2026 ടി20 ലോകകപ്പിൽ ഇന്ത്യയ്‌ക്കെതിരായ മത്സരം ബഹിഷ്‌കരിക്കാനുള്ള പാകിസ്ഥാന്റെ തീരുമാനം ആത്മഹത്യാപരമാണെന്ന് വിലയിരുത്തി പ്രമുഖ പോർട്സ് ജേണലിസ്റ്റ് അഭിഷേക് ത്രിപാഠി. പാകിസ്ഥാൻ ക്രിക്കറ്റ് ബോർഡിനെ കാത്തിരിക്കുന്നത് കടുത്ത പ്രത്യാഘാതങ്ങളാണെന്ന് അദ്ദേഹം പറഞ്ഞു.
അഭിഷേക് ത്രിപാഠിയുടെ റിപ്പോർട്ട് പ്രകാരം പാകിസ്ഥാൻ നേരിടാൻ പോകുന്ന പ്രധാന ശിക്ഷാ നടപടികൾ ഇവയാണ്:
*ടൂർണമെന്റിൽ നിന്ന് പൂർണ്ണ വിലക്ക്: ഇന്ത്യയ്‌ക്കെതിരായ മത്സരം മാത്രം ബഹിഷ്‌കരിക്കാനാണ് പാകിസ്ഥാൻ ശ്രമിക്കുന്നതെങ്കിലും, ഐസിസി അവരെ ലോകകപ്പിൽ നിന്ന് തന്നെ പൂർണ്ണമായി പുറത്താക്കിയേക്കാം.
*വരുമാനം തടഞ്ഞുവെക്കും: ഐസിസിയിൽ നിന്ന് പാകിസ്ഥാന് ലഭിക്കേണ്ട വാർഷിക വരുമാന വിഹിതം (ഏകദേശം $34.5 ദശലക്ഷം) പൂർണ്ണമായും തടഞ്ഞുവെക്കും.
*നഷ്ടപരിഹാരം നൽകണം: ഇന്ത്യ-പാക് മത്സരം മുടങ്ങുന്നതുവഴി സംപ്രേക്ഷണാവകാശമുള്ള ജിയോ-സ്റ്റാറിന് ഉണ്ടാകുന്ന കോടിക്കണക്കിന് രൂപയുടെ നഷ്ടം പിസിബി നൽകേണ്ടി വരും.
*ഒറ്റപ്പെടൽ: മറ്റ് രാജ്യങ്ങൾ പാകിസ്ഥാനുമായി ഉഭയകക്ഷി പരമ്പരകൾ കളിക്കുന്നത് ഒഴിവാക്കും. ഇത് ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് പോയിന്റുകളെയും ഐസിസി റാങ്കിംഗിനെയും പ്രതികൂലമായി ബാധിക്കും.
*പിഎസ്എല്ലിന് തിരിച്ചടി: പാകിസ്ഥാൻ സൂപ്പർ ലീഗിൽ പങ്കെടുക്കുന്ന വിദേശ താരങ്ങൾക്ക് ഐസിസി വിലക്കേർപ്പെടുത്തും. ഇതോടെ ലീഗിന്റെ പ്രഭാവം മങ്ങുകയും സാമ്പത്തികമായി തകരുകയും ചെയ്യും.
ബഹിഷ്‌കരണം നടപ്പിലായാൽ പാകിസ്ഥാന് പകരം മറ്റൊരു ടീം ലോകകപ്പിൽ കളിക്കാൻ എത്തിയേക്കും. ഇന്ത്യ-പാക് മത്സരത്തിന് 10 സെക്കൻഡ് പരസ്യത്തിന് മാത്രം 25 മുതൽ 40 ലക്ഷം രൂപ വരെയാണ് നിരക്ക്. ഈ മത്സരം മുടങ്ങിയാൽ മാത്രം ഏകദേശം 200 കോടി രൂപയുടെ നഷ്ടമുണ്ടാകുമെന്നാണ് കണക്കാക്കുന്നത്.












