ഇന്ത്യ തങ്ങളെ ഭീഷണിപ്പെടുത്തുന്നുവെന്നും (Bullying) ക്രിക്കറ്റിൽ ആധിപത്യം സ്ഥാപിക്കാൻ ശ്രമിക്കുന്നുവെന്നുമുള്ള പാകിസ്താന്റെ നിരന്തരമായ പരാതികൾക്ക് തക്ക മറുപടിയുമായി ക്രിക്കറ്റ് ഇതിഹാസം സുനിൽ ഗവാസ്കർ. പാകിസ്താൻ ക്രിക്കറ്റ് ബോർഡും അവിടുത്തെ മുൻ താരങ്ങളും ഉന്നയിക്കുന്ന ആരോപണങ്ങളിലെ പൊള്ളത്തരമാണ് ഗവാസ്കർ ഇപ്പോൾ തുറന്നുകാട്ടിയിരിക്കുന്നത്. ഇന്ത്യ എല്ലായ്പ്പോഴും പാകിസ്താനെ ക്ഷണിക്കണമെന്നും കളിക്കാൻ മുൻകൈ എടുക്കണമെന്നുമാണ് അവർ ആഗ്രഹിക്കുന്നത്, എന്നാൽ ഒരിക്കൽ പോലും അവർ ഭാരതത്തെ മാന്യമായി ക്ഷണിക്കാനോ സഹകരിക്കാനോ തയ്യാറായിട്ടില്ലെന്ന് ഗവാസ്കർ ആഞ്ഞടിച്ചു.
ടി20 ലോകകപ്പിൽ നിന്ന് ഇന്ത്യയുമായുള്ള മത്സരം ബഹിഷ്കരിക്കുമെന്ന പാകിസ്താന്റെ പ്രഖ്യാപനത്തിന് പിന്നാലെയാണ് ഗവാസ്കറുടെ ഈ പ്രതികരണം. “പാകിസ്താൻ എപ്പോഴും ഇരവാദം (Victim card) കളിക്കുകയാണ്. ബിസിസിഐ തങ്ങളെ ഒതുക്കുന്നു എന്നാണ് അവരുടെ പരാതി. എന്നാൽ സത്യം എന്താണ്? അവർക്ക് എപ്പോഴും ഭാരതത്തിൽ വന്ന് കളിക്കണം, കാരണം ഇവിടെ നിന്ന് ലഭിക്കുന്ന വരുമാനം അത്ര വലുതാണ്. പക്ഷേ, ഒരു ഉഭയകക്ഷി പരമ്പരയ്ക്കായി ഭാരതത്തെ ക്ഷണിക്കാനോ അനുകൂലമായ സാഹചര്യം ഒരുക്കാനോ അവർ തയ്യാറാകുന്നില്ല. ഭാരതം എപ്പോഴും വിട്ടുവീഴ്ചകൾ ചെയ്യണം എന്ന വാശി അംഗീകരിക്കാനാവില്ല,” ഗവാസ്കർ വ്യക്തമാക്കി.
ഇന്ത്യ പാകിസ്താനിലേക്ക് പോയി കളിക്കാത്തത് സുരക്ഷാ കാരണങ്ങൾ മുൻനിർത്തിയാണെന്നും അതിൽ രാഷ്ട്രീയം കാണേണ്ടതില്ലെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു. ലോക ക്രിക്കറ്റിലെ സാമ്പത്തിക ശക്തിയായ ഭാരതത്തെ ഭീഷണിപ്പെടുത്തുന്നവർ എന്ന് വിളിക്കുന്നത് പാകിസ്താന്റെ ഇരട്ടത്താപ്പാണ്. ഇന്ത്യ നൽകുന്ന വരുമാനം കൊണ്ടാണ് ഐസിസി പോലും നിലനിൽക്കുന്നത്. ആ വരുമാനത്തിന്റെ വിഹിതം പറ്റുന്ന പാകിസ്താൻ തന്നെ ഇന്ത്യക്കെതിരെ തിരിയുന്നത് നന്ദികേടാണെന്നും സോഷ്യൽ മീഡിയയിൽ ആരാധകർ കുറിക്കുന്നു. പാകിസ്താൻ ഉയർത്തുന്ന ബുള്ളിയിംഗ് വാദങ്ങൾ വെറും പബ്ലിസിറ്റി സ്റ്റണ്ട് മാത്രമാണെന്നും ഗവാസ്കർ നിരീക്ഷിച്ചു.
അടുത്തിടെ ചാമ്പ്യൻസ് ട്രോഫി വിഷയത്തിലും സമാനമായ തർക്കങ്ങൾ നിലനിന്നിരുന്നു. ഇന്ത്യ പാകിസ്താനിലേക്ക് വരാത്തതിനെ തുടർന്ന് ഹൈബ്രിഡ് മോഡലിൽ മത്സരം നടത്താനുള്ള നിർദ്ദേശത്തെ പാകിസ്താൻ എതിർത്തിരുന്നു. ഇതിന്റെ തുടർച്ചയായാണ് ഇപ്പോൾ ലോകകപ്പ് ബഹിഷ്കരണ ഭീഷണി വരെ എത്തിനിൽക്കുന്നത്.








