ശ്രീനഗർ : ജമ്മു കശ്മീരിലെ കിഷ്ത്വാറിൽ സുരക്ഷാസേനയും ഭീകരരും തമ്മിൽ ഏറ്റുമുട്ടൽ. കിഷ്ത്വാർ ജില്ലയിലെ ഛത്രു പ്രദേശത്ത് ആണ് ഏറ്റുമുട്ടൽ നടന്നത്. ഏറ്റുമുട്ടലിൽ ഒരു ഭീകരൻ കൊല്ലപ്പെട്ടു. തീവ്രവാദികളുടെ സാന്നിധ്യത്തെക്കുറിച്ച് പ്രത്യേക രഹസ്യ വിവരം ലഭിച്ചതിനെത്തുടർന്ന് സുരക്ഷാ സേന പ്രദേശത്ത് തിരച്ചിൽ നടത്തിയതായും ഇത് വെടിവയ്പ്പിലേക്ക് നയിച്ചതായും സൈന്യം വ്യക്തമാക്കി. ജമ്മു കശ്മീർ പോലീസും സിആർപിഎഫും ചേർന്ന് നടത്തിയ ഓപ്പറേഷനിൽ ഒരു തീവ്രവാദിയെ വിജയകരമായി വധിച്ചുവെന്നും സൈന്യം അറിയിച്ചു.
രണ്ട് പാരാ സ്പെഷ്യൽ ഫോഴ്‌സ് യൂണിറ്റുകൾ ഉൾപ്പെടെ സുരക്ഷാ സേനയുടെ സംയുക്ത സംഘങ്ങളാണ് ഓപ്പറേഷൻ നടത്തുന്നത്. പ്രദേശം മുഴുവൻ വളഞ്ഞിരിക്കുകയാണ്. സൈനികർ ഇന്ന് വൈകുന്നേരം 5:45 ഓടെ കിഷ്ത്വാറിലെ ദിച്ചാറിലെ പൊതു പ്രദേശത്ത് നടന്നുകൊണ്ടിരിക്കുന്ന സംയുക്ത ഓപ്പറേഷൻ ട്രാഷി-1 ൽ ഒളിച്ചിരിക്കുന്ന തീവ്രവാദികളെ കണ്ടെത്തുകയായിരുന്നു. നേരത്തെ ജമ്മുകശ്മീരിലെ ഉധംപൂരിലെ വനമേഖലയിൽ നടന്ന മറ്റൊരു ഓപ്പറേഷനിൽ രണ്ട് ഭീകരരെ സൈന്യം വധിച്ചിരുന്നു.








