ഇറാൻ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമേനിയുടെ മകൻ മൊജ്തബ ഖമേനിയുടെ ആഗോള നിക്ഷേപ സാമ്രാജ്യത്തിന്റെ ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്ത്. ലണ്ടനിലെ അതിസമ്പന്നർ താമസിക്കുന്ന ‘ബില്യണയർ റോ’ എന്നറിയപ്പെടുന്ന ദ ബിഷപ്പ് അവന്യൂവിലെ ആഡംബര കൊട്ടാരങ്ങൾ മുതൽ യൂറോപ്പിലെ പഞ്ചനക്ഷത്ര ഹോട്ടലുകൾ വരെ നീളുന്നതാണ് ഈ രഹസ്യ ശൃംഖലയെന്ന് ബ്ലൂംബെർഗ് നടത്തിയ അന്വേഷണ റിപ്പോർട്ട് വ്യക്തമാക്കുന്നു. ഉപരോധങ്ങൾ നിലനിൽക്കെത്തന്നെ ബിനാമി പേരുകളിലൂടെയും ഷെൽ കമ്പനികളിലൂടെയും ശതകോടിക്കണക്കിന് ഡോളറാണ് മൊജ്തബ പാശ്ചാത്യ വിപണികളിലേക്ക് ഒഴുക്കിയത്.
ലണ്ടനിലെ ഏറ്റവും വിസ്തൃതമായ വസതികൾക്ക് പുറമെ ദുബായിലെ ‘ബെവർലി ഹിൽസ്’ എന്നറിയപ്പെടുന്ന മേഖലയിലെ വില്ലകളും ഫ്രാങ്ക്ഫർട്ടിലെ ഹിൽട്ടൺ ഉൾപ്പെടെയുള്ള ആഡംബര ഹോട്ടലുകളും ഖമേനിയുടെ മകന്റെ നിയന്ത്രണത്തിലാണെന്നാണ് സൂചന. എന്നാൽ ഒരിടത്തും ഇദ്ദേഹത്തിന്റെ പേര് നേരിട്ട് രേഖപ്പെടുത്തിയിട്ടില്ല. പകരം അലി അൻസാരി എന്ന ഇറാനിയൻ ബിസിനസുകാരന്റെ പേരിലാണ് ഭൂരിഭാഗം ഇടപാടുകളും നടന്നിരിക്കുന്നത്. ഇറാൻ മാൾ, അടുത്തിടെ തകർന്ന അയന്ദെ ബാങ്ക് എന്നിവയുടെ ഉടമയായ അൻസാരിയെ കഴിഞ്ഞ വർഷം ബ്രിട്ടൻ ഉപരോധ പട്ടികയിൽ ഉൾപ്പെടുത്തിയിരുന്നു. ഇറാനിലെ എണ്ണ വില്പനയിലൂടെ ലഭിക്കുന്ന തുകയാണ് ഈ നിക്ഷേപങ്ങൾക്കായി ഉപയോഗിക്കുന്നതെന്നും റിപ്പോർട്ട് പറയുന്നു.
ഇറാനിലെ ഈ അധികാര കേന്ദ്രത്തിന്റെ സാമ്പത്തിക രഹസ്യങ്ങൾ പുറത്തുവരുന്നത് ആഗോള രാഷ്ട്രീയത്തിൽ വലിയ ചർച്ചകൾക്ക് വഴിവെച്ചിട്ടുണ്ട്. ഇറാനിലെ ദരിദ്ര ജനതയ്ക്കും ഇസ്‌ലാം മതത്തിനും വേണ്ടി വിപ്ലവം നയിക്കുന്ന ഖമേനി കുടുംബം ലളിത ജീവിതമാണ് നയിക്കുന്നതെന്ന ഭരണകൂടത്തിന്റെ അവകാശവാദത്തിനാണ് ഇതോടെ തിരിച്ചടിയേറ്റത്. ഇറാനിൽ സാമ്പത്തിക പ്രതിസന്ധിയും പ്രതിഷേധങ്ങളും ആളിപ്പടരുന്ന സാഹചര്യത്തിൽ, ഭരണവർഗത്തിന്റെ മക്കൾ വിദേശത്ത് നടത്തുന്ന ആഡംബര നിക്ഷേപങ്ങൾ ജനങ്ങൾക്കിടയിൽ വലിയ പ്രതിഷേധത്തിന് കാരണമാകുന്നുണ്ട്.
അമേരിക്കയിൽ ഡൊണാൾഡ് ട്രംപ് വീണ്ടും അധികാരത്തിലെത്തിയതോടെ ഇറാനുമേൽ ഉപരോധങ്ങൾ കടുപ്പിച്ചിരിക്കുകയാണ്. ഇതിനിടെയാണ് 86-കാരനായ അലി ഖമേനിയുടെ പിൻഗാമിയായി ഉയർത്തിക്കാട്ടപ്പെടുന്ന 56-കാരനായ മൊജ്തബയുടെ സാമ്പത്തിക ഇടപാടുകൾ പുറത്തുവരുന്നത്. ബ്രിട്ടൻ, സ്വിറ്റ്സർലൻഡ്, ജർമ്മനി തുടങ്ങിയ രാജ്യങ്ങളിലെ ബാങ്ക് അക്കൗണ്ടുകൾ വഴിയാണ് പണം കൈമാറ്റം ചെയ്യപ്പെടുന്നത്.












Discussion about this post