മഹാരാഷ്ട്രയിലെ പാൽഘർ ജില്ലയിലെ കുന്നിൻചെരിവുകളിൽ കാറ്റടിക്കുമ്പോൾ അതിന് ഒരു പ്രത്യേക താളമുണ്ടെന്ന് അവിടുത്തെ ആദിവാസി ജനത വിശ്വസിക്കുന്നു. ആ താളത്തിന് രൂപം നൽകിയ ഒരാളുണ്ട്—ഭിക്ല ലഡാക്യ ദിൻഡ. 400 വർഷം പഴക്കമുള്ള ഒരു സംഗീത പാരമ്പര്യത്തിന്റെ അവസാനത്തെ കാവൽക്കാരനാണ് ഭിക്ല ലഡാക്യ . പാൽഘറിലെ ഉൾഗ്രാമങ്ങളിൽ നിന്ന് ഇന്ത്യയുടെ പരമോന്നത ബഹുമതികളിലൊന്നായ പത്മശ്രീയിലേക്ക് ഭിക്ല ലഡാക്യ ദിൻഡ എന്ന 92-കാരൻ നടന്നുകയറിയത് ഒരു കലാരൂപത്തെ തോളിലേറ്റിക്കൊണ്ടാണ്
ദാരിദ്ര്യം കൂടപ്പിറപ്പായ ഒരു ബാല്യമായിരുന്നു ഭിക്ലയുടേത്. വയറു നിറയ്ക്കാൻ വഴിയില്ലാത്തപ്പോഴും അവന്റെ മനസ്സ് നിറഞ്ഞത് മുത്തച്ഛൻ വായിക്കുന്ന താർപ്പയുടെ സംഗീതത്തിലായിരുന്നു. പത്താം വയസ്സിൽ ആദ്യമായി ആ മുളംകുഴൽ കയ്യിലെടുത്തപ്പോൾ ഭിക്ല അറിഞ്ഞിരുന്നില്ല, അത് തന്റെ ജീവിതത്തിന്റെ അവസാന ശ്വാസം വരെ കൂടെയുണ്ടാകുമെന്ന്. ദാരിദ്ര്യത്തിന്റെ കയ്പ്പും അവഗണനയുടെ നിശബ്ദതയും ജീവിതത്തെ വരിഞ്ഞുമുറുക്കിയിട്ടും തന്റെ ഗോത്രവർഗ്ഗ സംസ്കാരത്തിന്റെ ശ്വാസമായ ‘താർപ്പ’ ഉപേക്ഷിക്കാൻ അദ്ദേഹം തയ്യാറായിരുന്നില്ല. പത്താം വയസ്സിൽ കയ്യിലെടുത്ത ആ മുളംകുഴൽ, എട്ട് പതിറ്റാണ്ടുകൾക്കിപ്പുറം 92-ാം വയസ്സിലും അദ്ദേഹത്തിന്റെ ചുണ്ടുകളോട് ചേർന്നിരിക്കുന്നു.
ഉണങ്ങിയ ചുരയ്ക്ക മുളംതണ്ട്, തേനീച്ച മെഴുക് എന്നിവ ഉപയോഗിച്ച് നിർമ്മിക്കുന്ന ഒരു സുഷിര വാദ്യമാണ് താർപ്പ. ശരത്കാലത്തെ വിളവെടുപ്പ് ഉത്സവമായ ‘താർപ്പ നൃത്ത’ത്തിന്റെ അവിഭാജ്യ ഘടകമാണിത്. വട്ടത്തിൽ നൃത്തം ചെയ്യുന്ന ഗോത്രജനതയ്ക്ക് നടുവിൽ നിന്ന് താർപ്പ വായിക്കുന്ന കലാകാരൻ ഒരു ചാലകശക്തിയായി മാറുന്നു.
പലപ്പോഴും ഒരു നേരത്തെ ഭക്ഷണത്തിന് വകയില്ലാതെ ഭിക്ല വലഞ്ഞിട്ടുണ്ട്. കൃഷിപ്പണിയും കൂലിപ്പണിയും ചെയ്താണ് അദ്ദേഹം ജീവിതം തള്ളിനീക്കിയത്. തന്റെ കൂടെ താർപ്പ വായിച്ചിരുന്നവർ പലരും ജീവിതം കരുപ്പിടിപ്പിക്കാൻ നഗരങ്ങളിലേക്ക് ചേക്കേറുകയും ഈ കലയെ ഉപേക്ഷിക്കുകയും ചെയ്തു. എന്നാൽ ഭിക്ല ഉറച്ചുനിന്നു. അദ്ദേഹം പറഞ്ഞു: “എന്റെ കല മരിച്ചാൽ എന്റെ ഗോത്രത്തിന്റെ ആത്മാവ് മരിക്കും.”
വാർദ്ധക്യം തളർത്തിയെങ്കിലും ഭിക്ലയുടെ ശ്വാസത്തിന് ഇന്നും ഉറപ്പുണ്ട്. തന്റെ ഗ്രാമത്തിലെയും സമീപത്തെയും യുവാക്കളെ ഈ വിദ്യ പഠിപ്പിക്കാൻ അദ്ദേഹം സൗജന്യമായി സമയം കണ്ടെത്തി. ഒരു രൂപ പോലും പ്രതിഫലം വാങ്ങാതെ നൂറുകണക്കിന് ശിഷ്യരെ അദ്ദേഹം വാർത്തെടുത്തു. ഇന്ന് പാൽഘറിലെ കുന്നുകളിൽ താർപ്പയുടെ സംഗീതം ഇന്നും മുഴങ്ങുന്നുണ്ടെങ്കിൽ അതിന് കാരണം ഈ 92-കാരന്റെ ജീവിതത്തിനോടുള്ള, കലയോടുള്ള, തൻറെ ഗോത്രത്തിനോടുള്ള നിശ്ചയദാർഢ്യമാണ്.
റിപ്പബ്ലിക് ദിനത്തിൽ രാജ്യം ഭിക്ലയെ ആദരിക്കുമ്പോൾ അത് ലോകത്തിന് നൽകുന്ന സന്ദേശം ലളിതമാണ്. കല പണത്തിന് വേണ്ടിയല്ല, മറിച്ച് ഒരു ജനതയുടെ സ്വത്വത്തിന് വേണ്ടിയുള്ളതാണ്. അശരണരായ നായകന്മാർക്കായി രാജ്യം കരുതിവെച്ച പത്മശ്രീ പുരസ്കാരം ഭിക്ലയുടെ കയ്യിൽ എത്തുമ്പോൾ താർപ്പയുടെ ആദിമ സംഗീതം ഇന്ത്യയുടെ ഹൃദയത്തിൽ പുതിയൊരു രാഗമായി മാറുന്നു.













Discussion about this post