മുംബൈ : രാജ് താക്കറെക്കും അദ്ദേഹത്തിന്റെ പാർട്ടിയായ മഹാരാഷ്ട്ര നവനിർമ്മാൺ സേനയ്ക്കും എതിരെ രൂക്ഷ വിമർശനവുമായി ശിവസേന യു.ബി.ടി നേതാവ് ഉദ്ധവ് താക്കറെ. രാജ് താക്കറെയും എംഎൻഎസും ചതിയന്മാരും കാലുവാരികളും മഹാരാഷ്ട്രയെ ഒറ്റിക്കൊടുത്തവരും ആണെന്ന് ഉദ്ധവ് അഭിപ്രായപ്പെട്ടു. എംഎൻഎസ് ശിവസേന ഷിൻഡെ വിഭാഗത്തെ പിന്തുണച്ചതിന് പിന്നാലെയാണ് ഉദ്ധവിന്റെ ഈ രൂക്ഷ വിമർശനം.
കല്യാൺ-ഡോംബിവ്‌ലി മുനിസിപ്പൽ കോർപ്പറേഷനിൽ (കെഡിഎംസി) ഏക്‌നാഥ് ഷിൻഡെയുടെ നേതൃത്വത്തിലുള്ള ശിവസേനയെ മഹാരാഷ്ട്ര നവനിർമ്മാൺ സേന പിന്തുണച്ചത് മഹാരാഷ്ട്രയിൽ വലിയ രാഷ്ട്രീയ കോലാഹലങ്ങൾക്കാണ് കാരണമായിരിക്കുന്നത്. മഹാരാഷ്ട്രയിലെ മുനിസിപ്പൽ തിരഞ്ഞെടുപ്പിനു മുന്നോടിയായി ഉദ്ധവ് താക്കറെ നേതൃത്വം നൽകുന്ന ശിവസേന യു.ബി.ടിയും രാജ് താക്കറെയും എംഎൻഎസും സഖ്യം ചേർന്നിരുന്നു. എന്നാൽ തിരഞ്ഞെടുപ്പിൽ വൻ പരാജയമായിരുന്നു ഈ സഖ്യത്തിന് ഉണ്ടായത്. ഈ വമ്പൻ പരാജയത്തിന് പിന്നാലെയാണ് ഇപ്പോൾ കല്യാൺ-ഡോംബിവ്‌ലി മുനിസിപ്പൽ കോർപ്പറേഷനിൽ ശിവസേന ഏക്‌നാഥ് ഷിൻഡെ വിഭാഗത്തെ എംഎൻഎസ് പിന്തുണച്ചിരിക്കുന്നത്.
ഈ തീരുമാനം സഖ്യ മാനദണ്ഡങ്ങൾ ലംഘിക്കുന്നതാണെന്നും ധർമ്മത്തിന് എതിരാണെന്നും ഉദ്ധവ് താക്കറെ വ്യക്തമാക്കി.
അതേസമയം കല്യാൺ-ഡോംബിവ്‌ലി മുനിസിപ്പൽ കോർപ്പറേഷനിൽ പ്രാദേശിക നേതൃത്വമാണ് തീരുമാനമെടുത്തതെന്ന് ശിവസേന (യുബിടി) എംപി സഞ്ജയ് റാവത്ത് സൂചിപ്പിച്ചു. എംഎൻഎസ് മേധാവി രാജ് താക്കറെയുമായി സംസാരിച്ചതായും ഷിൻഡെ നയിക്കുന്ന സേനയ്ക്ക് പിന്തുണ നൽകുന്നതിനെ രാജ് താക്കറെ അനുകൂലിക്കുന്നില്ലെന്നും സംഭവവികാസങ്ങളിൽ അദ്ദേഹം അതൃപ്തനാണെന്നും സഞ്ജയ് റാവത്ത് അഭിപ്രായപ്പെട്ടു.













Discussion about this post