ഇസ്ലാമാബാദ് : ഓപ്പറേഷൻ സിന്ദൂറിൽ ഇന്ത്യൻ സൈന്യം നശിപ്പിച്ച പാകിസ്താനിലെ ബൊളാരി വ്യോമതാവളം ഒരു ഇടവേളയ്ക്കുശേഷം വീണ്ടും വാർത്തകളിൽ ഇടം പിടിച്ചിരിക്കുകയാണ്. 9 മാസങ്ങൾക്ക് ശേഷം ബൊളാരി വ്യോമതാവളം നന്നാക്കാൻ ആരംഭിച്ചിരിക്കുകയാണ് പാകിസ്താൻ. വ്യോമതാവളത്തിലെ തകർന്ന വിമാന ഹാംഗർ പാകിസ്താൻ നന്നാക്കാൻ തുടങ്ങിയതിന്റെ ഉപഗ്രഹ ചിത്രങ്ങൾ പുറത്തുവന്നു. 2025 മെയ് മാസത്തിൽ നടന്ന ഓപ്പറേഷൻ സിന്ദൂരിനിടെ ഈ ഹാംഗറിന് വലിയ രീതിയിലുള്ള കേടുപാടുകൾ സംഭവിച്ചിരുന്നു.
ബൊളാരി വ്യോമതാവളത്തിന് നേരെയുണ്ടായ ആക്രമണത്തിൽ പാകിസ്ഥാൻ വ്യോമസേനയുടെ ഒരു സാബ്-2000 എറിഐ എയർബോൺ ഏർലി വാണിംഗ് ആൻഡ് കൺട്രോൾ വിമാനം തകർന്നതായി ഇന്ത്യൻ വ്യോമസേന നേരത്തെ അറിയിച്ചിരുന്നു. ഇപ്പോൾ വ്യോമതാവളത്തിൽ തൊഴിലാളികൾ ഹാംഗറിന്റെ തകർന്ന മേൽക്കൂര നീക്കം ചെയ്യുകയും പുനർനിർമ്മാണത്തിനായി ഘടന തയ്യാറാക്കുകയും ചെയ്യുന്നതായി സമീപകാല ചിത്രങ്ങൾ വ്യക്തമാക്കുന്നു. ഹാംഗറിന്റെ മേൽക്കൂരയുടെ വലിയൊരു ഭാഗം നഷ്ടപ്പെട്ടതായാണ് പുതിയ ഉപഗ്രഹ ചിത്രങ്ങൾ കാണിക്കുന്നത്. ജനുവരി 28 ന് അമേരിക്കൻ കമ്പനിയായ വെന്റർ എടുത്ത ഉപഗ്രഹ ചിത്രങ്ങളിലാണ് പുതിയ ദൃശ്യങ്ങൾ വ്യക്തമായിട്ടുള്ളത്.








