അഫ്ഗാനെതിരായ ആദ്യ ടി20 മത്സരത്തിൽ സഞ്ജു സാംസൺ പരാജയപ്പെട്ടതിന് പിന്നാലെ താരത്തിന്റെ ബാറ്റിംഗ് പ്രകടനത്തെയും ഫോമിനെയും കുറിച്ച് വിമർശനവുമായി മുൻ സൺറൈസേഴ്സ് ഹൈദരാബാദ് താരം തിരുമലസെട്ടി സുമൻ രംഗത്ത്. ആദ്യ മത്സരത്തിൽ അഭിഷേക് ശർമ്മയുടെ തകർപ്പൻ പ്രകടനത്തിന്റെ കരുത്തിൽ ഇന്ത്യ ഏഴ് വിക്കറ്റിന്റെ അനായാസ വിജയം സ്വന്തമാക്കിയെങ്കിലും, ഓപ്പണിംഗ് സ്ഥാനത്ത് സഞ്ജുവിന് തിളങ്ങാൻ കഴിഞ്ഞിരുന്നില്ല. എട്ട് പന്തുകൾ നേരിട്ട് വെറും പത്ത് റൺസ് മാത്രം നേടാനായ സഞ്ജുവിന്റെ പ്രകടനം വീണ്ടും ചോദ്യചിഹ്നമായിരിക്കുകയാണ്.
കഴിഞ്ഞ ടി20 ലോകകപ്പിലെ ഇന്ത്യയുടെ വിജയത്തിൽ സഞ്ജു വഹിച്ച പങ്ക് വളരെ വലുതാണെന്നും ടൂർണമെന്റിലെ താരമായി അദ്ദേഹം മാറിയെന്നും സുമൻ പ്രശംസിച്ചു. നിർണ്ണായകമായ ക്വാർട്ടർ ഫൈനൽ, സെമി ഫൈനൽ, ഫൈനൽ മത്സരങ്ങളിൽ മികച്ച പ്രകടനം കാഴ്ചവെക്കാൻ അദ്ദേഹത്തിന് കഴിഞ്ഞിരുന്നു. എന്നാൽ 2025-ന് ശേഷമുള്ള സഞ്ജുവിന്റെ മൊത്തത്തിലുള്ള കണക്കുകൾ ആശങ്കാജനകമാണെന്നാണ് സുമന്റെ വിലയിരുത്തൽ. ലോകകപ്പിലെ ആ മൂന്ന് മത്സരങ്ങൾ മാറ്റിനിർത്തിയാൽ, കഴിഞ്ഞ കുറേക്കാലമായി സഞ്ജുവിന് അന്താരാഷ്ട്ര ടി20 മത്സരങ്ങളിൽ സ്ഥിരതയാർന്ന പ്രകടനം കാഴ്ചവെക്കാൻ കഴിഞ്ഞിട്ടില്ലെന്ന് അദ്ദേഹം ചൂണ്ടിക്കാണിക്കുന്നു.
സഞ്ജുവിന്റെ പ്രതിഭയിൽ സംശയമില്ലെങ്കിലും സ്ഥിരതയില്ലായ്മയാണ് അദ്ദേഹത്തിന്റെ കരിയറിലെ പ്രധാന തിരിച്ചടിയെന്ന് സുമൻ അഭിപ്രായപ്പെട്ടു. ടീമിൽ കടുത്ത മത്സരമാണ് നിലവിലുള്ളതെന്നും, യുവതാരം വൈഭവ് സൂര്യവംശി അവസത്തിനായി പുറത്ത് കാത്തുനിൽക്കുന്നുണ്ടെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു. ലോകകപ്പ് ഫൈനൽ പോലുള്ള വലിയ മത്സരങ്ങളിലെ സമ്മർദ്ദം അതിജീവിക്കാൻ സഞ്ജുവിന് കഴിഞ്ഞിട്ടുണ്ടെങ്കിലും, ഇപ്പോൾ ടീമിലെ തന്റെ സ്ഥാനം നിലനിർത്താനുള്ള കടുത്ത സമ്മർദ്ദത്തെ അദ്ദേഹത്തിന് എങ്ങനെ നേരിടാൻ കഴിയുമെന്നത് കണ്ടറിയേണ്ടതുണ്ടെന്നും സുമൻ വ്യക്തമാക്കി. വലിയ മത്സരങ്ങളിലെ തിളക്കം മാത്രമല്ല, എല്ലാ മത്സരങ്ങളിലും റൺസ് കണ്ടെത്തേണ്ടത് ഒരു താരത്തിന് നിലനിൽപ്പിനായി അത്യന്താപേക്ഷിതമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.












