അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് പ്രഖ്യാപിച്ച ‘ബോർഡ് ഓഫ് പീസ്’ (Board of Peace) യാഥാർത്ഥ്യമായി. ഗാസയിലെ വെടിനിർത്തലും പുനർനിർമ്മാണവും ലക്ഷ്യമിട്ട് രൂപീകരിച്ച ഈ സമിതിയുടെ ഔദ്യോഗിക ചാർട്ടറിൽ 11 രാജ്യങ്ങൾ ഒപ്പുവെച്ചു. ദാവോസിൽ നടന്ന ചടങ്ങിൽ പാകിസ്താൻ പ്രധാനമന്ത്രി ഷെഹ്ബാസ് ഷരീഫ് അടക്കമുള്ളവർ പങ്കെടുത്തപ്പോൾ, ഭാരതം ക്ഷണക്കത്ത് ലഭിച്ചിട്ടും ചടങ്ങിൽ നിന്ന് വിട്ടുനിന്നു
ഇന്ത്യയെ കൂടാതെ, റഷ്യ, ഫ്രാൻസ്, ബ്രിട്ടൻ തുടങ്ങിയ സുരക്ഷാ കൗൺസിലിലെ സ്ഥിരാംഗങ്ങളൊന്നും ഈ സമിതിയിൽ അംഗമായിട്ടില്ല. ഭാരതത്തിന്റെ ദേശീയ താൽപ്പര്യങ്ങൾക്കും വിദേശനയത്തിനും വിരുദ്ധമായ രീതിയിൽ ഐക്യരാഷ്ട്രസഭയുടെ പ്രസക്തി കുറയ്ക്കുന്ന ഒരു സമാന്തര സംവിധാനത്തിന് പിന്തുണ നൽകേണ്ടതില്ലെന്നാണ് ഇന്ത്യയുടെ നയം.
കഴിഞ്ഞ മേയിൽ ഭാരതവും പാകിസ്താനും തമ്മിലുണ്ടായ സംഘർഷം അവസാനിപ്പിച്ചത് താനാണെന്ന ട്രംപിന്റെ വിചിത്രമായ വാദമാണ് ഇന്ത്യയെ ചൊടിപ്പിച്ച പ്രധാന ഘടകം. തന്റെ ഇടപെടൽ വഴി കോടിക്കണക്കിന് ജീവൻ രക്ഷിച്ചുവെന്ന് ട്രംപ് ആവർത്തിക്കുമ്പോഴും, ഇതിൽ ഒരു പങ്കുമില്ലെന്ന് ഭാരതം ആവർത്തിച്ചു വ്യക്തമാക്കിയിട്ടുണ്ട്. ഉഭയകക്ഷി ചർച്ചകളിലൂടെയാണ് സംഘർഷം അയഞ്ഞതെന്നിരിക്കെ, ട്രംപിന്റെ ‘രക്ഷകൻ’ ചമയൽ ഭാരതത്തിന്റെ പരമാധികാരത്തിന് മേലുള്ള കടന്നുകയറ്റമായാണ് വിലയിരുത്തപ്പെടുന്നത്. കൂടാതെ, ചൈനയ്ക്കും പാകിസ്താനും ഈ സമിതിയിൽ നൽകുന്ന അനാവശ്യ പ്രാധാന്യവും ഇന്ത്യ നിരീക്ഷിക്കുന്നുണ്ട്.
അമേരിക്കൻ സഹായത്തിനായി കാത്തുനിൽക്കുന്ന പാകിസ്താൻ, ട്രംപിന്റെ എല്ലാ പ്രഖ്യാപനങ്ങളെയും കണ്ണടച്ച് പിന്തുണയ്ക്കുകയാണ്. ചടങ്ങിൽ പങ്കെടുത്ത പാക് പ്രധാനമന്ത്രി ഷെഹ്ബാസ് ഷരീഫ് ട്രംപിനെ വാനോളം പുകഴ്ത്തി. അർജന്റീന, ഹംഗറി, ഇന്തോനേഷ്യ, തുർക്കി തുടങ്ങിയ രാജ്യങ്ങളാണ് ബോർഡ് ഓഫ് പീസിൽ അംഗങ്ങളായ മറ്റ് രാഷ്ട്രങ്ങൾ.










Discussion about this post