ബംഗ്ലാദേശിൽ പ്രതിരോധ സംരംഭത്തിനുള്ള പദ്ധതികളുമായി ചെെനയെന്ന് വിവരം. ചിറ്റഗോംഗിലെ മിർസറായിൽ സൈനിക ഡ്രോണുകൾ നിർമ്മിക്കാനുള്ള ഫാക്ടറി സ്ഥാപിക്കാൻ ബംഗ്ലാദേശും ചൈനയും തമ്മിൽ കരാറൊപ്പിട്ടു. ബംഗ്ലാദേശ് എയർഫോഴ്സും ചൈനീസ് പ്രതിരോധ കമ്പനിയായ ‘സിഇടിസി’യും (CETC) തമ്മിലാണ് ഇതുസംബന്ധിച്ച കരാറിൽ ജനുവരി അവസാനം ഒപ്പുവെച്ചത്.
2015-ലെ ധാരണാപത്രം അനുസരിച്ച് ഇന്ത്യൻ വ്യവസായ മേഖലയ്ക്കായി (Special Economic Zone) മാറ്റിവെച്ച 900 ഏക്കറോളം വരുന്ന ഭൂമിയിലാണ് ഇപ്പോൾ ഈ സൈനിക കേന്ദ്രം വരുന്നത്. 2026-ന്റെ തുടക്കത്തിൽ ബംഗ്ലാദേശ് ഈ ഭൂമി തിരിച്ചെടുക്കുകയായിരുന്നു.
മധ്യദൂര ഡ്രോണുകളും (MALE) കുത്തനെ പറന്നുയരാൻ കഴിയുന്ന ഡ്രോണുകളും (VTOL) നിർമ്മിക്കാനാണ് പദ്ധതി ലക്ഷ്യമിടുന്നത്. ചൈന വെറും സാങ്കേതിക വിദ്യ മാത്രമല്ല കൈമാറുന്നത്, മറിച്ച് ബംഗ്ലാദേശ് സേനയുടെ പ്രതിരോധ മേഖലയിൽ ആഴത്തിലുള്ള സ്വാധീനമുറപ്പിക്കുക കൂടിയാണ്. സമുദ്ര സുരക്ഷയ്ക്കും ദുരന്തനിവാരണത്തിനുമെന്ന പേരിലാണ് ഈ പദ്ധതി അവതരിപ്പിക്കപ്പെടുന്നതെങ്കിലും, ചൈനീസ് റഡാറുകളും സോഫ്റ്റ്‌വെയറുകളും ഭാരതത്തിന്റെ അതിർത്തിക്കടുത്ത് വിന്യസിക്കപ്പെടുന്നത് സംശയമുളവാക്കുന്നുണ്ട്.









