ഇന്ത്യയിലെ ജനങ്ങളുടെ ആരോഗ്യ സുരക്ഷയിൽ വിട്ടുവീഴ്ചയില്ലെന്ന ശക്തമായ പ്രഖ്യാപനവുമായി കേന്ദ്ര ഡ്രഗ്‌സ് സ്റ്റാൻഡേർഡ് കൺട്രോൾ ഓർഗനൈസേഷൻ ഡിസംബർ മാസത്തെ ഡ്രഗ് അലർട്ട് റിപ്പോർട്ട് പ്രകാരം ഗുണനിലവാര പരിശോധനയിൽ പരാജയപ്പെട്ട 167 മരുന്നുകളുടെ സാമ്പിളുകൾ ‘നിലവാരമില്ലാത്തവ’ ആയി പ്രഖ്യാപിച്ചു. രാജ്യത്തെ ഔഷധ നിർമ്മാണ മേഖലയിൽ ഉയർന്ന നിലവാരം ഉറപ്പാക്കാനും ജനങ്ങളെ വ്യാജ മരുന്നുകളിൽ നിന്ന് സംരക്ഷിക്കാനും ലക്ഷ്യമിട്ടുള്ള നരേന്ദ്ര മോദി സർക്കാരിന്റെ കർശന നടപടികളുടെ ഭാഗമായാണ് ഈ നീക്കം.
കേന്ദ്ര-സംസ്ഥാന ഡ്രഗ് റെഗുലേറ്ററി അതോറിറ്റികൾ സംയുക്തമായി നടത്തിയ പരിശോധനയിലാണ് ഈ ക്രമക്കേടുകൾ കണ്ടെത്തിയത്. ഇതിൽ 74 സാമ്പിളുകൾ കേന്ദ്ര ഡ്രഗ്‌സ് ലബോറട്ടറികളും 93 എണ്ണം സംസ്ഥാന ലാബുകളുമാണ് ഗുണനിലവാരമില്ലാത്തതെന്ന് സാക്ഷ്യപ്പെടുത്തിയത്. നിശ്ചിത മാനദണ്ഡങ്ങളിൽ ഒന്നോ അതിലധികമോ പരാജയപ്പെട്ട ബാച്ചുകളെയാണ് പട്ടികയിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. എന്നാൽ ഒരു ബാച്ചിന്റെ പരാജയം ആ കമ്പനിയുടെ മറ്റ് ഉൽപ്പന്നങ്ങളെ ബാധിക്കില്ലെന്നും വിപണിയിലെ മറ്റ് മരുന്നുകൾ സുരക്ഷിതമാണെന്നും അധികൃതർ വ്യക്തമാക്കി. പരിശോധനകളും നടപടികളും സുതാര്യമാക്കുന്നതിന്റെ ഭാഗമായി ഈ പട്ടിക സിഡിഎസ്സിഒ പോർട്ടലിൽ പരസ്യപ്പെടുത്തിയിട്ടുണ്ട്.
അതേസമയം, രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നായി ഏഴോളം വ്യാജ മരുന്ന് സാമ്പിളുകളും കണ്ടെത്തിയിട്ടുണ്ട്. ഉത്തർപ്രദേശിലെ ഗാസിയാബാദ് (4), അഹമ്മദാബാദ് (1), ബിഹാർ (1), മഹാരാഷ്ട്ര (1) എന്നിവിടങ്ങളിൽ നിന്നാണ് ഇവ പിടികൂടിയത്. പ്രമുഖ കമ്പനികളുടെ ബ്രാൻഡ് നാമങ്ങൾ ദുരുപയോഗം ചെയ്ത് അംഗീകാരമില്ലാത്ത കമ്പനികളാണ് ഈ വ്യാജ മരുന്നുകൾ നിർമ്മിച്ചതെന്ന് കണ്ടെത്തിയിട്ടുണ്ട്. ഇത്തരക്കാർക്കെതിരെ ഡ്രഗ്‌സ് ആൻഡ് കോസ്മെറ്റിക്സ് ആക്ട് പ്രകാരം കടുത്ത ശിക്ഷാനടപടികൾ സ്വീകരിക്കുമെന്ന് കേന്ദ്രം മുന്നറിയിപ്പ് നൽകി. ഭാരതത്തെ ലോകത്തിന്റെ ഔഷധശാലയാക്കി മാറ്റുന്നതോടൊപ്പം തന്നെ ആഭ്യന്തര വിപണിയിൽ ലോകോത്തര നിലവാരം ഉറപ്പാക്കാൻ കേന്ദ്ര സർക്കാർ നടത്തുന്ന വിപ്ലവകരമായ മാറ്റങ്ങളുടെ തെളിവാണ് ഇത്തരം പതിവ് പരിശോധനകളെന്ന് ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി.











Discussion about this post