ഭാരതത്തിന്റെ 77-ാം റിപ്പബ്ലിക് ദിനാഘോഷങ്ങളിൽ മുഖ്യാതിഥികളായി യൂറോപ്യൻ യൂണിയൻ തലവന്മാർ എത്തുമ്പോൾ, ലോകം ഉറ്റുനോക്കുന്നത് ചരിത്രപരമായ ഒരു നയതന്ത്രമാറ്റത്തിലേക്ക്. ജനുവരി 27-ന് ഡൽഹിയിൽ നടക്കുന്ന 16-ാമത് ഇന്ത്യ-ഇയു ഉച്ചകോടിയിൽ നിർണ്ണായക സ്വതന്ത്ര വ്യാപാര കരാറിലും പ്രതിരോധ കരാറിലും ഇരുപക്ഷവും ഒപ്പുവെക്കും. യൂറോപ്യൻ കമ്മീഷൻ പ്രസിഡന്റ് ഉർസുല വോൺ ഡെർ ലെയ്‌ൻ, യൂറോപ്യൻ കൗൺസിൽ പ്രസിഡന്റ് അന്റോണിയോ കോസ്റ്റ എന്നിവരാണ് ഇത്തവണ ഇന്ത്യയിലെ അതിഥികളായി എത്തുന്നത്.
യൂറോപ്യൻ പാർലമെന്റിനെ അഭിസംബോധന ചെയ്തുകൊണ്ട് ഇയു വിദേശനയ മേധാവി കാജ കല്ലാസ് നടത്തിയ പ്രസ്താവനകൾ നരേന്ദ്ര മോദി സർക്കാരിന്റെ കരുത്തുറ്റ വിദേശനയത്തിന് ലഭിച്ച അംഗീകാരമായി വിലയിരുത്തപ്പെടുന്നു. യൂറോപ്പിന്റെ സാമ്പത്തിക ഭദ്രതയ്ക്ക് ഇന്ത്യയ്ക്ക് ഇപ്പോൾ “അനിവാര്യമായ” പങ്കാളിയാണെന്ന് കല്ലാസ് തുറന്നുപറഞ്ഞു. ചൈനയ്ക്കും അമേരിക്കയ്ക്കും ഇടയിലുള്ള ആഗോള സാമ്പത്തിക അനിശ്ചിതത്വങ്ങൾക്കിടയിൽ ഭാരതത്തെ ഒരു സുരക്ഷിത താവളമായാണ് യൂറോപ്പ് ഇപ്പോൾ കാണുന്നത്.
അതിർത്തികളിലും സമുദ്രങ്ങളിലും വെല്ലുവിളികൾ നേരിടുന്ന കാലഘട്ടത്തിൽ ഭാരതവും യൂറോപ്പും തമ്മിലുള്ള പ്രതിരോധ സഹകരണം പുതിയ തലത്തിലേക്ക് ഉയരുകയാണ്. ചൈനീസ് കടന്നുകയറ്റങ്ങളെ പ്രതിരോധിക്കാൻ ഇന്ത്യൻ മഹാസമുദ്രത്തിലും ഇൻഡോ-പസഫിക് മേഖലയിലും സംയുക്ത സഹകരണം ഉറപ്പാക്കുന്ന മാരിടൈം സെക്യൂരിറ്റി ഉടമ്പടി ഇതിൽ പ്രധാനമാണ്. ആഗോള ഭീകരവാദത്തിനെതിരെ ഇന്റലിജൻസ് വിവരങ്ങൾ കൈമാറാനും അത്യാധുനിക സൈബർ ആക്രമണങ്ങളെ നേരിടാനും ഇരുരാജ്യങ്ങളും കൈകോർക്കും.
പതിറ്റാണ്ടുകളായി ചർച്ചകളിൽ മാത്രമായിരുന്ന സ്വതന്ത്ര വ്യാപാര കരാർ (FTA) ഈ ഉച്ചകോടിയോടെ യാഥാർത്ഥ്യമാകും. സെമികണ്ടക്ടർ, ക്ലീൻ എനർജി, ഫാർമസ്യൂട്ടിക്കൽസ് തുടങ്ങിയ മേഖലകളിൽ ഭാരതത്തിലേക്ക് വൻതോതിൽ നിക്ഷേപമെത്തും. ഇന്ത്യൻ പ്രൊഫഷണലുകൾക്കും വിദ്യാർത്ഥികൾക്കും യൂറോപ്പിലേക്കുള്ള യാത്രയും തൊഴിലും എളുപ്പമാക്കുന്ന ‘മൊബിലിറ്റി’ ഉടമ്പടി ഒപ്പുവെക്കും. റഷ്യ-ഉക്രെയ്ൻ യുദ്ധം നാലാം വർഷത്തിലേക്ക് കടക്കുമ്പോൾ, ഭാരതത്തിന്റെ തന്ത്രപരമായ നിലപാടിനെ തള്ളിക്കളയാൻ ആർക്കും കഴിയില്ലെന്ന് ഈ സന്ദർശനം തെളിയിക്കുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിൽ ഭാരതം വിശ്വഗുരു എന്ന പദവിയിലേക്ക് ഉയരുമ്പോൾ, പാശ്ചാത്യ രാജ്യങ്ങൾ ഭാരതത്തിന് പിന്നാലെ വരുന്നു എന്ന യാഥാർത്ഥ്യമാണ് ഈ ജനുവരിയിൽ ഡൽഹിയിൽ ദൃശ്യമാകുന്നത്.











Discussion about this post