2026 ടി20 ലോകകപ്പിൽ ഇന്ത്യക്കെതിരായ മത്സരം ബഹിഷ്കരിക്കാനുള്ള പാകിസ്ഥാന്റെ തീരുമാനം അവരുടെ സെമി ഫൈനൽ സാധ്യതകളെ കടുത്ത പ്രതിസന്ധിയിലാക്കുന്നു. ലോകകപ്പിലെ ഗ്രൂപ്പ് ഘട്ടത്തിൽ ഇന്ത്യയുമായുള്ള മത്സരം വേണ്ടെന്നു വെക്കുന്നതോടെ പോയിന്റ് പട്ടികയിൽ മാത്രമല്ല, നെറ്റ് റൺ റേറ്റിലും പാകിസ്ഥാൻ വലിയ തിരിച്ചടി നേരിടും.
ഐസിസി നിയമപ്രകാരം (ക്ലോസ് 16.10.7), ഒരു ടീം മത്സരം ബഹിഷ്കരിച്ചാൽ അത് ‘ഫോർഫീറ്റ്’ ആയി കണക്കാക്കും. ഇതോടെ എതിർ ടീമായ ഇന്ത്യക്ക് രണ്ട് പോയിന്റ് ലഭിക്കും. എന്നാൽ പാകിസ്ഥാന്റെ കാര്യത്തിൽ, അവർ 20 ഓവർ കളിച്ചു എന്നും എന്നാൽ ഒരു റൺ പോലും നേടിയില്ല എന്നുമാണ് റൺ റേറ്റ് കണക്കാക്കുമ്പോൾ പരിഗണിക്കുക. ഇത് പാകിസ്ഥാന്റെ നെറ്റ് റൺ റേറ്റിനെ കുത്തനെ കുറയ്ക്കും. മറ്റ് മത്സരങ്ങളിൽ വലിയ വിജയം നേടിയാൽ മാത്രമേ ഈ തകർച്ചയിൽ നിന്ന് അവർക്ക് കരകയറാൻ സാധിക്കൂ.
ശ്രീലങ്കയിലെ കൊളംബോയിലാണ് പാകിസ്ഥാന്റെ മത്സരങ്ങൾ നടക്കുന്നത്. അവിടുത്തെ കാലാവസ്ഥ പ്രവചനാതീതമാണ്. അതിനാൽ തന്നെ മത്സരം നടക്കാതെ പോയിന്റ് പങ്കുവെക്കേണ്ട സാഹചര്യം ഉണ്ടായാൽ അത് പാകിസ്ഥാന് വമ്പൻ തിരിച്ചടി സമ്മാനിക്കും. ഇതിൽ അവർ ആദ്യം പേടിക്കുന്നത് നെതർലാൻഡ്സ് എതിരാളികളായി വരുന്ന ആദ്യ പോരാട്ടമാണ്. അന്നേ ദിവസം മഴക്ക് 70 ശതമാനത്തിൽ കൂടുതൽ സാധ്യതയുണ്ട്. ശേഷമുള്ള രണ്ട് മത്സരങ്ങളും നോക്കിയാൽ മഴക്ക് സാധ്യത കുറവാണ് എങ്കിലും ഒന്നും പറയാൻ പറ്റില്ല.
ഇന്ത്യയോട് കളിക്കാതിരിക്കാനുള്ള പാകിസ്ഥാന്റെ തീരുമാനത്തെത്തുടർന്ന്, ശേഷിക്കുന്ന മത്സരങ്ങളിൽ അവരുടെ നെറ്റ് റൺ റേറ്റ് നിയന്ത്രിക്കുക എന്നതായിരിക്കും അവരുടെ ഏറ്റവും വലിയ ആശങ്ക. മഴയുടെ പ്രവചനാതീതമായ സ്വഭാവം ആ ദൗത്യത്തെ കൂടുതൽ ബുദ്ധിമുട്ടാക്കിയേക്കാം.












