ശബരിമല സ്വർണക്കൊള്ളയിൽ കുറ്റക്കാരെ നിയമത്തിന് മുന്നിലെത്തിക്കുമെന്ന് ഉറപ്പ് നൽകി പ്രധാനമന്ത്രി നരേന്ദ്രമോദി. ശബരിമല സ്വർണ്ണക്കൊള്ള വിവാദത്തിൽ കടുത്ത വിമർശനമുന്നയിച്ച അദ്ദേഹം, വിശ്വാസികളുടെ വികാരം വ്രണപ്പെടുത്തിയവർക്കെതിരെ ശക്തമായ അന്വേഷണം ഉറപ്പാക്കുമെന്നും ഇത് ‘മോദി ഗ്യാരണ്ടി’യാണെന്നും വ്യക്തമാക്കി.
ശബരിമല വിഷയത്തിൽ സംസ്ഥാന സർക്കാരിനെതിരെ രൂക്ഷമായ ഭാഷയിലാണ് പ്രധാനമന്ത്രി ആഞ്ഞടിച്ചത്. അയ്യപ്പന്റെ മണ്ണിൽ സ്വർണ്ണക്കൊള്ള നടന്നത് അതീവ ഗുരുതരമായ കാര്യമാണെന്നും, ഹൈന്ദവ ആചാരങ്ങളെയും വിശ്വാസങ്ങളെയും തകർക്കാൻ ശ്രമിക്കുന്ന കമ്മ്യൂണിസ്റ്റ് ഭരണകൂടം ഇതിന് മറുപടി പറയേണ്ടി വരുമെന്നും അദ്ദേഹം പറഞ്ഞു. കോൺഗ്രസ് ഇപ്പോൾ മാവോയിസ്റ്റുകളേക്കാൾ കമ്മ്യൂണിസ്റ്റായും മുസ്ലിം ലീഗിനേക്കാൾ വർഗീയവാദികളായും മാറിയിരിക്കുകയാണെന്നും, കേരളത്തെ രക്ഷിക്കാൻ എൻഡിഎയുടെ ‘ഡബിൾ എഞ്ചിൻ’ സർക്കാരിന് മാത്രമേ കഴിയൂ എന്നും അദ്ദേഹം ഓർമ്മിപ്പിച്ചു. 25 വർഷത്തെ ദീർഘവീക്ഷണത്തോടെ കേരളത്തെ വികസിത സംസ്ഥാനമാക്കാൻ ബിജെപിക്ക് ജനങ്ങൾ ജനവിധി നൽകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
ഇടത്-വലത് മുന്നണികളുടെ അഴിമതി ഭരണത്തിന് അറുതി വരുത്തി ‘വികസിത കേരളം’ യാഥാർത്ഥ്യമാക്കാൻ ബിജെപിക്ക് വോട്ട് നൽകണമെന്ന് അദ്ദേഹം ആഹ്വാനം ചെയ്തു. തിരുവനന്തപുരം നഗരസഭയിൽ ബിജെപി നേടിയ ചരിത്ര വിജയം കേരളത്തിന്റെ വരാനിരിക്കുന്ന മാറ്റത്തിന്റെ തുടക്കമാണെന്നും, കേരളം മാറ്റത്തിനായി വെമ്പുകയാണെന്നും പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി. കേരളത്തെ മാറി മാറി ഭരിച്ച എൽഡിഎഫും യുഡിഎഫും ഒരേ അജണ്ടയുള്ള ഒരേ നാണയത്തിന്റെ രണ്ട് വശങ്ങളാണെന്ന് പ്രധാനമന്ത്രി കുറ്റപ്പെടുത്തി. “കൊള്ളയും അഴിമതിയും പ്രീണന രാഷ്ട്രീയവുമാണ് ഈ രണ്ട് മുന്നണികളുടെയും മുഖമുദ്ര. കഴിഞ്ഞ അഞ്ച് പതിറ്റാണ്ടായി അവർ കേരളത്തെ നശിപ്പിച്ചു. അഴിമതിയുടെ കാര്യത്തിൽ ഇവർ തമ്മിൽ അഡ്ജസ്റ്റ്‌മെന്റ് രാഷ്ട്രീയമാണ് നടക്കുന്നത്. എന്നാൽ കേരളം ഇപ്പോൾ ഒരു മൂന്നാം ബദൽ ആഗ്രഹിക്കുന്നു. അത് വികസനത്തിന്റെയും സദ്ഭരണത്തിന്റെയും ബിജെപി പക്ഷമാണ്,” അദ്ദേഹം പറഞ്ഞു. 45 വർഷത്തെ ഇടത് കോട്ട തകർത്ത് തിരുവനന്തപുരം കോർപ്പറേഷൻ ബിജെപി പിടിച്ചെടുത്തത് ചൂണ്ടിക്കാട്ടി, ഈ മാറ്റം സംസ്ഥാനമൊട്ടാകെ ആഞ്ഞടിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ ബിജെപി നയിക്കുന്ന എൻഡിഎ സർക്കാർ അധികാരത്തിൽ വരുന്നത് കേരളത്തിന്റെ ഭാവി നിശ്ചയിക്കുമെന്നും മോദി വ്യക്തമാക്കി.












Discussion about this post