ന്യൂഡൽഹി : ലോക്സഭാ സ്പീക്കറോട് അപമര്യാദയായി പെരുമാറിയ 8 പ്രതിപക്ഷ എംപിമാർക്ക് സസ്പെൻഷൻ. സ്പീക്കർക്ക് നേരെ പേപ്പറുകൾ കീറി എറിഞ്ഞ് അധിക്ഷേപിച്ച എംപിമാരെയാണ് സസ്പെൻഡ് ചെയ്തിരിക്കുന്നത്. മാണിക്കം ടാഗോർ, ഗുർജീത് സിംഗ് ഔജ്‌ല, അമരീന്ദർ സിംഗ് രാജ വാറിംഗ്, കിരൺ കുമാർ റെഡ്ഡി, എസ് വെങ്കിടേശൻ, ഹൈബി ഈഡൻ, ഡീൻ കുര്യാക്കോസ്, പ്രശാന്ത് പഡോലെ എന്നിവരാണ് സസ്പെൻഡ് ചെയ്യപ്പെട്ടിട്ടുള്ളത്.
സസ്പെൻഡ് ചെയ്യപ്പെട്ട എംപിമാരിൽ ഏഴ് പേർ കോൺഗ്രസ് പാർട്ടിയിൽ നിന്നുള്ളവരും ഒരാൾ സിപിഎമ്മിൽ നിന്നുള്ളയാളുമാണ്. സ്പീക്കറോട് അപമര്യാദയായി പെരുമാറിയതുമായി ബന്ധപ്പെട്ട പ്രമേയം കേന്ദ്ര പാർലമെന്ററി കാര്യ മന്ത്രി കിരൺ റിജിജു അവതരിപ്പിച്ചതിന് ശേഷമാണ് എംപിമാർക്കെതിരെ നടപടി സ്വീകരിച്ചത്. കഴിഞ്ഞ ദിവസത്തിന് സമാനമായി മുൻ കരസേനാ മേധാവി ജനറൽ മനോജ് മുകുന്ദ് നരവാനെയുടെ പ്രസിദ്ധീകരിക്കാത്ത ഓർമ്മക്കുറിപ്പ് ഉദ്ധരിച്ച്, 2020 ലെ ഇന്ത്യ-ചൈന സംഘർഷത്തെക്കുറിച്ച് ലോക്സഭയിൽ രാഹുൽ ഗാന്ധി സംസാരിക്കാൻ ശ്രമിച്ചതിനെത്തുടർന്നാണ് ലോക്സഭയിൽ ബഹളം പൊട്ടിപ്പുറപ്പെട്ടത്.








