കമ്മ്യൂണിസ്റ്റ് കോട്ടകളിൽ വിള്ളൽ വീഴ്ത്തിക്കൊണ്ട് കൊല്ലം സിപിഎമ്മിൽ വീണ്ടും വൻ പൊട്ടിത്തെറി. സിപിഎം ജില്ലാ കമ്മിറ്റി അംഗവും മുൻ അഞ്ചൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമായ സുജ ചന്ദ്രബാബു പാർട്ടി വിട്ട് മുസ്ലിം ലീഗിൽ ചേർന്നു. 30 വർഷം നീണ്ട ചുവപ്പൻ ബന്ധം ഉപേക്ഷിച്ചാണ് സുജ ദേശീയതയുടെയും ജനാധിപത്യത്തിന്റെയും പാത സ്വീകരിച്ചത്. കൊല്ലം മുസ്ലിം ലീഗ് ജില്ലാ കമ്മിറ്റി ഓഫീസിൽ നടന്ന ചടങ്ങിൽ മുസ്ലിം ലീഗ് സംസ്ഥാന അധ്യക്ഷൻ പാണക്കാട് സാദിഖ് അലി ശിഹാബ് തങ്ങൾ സുജയെ ഷാൾ അണിയിച്ച് പാർട്ടിയിലേക്ക് സ്വീകരിച്ചു.
പാർട്ടിക്കുള്ളിലെ ഏകാധിപത്യ പ്രവണതകളിലും ജില്ലാ നേതൃത്വത്തിന്റെ അവഗണനയിലും പ്രതിഷേധിച്ചാണ് സുജയുടെ പടിയിറക്കം. സിപിഎം കൊട്ടിഘോഷിക്കുന്ന മതനിരപേക്ഷത വെറും പൊള്ളയാണെന്നും പാർട്ടിക്കുള്ളിൽ കടുത്ത വർഗീയ ചേരിതിരിവാണ് നിലനിൽക്കുന്നതെന്നും അവർ തുറന്നടിച്ചു. നേരത്തെ സിപിഎം വിട്ട മുൻ എംഎൽഎ ഐഷാ പോറ്റിയുടെ അതേ നിലപാടാണ് തനിക്കുമുള്ളതെന്ന് സുജ വ്യക്തമാക്കി. ഒരു വാഗ്ദാനവും മോഹിച്ചല്ല താൻ ലീഗിലേക്ക് വന്നതെന്നും എല്ലാവരെയും ഒരേപോലെ ഉൾക്കൊള്ളുന്ന പ്രസ്ഥാനമായതിനാലാണ് ലീഗ് തിരഞ്ഞെടുത്തതെന്നും അവർ കൂട്ടിച്ചേർത്തു.
കൊട്ടാരക്കരയിലെ വനിതാ നേതാവ് ഐഷാ പോറ്റി കോൺഗ്രസിൽ ചേർന്ന് ദിവസങ്ങൾക്കുള്ളിൽ മറ്റൊരു മുതിർന്ന നേതാവ് കൂടി പടിയിറങ്ങുന്നത് കൊല്ലം ജില്ലയിൽ സിപിഎമ്മിനെ അക്ഷരാർത്ഥത്തിൽ പ്രതിരോധത്തിലാക്കിയിരിക്കുകയാണ്. മഹിളാ അസോസിയേഷൻ സംസ്ഥാന എക്സിക്യൂട്ടീവ് അംഗം കൂടിയായിരുന്ന സുജയുടെ മാറ്റം തെക്കൻ കേരളത്തിൽ യുഡിഎഫിന് വലിയ കരുത്താകും. അഞ്ചൽ ഗ്രാമപഞ്ചായത്തിൽ മൂന്ന് തവണ പ്രസിഡന്റായിരുന്ന സുജയ്ക്ക് ജനങ്ങൾക്കിടയിലുള്ള സ്വാധീനം വരാനിരിക്കുന്ന തിരഞ്ഞെടുപ്പുകളിൽ ഇടത് മുന്നണിക്ക് വലിയ തിരിച്ചടിയാകുമെന്ന് രാഷ്ട്രീയ നിരീക്ഷകർ വിലയിരുത്തുന്നു. കമ്മ്യൂണിസ്റ്റ് പാർട്ടിയിലെ ഉൾപ്പോരും അഴിമതിയും മടുത്ത് കൂടുതൽ നേതാക്കൾ വരും ദിവസങ്ങളിൽ പാർട്ടി വിടുമെന്ന സൂചനകളാണ് ഇപ്പോൾ പുറത്തുവരുന്നത്.












Discussion about this post