതിയുടെ ഉത്തരവ്. ആധുനികതയുടെ പേരിൽ ലിവിങ് ടുഗെദർ ബന്ധങ്ങൾ ഇന്ന് വ്യാപകമാണെങ്കിലും ഇത് ഭാരതീയ സമൂഹത്തിന് ഒരു ‘സാംസ്‌കാരിക ആഘാത’മാണെന്ന് കോടതി പറഞ്ഞു.
ചടങ്ങുകളില്ലാതെ പരസ്പര അനുരാഗത്താൽ ഒന്നിക്കുന്ന ഗന്ധർവ്വ വിവാഹങ്ങളെ നമ്മുടെ പുരാതന ഗ്രന്ഥങ്ങൾ അംഗീകരിച്ചിട്ടുണ്ട്. ഈ കണ്ണിലൂടെ നോക്കുമ്പോൾ ലിവിങ് ടുഗെദർ പങ്കാളിയായ സ്ത്രീക്ക് ഭാര്യയുടെ പദവി നൽകുന്നതിൽ തെറ്റില്ലെന്ന് കോടതി ചൂണ്ടിക്കാട്ടി.
നിയമപരമായ ശൂന്യത: വിവാഹിതർക്കും വിവാഹമോചിതർക്കും പ്രായപൂർത്തിയാകാത്ത പെൺകുട്ടികൾക്കും നിയമപരമായ പരിരക്ഷയുണ്ട്. എന്നാൽ ലിവിങ് ടുഗെദറിലെ സ്ത്രീകൾ നിയമത്തിന്റെ ‘ചാരമേഖല’യിൽ (Grey area) ഒറ്റപ്പെട്ടുപോകുന്നു. അവരെ സംരക്ഷിക്കേണ്ടത് കോടതിയുടെ കടമയാണെന്നും ജസ്റ്റിസ് ശ്രീമതി വ്യക്തമാക്കി.
പുരുഷന്മാർ പലപ്പോഴും ലിവിങ് ടുഗെദറിനെ ആധുനികതയുടെ മറവിൽ ചൂഷണത്തിനുള്ള ആയുധമാക്കുന്നുവെന്ന് കോടതി നിരീക്ഷിച്ചു.ബന്ധം തുടങ്ങുമ്പോൾ പുരോഗമനവാദി ചമയുന്ന പുരുഷൻ, ബന്ധം വഷളാകുമ്പോൾ സ്ത്രീയുടെ സ്വഭാവത്തെ ചോദ്യം ചെയ്യാൻ മടിക്കുന്നില്ല. ആധുനികതയുടെ വലയിൽ വീഴുന്ന പെൺകുട്ടികൾ ഒടുവിൽ നിയമപരിരക്ഷയില്ലാതെ കഴിയുന്ന കാഴ്ചയാണ് കാണുന്നത്.
ഭാരതീയ ന്യായ സംഹിത (BNS) 69-ാം വകുപ്പ്: വിവാഹവാഗ്ദാനം നൽകി ലൈംഗികമായി ചൂഷണം ചെയ്ത ശേഷം പിന്മാറുന്നത് പുതിയ ക്രിമിനൽ നിയമപ്രകാരം വഞ്ചനയുടെ പരിധിയിൽ വരുമെന്ന് കോടതി ഓർമ്മിപ്പിച്ചു.
“വിവാഹം സാധ്യമല്ലെങ്കിൽ നിയമത്തിന്റെ പ്രഹരം നേരിടാൻ പുരുഷൻ തയ്യാറാകണം. ആധുനികതയുടെ പേരിൽ സ്ത്രീകളെ ചതിക്കുഴിയിൽ വീഴ്ത്തി രക്ഷപ്പെടാൻ ആരെയും അനുവദിക്കില്ലെന്ന് ജസ്റ്റിസ് എസ്. ശ്രീമതി വ്യക്തമാക്കി













Discussion about this post