ഗാസയിലെ യുദ്ധം അവസാനിപ്പിക്കാനെന്ന പേരിൽ അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് രൂപീകരിച്ച ‘ബോർഡ് ഓഫ് പീസ്’ സമിതിയിൽ അംഗമാകാനുള്ള പാകിസ്താന്റെ തീരുമാനം അയൽരാജ്യത്ത് വൻ രാഷ്ട്രീയ കൊടുങ്കാറ്റിന് തിരികൊളുത്തുന്നു. സ്വന്തം രാജ്യത്തെ ജനതാത്പര്യങ്ങളെയും ഫലസ്തീൻ നിലപാടുകളെയും തള്ളിക്കളഞ്ഞ് ട്രംപിൻ്റെ രാഷ്ട്രീയ കളിപ്പാവയായി പാകിസ്താൻ മാറുന്നു എന്ന ആരോപണമാണ് പ്രതിപക്ഷവും നയതന്ത്ര വിദഗ്ധരും ഉയർത്തുന്നത്. ട്രംപിന്റെ ക്ഷണത്തിന് പിന്നാലെ പാക് പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫ് കരാറിൽ ഒപ്പുവെക്കാൻ സന്നദ്ധത പ്രകടിപ്പിച്ചത് രാജ്യത്തിനകത്ത് വലിയ എതിർപ്പുകൾക്കാണ് വഴിവെച്ചിരിക്കുന്നത്.
ട്രംപിന്റെ ഈ ‘സമാധാന ബോർഡ്’ ഫലസ്തീൻ ജനതയുടെ സ്വയംഭരണാധികാരത്തിന് മേലുള്ള കടന്നുകയറ്റമാണെന്ന് പാകിസ്താൻ സെനറ്റിലെ പ്രതിപക്ഷ നേതാവ് അല്ലാമ രാജാ നാസിർ അബ്ബാസ് തുറന്നടിച്ചു. പുത്തൻ അധിനിവേശത്തിന്റെ അടയാളമാണ് ഈ നീക്കമെന്നും ഇതിലൂടെ ഫലസ്തീനികളുടെ ഭരണാധികാരം പുറത്തുനിന്നുള്ള ശക്തികളുടെ കൈകളിൽ അമരുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി. പാർലമെന്റിൽ ചർച്ച ചെയ്യാതെ ഇത്തരം ഗൗരവകരമായ തീരുമാനങ്ങൾ കൈക്കൊള്ളുന്ന സർക്കാർ നടപടിയിൽ മുസ്തഫ നവാസ് ഖോഖർ ഉൾപ്പെടെയുള്ള നേതാക്കൾ കടുത്ത പ്രതിഷേധം രേഖപ്പെടുത്തി. ഐക്യരാഷ്ട്രസഭയ്ക്ക് ബദലായി ഒരു സമാന്തര സംവിധാനം സൃഷ്ടിക്കാനുള്ള ട്രംപിന്റെ അജണ്ടയിൽ പാകിസ്താൻ ചെന്നുചാടുകയാണെന്ന് മുൻ നയതന്ത്രജ്ഞ മലീഹ ലോധി വിമർശിച്ചു.
അമേരിക്കയുടെ താളത്തിന് തുള്ളുന്ന പാക് നയതന്ത്രം തകർന്നടിയുന്ന സമ്പദ്‌വ്യവസ്ഥയ്ക്ക് മുന്നിൽ പിടിച്ചുനിൽക്കാനുള്ള കേവലം ഒരു അടവുമാത്രമാണെന്ന് വിലയിരുത്തപ്പെടുന്നു. ഒരു ബില്യൺ ഡോളർ അംഗത്വ ഫീസായി നൽകേണ്ടി വരുമെന്ന വ്യവസ്ഥയുള്ള സമിതിയിൽ, കടക്കെണിയിലായ പാകിസ്താൻ എന്തിനാണ് പണം ചെലവാക്കുന്നത് എന്ന ചോദ്യവും ഉയരുന്നുണ്ട്. സ്വന്തം പരമാധികാരം പണയം വെച്ച് വിദേശ ശക്തികളുടെ ‘ഗുഡ് ബുക്കിൽ’ ഇടം പിടിക്കാനുള്ള പാകിസ്താന്റെ ശ്രമം അന്താരാഷ്ട്ര തലത്തിൽ രാജ്യത്തെ കൂടുതൽ ഒറ്റപ്പെടുത്തുമെന്നാണ് വിലയിരുത്തപ്പെടുന്നത്
അതേസമയം, പാകിസ്താന്റെ ഈ ധൃതിപിടിച്ച നീക്കത്തെ ഭാരതം അതീവ ജാഗ്രതയോടെയാണ് വീക്ഷിക്കുന്നത്. പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും ട്രംപ് ക്ഷണം അയച്ചിട്ടുണ്ടെങ്കിലും, ആഗോള മര്യാദകളും സമാധാന തത്വങ്ങളും ഉറപ്പുവരുത്താതെ ഭാരതം യാതൊരു തീരുമാനവും എടുക്കില്ലെന്ന ഉറച്ച നിലപാടിലാണ് സർക്കാർ വൃത്തങ്ങൾ.











Discussion about this post