ലഖ്‌നൗ : തീവ്രവാദ ബന്ധത്തിന് അറസ്റ്റിലായ പ്രതി ജയിലിൽ വച്ച് കൊല്ലപ്പെട്ടു. രാമക്ഷേത്രത്തിൽ ബോംബ് വയ്ക്കാൻ ഗൂഢാലോചന നടത്തിയ കേസിൽ അറസ്റ്റിലായ തീവ്രവാദി അബ്ദുൾ റഹ്മാൻ ആണ് കൊല്ലപ്പെട്ടത്. ഫരീദാബാദിലെ നീംക ജയിലിൽ വെച്ചാണ് സംഭവം നടന്നത്. സഹ തടവുകാരൻ കുത്തിക്കൊലപ്പെടുത്തുകയായിരുന്നു.
തീവ്രവാദ ബന്ധത്തെ കുറിച്ചുള്ള വിവരം ലഭിച്ചതിനെ തുടർന്ന് അന്വേഷണ ഏജൻസികൾ നടത്തിയ പരിശോധനയിൽ അബ്ദുൽ റഹ്മാന്റെ കൈവശം നിന്നും ഗ്രനേഡും ഡിറ്റണേറ്ററും ഉൾപ്പെടെയുള്ളവ പിടിച്ചെടുത്തിരുന്നു. സോഷ്യൽ മീഡിയയിൽ തീവ്രവാദ വീഡിയോകൾ കണ്ടാണ് ഇയാൾ തീവ്രവാദത്തിലേക്ക് തിരിഞ്ഞതെന്നാണ് പോലീസ് വ്യക്തമാക്കുന്നത്. പാകിസ്താൻ നമ്പറിൽ രജിസ്റ്റർ ചെയ്ത ഒരു ടെലിഗ്രാം ഐഡിയിൽ നിന്നാണ് ഇയാൾക്ക് നിർദ്ദേശങ്ങൾ ലഭിച്ചിരുന്നത്.
അയോധ്യ രാമക്ഷേത്രം ആക്രമിക്കാൻ ഈ സംഘം ഗൂഢാലോചന നടത്തിയിരുന്നതായി അന്വേഷണത്തിൽ കണ്ടെത്തി. കഴിഞ്ഞ വർഷം മാർച്ച് 2 ന് ബൻസ് റോഡ് പാലിയിൽ നിന്ന് പൽവാൾ എസ്ടിഎഫും ഗുജറാത്ത് എടിഎസും ചേർന്നാണ് അബ്ദുൾ റഹ്മാനെ അറസ്റ്റ് ചെയ്തത്. തിങ്കളാഴ്ച പുലർച്ചെ രണ്ട് മണിയോടെ സഹതടവുകാരനായ അരുൺ ചൗധരി മൂർച്ചയുള്ള ആയുധം ഉപയോഗിച്ച് ആക്രമിച്ച് കൊലപ്പെടുത്തുകയായിരുന്നു.








