2026 ടി20 ലോകകപ്പിൽ ഇന്ത്യയ്‌ക്കെതിരായ മത്സരം ബഹിഷ്‌കരിക്കാനുള്ള പാകിസ്ഥാൻ സർക്കാരിന്റെ തീരുമാനത്തോട് പ്രതികരിച്ച് പാക് നായകൻ സൽമാൻ അലി ആഗ രംഗത്തെത്തി. ലഹോറിൽ ഓസ്‌ട്രേലിയയ്‌ക്കെതിരായ പരമ്പര തൂത്തുവാരിയതിന് പിന്നാലെയാണ് താരം തന്റെ നിലപാട് വ്യക്തമാക്കിയത്.
ഇന്ത്യയുമായി കളിക്കില്ലെന്ന സർക്കാരിന്റെയും പാകിസ്ഥാൻ ക്രിക്കറ്റ് ബോർഡിന്റെയും തീരുമാനത്തിൽ കളിക്കാർക്ക് പങ്കില്ലെന്ന് സൽമാൻ ആഗ പറഞ്ഞു. “ഇന്ത്യയ്‌ക്കെതിരെ കളിക്കണ്ട എന്നത് ഞങ്ങളുടെ തീരുമാനമല്ല, അതിൽ ഞങ്ങൾക്ക് ഒന്നും ചെയ്യാനില്ല. സർക്കാരും പിസിബി ചീഫും എന്ത് നിർദ്ദേശിക്കുന്നുവോ അത് ഞങ്ങൾ പിന്തുടരും,” സൽമാൻ ആഗ മാധ്യമങ്ങളോട് പറഞ്ഞു.
ലീഗ് ഘട്ടത്തിലെ മത്സരത്തെക്കുറിച്ച് മാത്രമാണ് നിലവിൽ സർക്കാർ പ്രസ്താവന നടത്തിയിട്ടുള്ളത്. എന്നാൽ ടൂർണമെന്റിന്റെ നോക്കൗട്ട് ഘട്ടത്തിൽ ഇന്ത്യയെ നേരിടേണ്ടി വന്നാൽ എന്ത് ചെയ്യണമെന്ന കാര്യത്തിൽ ലഹോറിലെ കേന്ദ്രങ്ങളിൽ നിന്ന് ഇപ്പോഴും വ്യക്തത വന്നിട്ടില്ല.
എന്തായാലും ലോകകപ്പിൽ പാകിസ്ഥാന്റെ ‘തിരഞ്ഞെടുത്തുള്ള പങ്കാളിത്തം’ അംഗീകരിക്കാനാവില്ലെന്ന് അന്താരാഷ്ട്ര ക്രിക്കറ്റ് കൗൺസിൽ വ്യക്തമാക്കി. എല്ലാ യോഗ്യത നേടിയ ടീമുകളും ഒരേ നിബന്ധനകളോടെ മത്സരിക്കണമെന്നാണ് ആഗോള കായിക മാമാങ്കത്തിന്റെ അടിസ്ഥാനമെന്ന് ഐസിസി ഓർമ്മിപ്പിച്ചു. ഈ തീരുമാനം പാകിസ്ഥാൻ ക്രിക്കറ്റിന്റെയും ആഗോള ക്രിക്കറ്റ് വ്യവസ്ഥയുടെയും ഭാവിയെ ബാധിക്കുമെന്നും ആരാധകരുടെ താല്പര്യങ്ങൾക്ക് വിരുദ്ധമാണെന്നും ഐസിസി പ്രസ്താവനയിൽ പറഞ്ഞു.












